ലൈഫ് മിഷൻ; സിബിഐ അന്വേഷണത്തിന് സ്‌റ്റേ

7952

കൊച്ചി : വടക്കാഞ്ചേരി  ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിന് താത്ക്കാലിക സ്റ്റേ. രണ്ട് മാസത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ നല്‍കിയത്. അന്വേഷണം സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഹർജി അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലൈഫ് മിഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി ജി അരുണിന്‍റെ ഉത്തരവ്.

ലൈഫ് മിഷൻ ഇടപാടിൽ വിദേശ സംഭാവനാ ചട്ടത്തിന്‍റെ (എഫ് സി  ആർ എ) ലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കേസിൽ എഫ് സി ആർ എ നിലനിൽക്കില്ലെന്നു സർക്കാർ വാദിച്ചു. ഇതു പരിഗണിച്ചാണ് അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ യൂണിടാക്കിനെതിരായ അന്വേഷണവും സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികള്‍ക്കെതിരായ അന്വേഷണവും സി ബി ഐക്ക് തുടരാമെന്നും ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. എഫ് സി ആര്‍ എയുടെ പരിധിയില്‍ വരില്ല എന്ന സര്‍ക്കാര്‍ വാദം തത്കാലം അംഗീകരിക്കാതിരുന്ന കോടതി ഇക്കാര്യത്തില്‍ വിശദമായ വാദം വേണമെന്നും ചൂണ്ടിക്കാട്ടി.

ഹർജികളിൽ വിശദമായി വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി. കോൺസുലേറ്റിന്‍റെ പണം യൂണിടാക്ക് വാങ്ങിയതിൽ സർക്കാരിന് പങ്കില്ല. ലൈഫ്‌മിഷന്  വിദേശത്തു നിന്നും പണം ലഭിച്ചിട്ടില്ലെന്നും എഫ് സി ആര്‍എ പരിധിയിൽ വരില്ലെന്നും സർക്കാർ വാദിച്ചു.