മഴയുടെ സംഹാരതാണ്ഡവം മഹാദുരന്തമായി

237

ഉണ്ണികൃഷ്ണൻ പറവൂർ

2018 ലെ ആഗസ്റ്റ് 15, രാജ്യം സ്വാതന്ത്രത്തിൻറെ നേടിയതിൻറെ 72 മത് പുലർവെളിച്ചത്തിലേക്ക് മെല്ലെ കണ്ണുതുറക്കുന്ന ആഘോഷത്തിന് മുൻപേ മലയാളനാട് മഹാപ്രളയത്താൽ ഒറ്റപെട്ടു തുടങ്ങി. മലകളിടിഞ്ഞും ഡാമുകൾ തുറന്നും പുഴകൾ നിറഞ്ഞും കുലംകുത്തി സമതല പ്രദേശങ്ങളിലേക്ക് പുഴ ഒഴുകിയെത്തിയപ്പോൾ കേരളത്തിലെ ഓരോ വീടുകളും ഓരോ തുരുത്തുകളായി മാറിക്കഴിഞ്ഞു. ചരിത്രത്തിൻറെ തനിയാവർത്തനം 2019 ആഗസ്റ്റ് നെ വീണ്ടും വിഴുങ്ങുന്ന പ്രതീതിയിലാണ്. മലപ്പുറവും വയനാടും വടക്കൻ കേരളവും അശാന്തിയുടെ നാളുകൾ നൽകിക്കഴിഞ്ഞു, തുടർന്നുവരുന്ന ദിവസങ്ങളിൽ മധ്യകേരളവും തെക്കൻ കേരളവും കടുത്ത പ്രളയഭീഷണിയിലേക്ക. മഴയുടെ സംഹാരതാണ്ഡവം മഹാദുരന്തമായി കേരളത്തിൻറെ അഹന്തയ്ക്കുമേൽ തീമഴയായ് പെയ്തിറങ്ങുമെന്നു കടുത്ത സൂചനകൾ വന്നുകൊണ്ടിരിക്കുന്നു . കാലാവസ്ഥ പ്രവചന വകുപ്പിനെ അവഗണിച്ചുകൊണ്ട് ജൂൺ ജൂലൈ മാസങ്ങളിൽ കാലവർഷം നമ്മേ വിട്ടുനിന്നപ്പോൾ വരൾച്ചയുടെ ഭീതിതകാലം മലയാളിയെ വല്ലാതെ ഭയപ്പെടുത്തി . പക്ഷെ വെറും നാലോഅഞ്ചോ ദിവസത്തെ മഴകൊണ്ട് നാം കെട്ടിപ്പൊക്കിയ സർവ്വ സൗധങ്ങളും തലകിഴ് മറിഞ്ഞു കഴിഞ്ഞിരിക്കുന്നു. 2018 ൽ 33 ൽ പരം ഡാമുകൾ തുറന്ന് വിടേണ്ടിവന്നു. പക്ഷെ ഇത്തവണ ഒറ്റഡാമും തുറക്കാതെ തന്നെ കാര്യങ്ങൾ 2018 അനുസ്മരിപ്പിച്ചു. ഈ പേമാരിയിലും 30 ശതമാനം ജലമേ സംഭരിക്കാനായുള്ളു എന്നവാസ്തവം തിരിച്ചറിയേണ്ടതുണ്ട് . നാലോഅഞ്ചോ ദിവസത്തെ മഴകൊണ്ട് തകർക്കപ്പെടാവുന്നതാണ് “ദൈവത്തിൻറെ സ്വന്തം നാട് ” എന്ന മറ്റൊരു സത്യവും വരും നാളുകളിൽ നമ്മേ അലോസരപ്പെടുത്തും .

താളുകൾ പിറകോട്ടു മറിക്കുമ്പോൾ ഇതുപോലൊന്ന് ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലിൽ ഉണ്ടായിരുന്നു. കൊല്ലവർഷം 99 ലെ പ്രളയമെന്ന് പഴമക്കാർ ഓർമ്മിച്ചെടുക്കുന്ന പ്രളയത്തിൽ നിന്നു മഹാപ്രളയങ്ങളുടെ അന്തരത്തെ വിലയിരുത്തുമ്പോൾ ഏകദേശം ഒരു നൂറ്റാണ്ടിൻറെ അന്തരം മാത്രം. കൊല്ലവർഷം 99 ലെ പ്രളയത്തിൽ നിന്നും ഒരുപാടു ദുരന്തങ്ങൾ കൂടുതൽ സമ്മാനിച്ചാണ് 2018 ലെ പ്രളയം നമ്മെ കടന്നുപോയത്. 1924 ലെ പ്രളയത്തിൽ ഒരു ലക്ഷത്തിലേറെ ആളുകൾ മുന്ന് ജില്ലകളിൽ നിന്നായി മരണത്തിന് കിഴടങ്ങിയെങ്കിൽ ഏകദേശം 500 ളം ജീവഹാനി മാത്രമേ 2018 പ്രളയത്തിൽ കേരളത്തിൽ നിന്നാകെ ഉണ്ടായുള്ളൂ. പക്ഷെ 40000 കോടി രൂപയുടെ സാമ്പത്തിക നഷ്ട്ടം പലതരത്തിൽ കേരളം സഹിക്കേണ്ടിവന്നു. 99 ൽ ഒരു പായയും ചുരുട്ടി ഉയരമുള്ളയിടത്തേക്ക് നീന്തി കയറാൻ കഴിഞ്ഞവർ പ്രളയത്തെ സാഹസികമായി അതിജീവിച്ചർ തന്നെ. വാർത്താവിനിമയ സംവിധാനങ്ങളുടെ ഇല്ലായ്മയിൽ തീർത്തും നിസഹായരായ നമ്മുടെ പൂർവികരുടെ ഗതികേടുകൾ ഇന്നത്തെ തലമുറയ്ക്ക് അനുഭവിക്കേണ്ടി വന്നില്ലായെന്നത് നമ്മുടെ ദുരന്തത്തിൻറെ തോത് കുറക്കാൻ കഴിഞ്ഞു. ഇന്നത്തെ പോലെ ഉയർന്ന സാങ്കേതിക നിലവാരമുള്ള ദുരിതാശ്വാസ പ്രവർത്തനത്തിന് അന്ന് സാധിച്ചിരിക്കാൻ ഇടയില്ലാത്തുകൊണ്ട് കൊല്ലപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലായിരുന്നു.

99 ൽ മുന്നാറിൽ പെയ്തുകൂട്ടിയ ശക്തമായ മഴയാണ് പ്രളയത്തിന് കാരണമായത് , തികച്ചും യാദൃച്ഛികമായി മാട്ടുപ്പെട്ടി ഭാഗത്തു മണ്ണിടിഞ്ഞും മരങ്ങളാടിഞ്ഞും രൂപം കൊണ്ട ഡാമിന് സമാനമായ കേട്ട് ശക്തമായ മഴയിൽ പൊട്ടി മുതിരപ്പുഴയിലൂടെ മൂന്നാർ ടൗണിനെ നിശ്ശേഷം തകർത്ത ജലം പിന്നീട് കുതിച്ചെത്തി പെരിയാറിൻറെ തീരങ്ങളെ തകർത്തുകൊണ്ട് പടിഞ്ഞാറോട്ട് കുതിക്കുകയായിരുന്നു. പ്രളയ ജലത്തെ സ്വികരിക്കാൻ മടികാണിച്ച അറബിക്കടൽ അതിശക്തമായ തിരമാലകളാൽ തിരിച്ചടിച്ചപ്പോൾ പ്രളയജലം ഉയർന്നുപൊങ്ങി എറണാകുളം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളെ മുക്കിക്കളഞ്ഞു . രണ്ടാഴ്ചയോളം നിലനിന്ന പ്രളയം കഴിഞ്ഞപ്പോൾ ഇന്നത്തേതുപോലുള്ള വീടുകൾക്ക് പകരം പനമ്പുകൊണ്ടും ഓലകൊണ്ടും കെട്ടിയുണ്ടാക്കിയ കൂരകൾ മാത്രമുണ്ടായിരുന്ന സ്ഥലത്തു മൺകൂനകൾ മാത്രം . ജീവനോപാധികൾ ഒന്നും അവശേഷിച്ചിരുന്നില്ല, മനുഷ്യരും കന്നുകാലികളും കൂടിക്കലർന്ന ജഡങ്ങളുടെ പ്രളയത്തെ നിഷ്ക്കാമമായി അറബിക്കടൽ ഏറ്റുവാങ്ങിയെന്നത് യാഥാർഥ്യം തന്നെയായിരുന്നു.

കൊല്ലവർഷം 99 ലെ പ്രളയകാലത്തു കേരളത്തിൽ ഒരേഒരു മുല്ലപെരിയാർ അണകെട്ട് മാത്രം ഉണ്ടായിരുന്നു, ഇന്ന് പശ്ചിമഘട്ട മലനിരകളിൽ ഡാമുകളുടെ എണ്ണം 44 , അതിൽ 33 എണ്ണവും ഈ പ്രളയകാലത്തു തുറക്കേണ്ടിവന്നു എന്നത് അതിവർഷത്തിൻറെ തോത് വ്യക്തമാക്കുന്നു. മിക്കവാറും ഡാമുകളുമെല്ലാം ഒരുമാസത്തോളം തുറന്നുവച്ചിട്ടാണ് ജലത്തിൻറെ നില നിയന്ദ്രിക്കാനായത് . പ്രകൃതിയ്ക്ക് അതിൻറെതായ ചലനനിയമങ്ങളുണ്ട്, അവ സ്വയം നിർണയിക്കുമ്പോൾ, ദുരന്തങ്ങൾ മഴയായും, കാറ്റായും, സുനാമിയായും ചിലപ്പോൾ വരൾച്ചയായും സമൂഹത്തിന് മേൽ പതിക്കുമ്പോൾ മനുഷ്യന് നിസ്സഹായാനാകാനേ നിവൃത്തിയുള്ളു .

ഒരു മഴദിവസത്തെ കണക്കാക്കാൻ മുന്ന് സെന്റിമീറ്റർ മഴയാണ് അളവുകോലായി പരിഗണിക്കുന്നത്. ശരാശരി 15 സെന്റിമീറ്റർ മഴയിൽ കൂടുതൽ ഉണ്ടായാൽ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾ പൊട്ടലും സാധാരണമാണ്. 2018 ഏറ്റവും കൂടിയ മഴ മലപ്പുറം ജില്ലയിലായിരുന്നു, 39 .9 സെന്റിമീറ്റർ. ഇത്തവണയും മഴയുടെ തോത് പഴയതുതന്നെ. പശ്ചിമ ഘട്ടമലനിരകളിൽ 33 സെന്റിമീറ്റർ മഴയും തുടർച്ചയായി പെയ്തുകൊണ്ടിരുന്നു. മലയിടുക്കുകളിൽ സംഭവിക്കാൻ സാധ്യതയുള്ള മേഘവിസ്ഫോടനങ്ങൾ എത്രയുണ്ടായെന്നു ഒരുക്കണക്കും ഇല്ലതാനും. 99 ലെ മുന്നാർ മഴയ്ക്ക് തുല്യമായ അളവിൽ കേരളം മുഴുവൻ മഴപെയ്തു എന്ന് സാരം. ഓഗസ്റ്റ് 9 മുതൽ ഇടുക്കി മേഖലയിൽ 25 സെന്റിമീറ്റർ നിലവാരത്തിൽ മഴ പെയ്തിരുന്നു. എല്ലാ ഡാമുകളുടെയും സ്ഥിതി ഏറെക്കുറെ ഇങ്ങിനെ. മലയോരജില്ലകളിൽ ഉരുൾപൊട്ടൽ നിത്യസംഭവമായി. വെള്ളപൊക്കം താഴെ മേഖലകളിൽ എത്തുന്നതിനുമുന്പേ മലയോരം തകർന്നു കഴിഞ്ഞു. വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ട്ടപെട്ടതുപോലെ കൂടുതൽപേർ മലയിടിഞ്ഞു മരിക്കാനിടയായി. ജൂൺ ,ജൂലൈ മാസങ്ങളിലെ മഴകൊണ്ടുതന്നെ ഡാമുകളിലെ ജലനിരപ്പ് മുൻവർഷങ്ങളെ ക്കാൾ ഉയർന്നിരുന്നു. ഇടുക്കി ഡാമിനെ സംബന്ധിച്ചിടത്തോളം 80 ശതമാനത്തിലധികം ജലം സംഭരിക്കാൻ കഴിയുകയെന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. പക്ഷെ കാര്യങ്ങൾ പെട്ടെന്ന് മാറുകയായിരുന്നു. 23 വർഷങ്ങൾക്കുശേഷം ഇടുക്കി അണക്കെട്ട് ആദ്യമായി തുറന്നു , ചെറുതോണി പട്ടണത്തെ തകർത്തുകൊണ്ട് ജനവാസ കേന്ദ്രങ്ങളായി മാറിയ പഴയ പെരിയാറിലൂടെ, നേര്യമംഗലം പുഴയിലൂടെ ഭൂതത്താൻ കെട്ടിൽ എത്തിച്ചർന്ന ജലം, ഇടമലയാറിലെ വെള്ളവുമായി കൂടിച്ചേർന്നു പെരിയാറിൽ പ്രവേശിച്ചാൽ പിന്നെയത് ചരിത്രം തന്നെ.

2019 ഓഗസ്റ്റ് 15 ന് പ്രളയത്തിൻറെ ഒന്നാം വാർഷികമാണ് . കഴിഞ്ഞ വർഷത്തെ അതിവർഷത്തിൽ നിന്നും ഈ വർഷം ജലവിതാനത്തിൻറെ തോത് അമ്പരിപ്പിക്കുന്നതാണ്. ഇടുക്കി ഡാമിനെ സംബന്ധിച്ചിടത്തോളം ഇത്രയൊക്കെയായിട്ടും 40 ശതമാനം ജലം മാത്രമേ സംഭരിക്കാനേ കഴിഞ്ഞുള്ളു, അതായത് 50 അടി ജലക്കുറവാണ് നേരിടുന്നത്. സമാനമായി മറ്റു ഡാമുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ടുറിസം മേഖല കഴിഞ്ഞ വർഷം മുതൽ കോമയിലാണ്. ഈ മേഖലയുടെ നട്ടെല്ല് എന്നുപറയുന്ന മൂന്നാർ പ്രളയത്തിന് ശേഷം ഇതുവരെ നടുനിവർത്താൻ കഴിയാത്ത അവസ്ഥയിലാണ്. രാജമല , മറയൂർ, കാന്തല്ലൂർ, ചിന്നാർ മേഖലയെ മൂന്നാറുമായി ബന്ധിപ്പിക്കുന്ന ബ്രിട്ടിഷുകാർ പണിത ” പെരിയവരെ ” പാലം തകർന്നുകിടക്കുകയാണ്. ഡാമിൽ നിന്നും ഒഴുക്കിവിട്ട വെള്ളമല്ല പാലത്തെ തകർത്തുവിട്ടത്, മലമുകളിൽ നിന്നും കുതിച്ചെത്തിയ വെള്ളം പാലത്തിൻറെ അടിത്തറ തകർത്തുകൊണ്ട് മറിച്ചിട്ടിരിക്കുകയാണ്. അതുപോലെ തന്നെയാണ് മുന്നാറിന്റെ തെക്കുഭാഗം , ദേവികുളം മേഖല തകർന്നു തരിപ്പണമായി കിടക്കുകയാണ്. കൊച്ചി – ധനുഷ്കോടി ഹൈവേ നേര്യമംഗലം മുതൽ പൂപ്പാറവരെ മലയിടിഞ്ഞു സ്വാഭാവികമായ യാത്ര സൗകര്യം നഷ്ട്ടമായിരിക്കുന്നതിനിടയിൽ കഴിഞ്ഞയാഴ്ച ഗാപ് റോഡിൽ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചിരിക്കുകയാണ്. ഇതെല്ലാം ഡാമുകളുടെ തുറന്നുവിടലുകളുമായി ബന്ധമില്ലാത്ത അതിവർഷത്തിൻറെ ദുരന്തങ്ങളാണ്. ദേവികുളം സമുദ്രനിരപ്പിൽ നിന്നും മുവ്വായിരം അടിക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന സ്ഥലമായിട്ടുപോലും ചില ജനവാസ കേന്ദ്രങ്ങളിൽ കഴുത്തറ്റം വരെ വെള്ളപ്പൊക്കം ഉണ്ടായിരുന്നു. കനത്ത നാശനഷ്ടം, ജീവഹാനി എന്നിവയുണ്ടായി. പ്രളയം താഴ്ന്ന സ്ഥലവാസികൾക്ക് മാത്രമല്ല അനുഭവപ്പെട്ടത്, മലയോരങ്ങളിൽ വീട് തന്നെ പ്രളയശേഷം ഉണ്ടായിരുന്നില്ല. ആധുനിക കേരള ചരിത്രത്തിൽ ഇതിലും വലിയൊരു ദുരന്തത്തെ നാം അഭിമുഖികരിച്ചിട്ടില്ല .