സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

75

തിരുവനന്തപുരം: ജാഗ്രത പാലിക്കണം,സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.20 സെ. മി.ല്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുളള ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിതീവ്ര മഴ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയിലേക്കു നയിക്കുമെന്നതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നത്. താലൂക്ക്തലങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറക്കും. മുന്നറിയിപ്പ് പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയസാധ്യതയുള്ളതും കഴിഞ്ഞ പ്രളയത്തില്‍ മുങ്ങിപ്പോയതുമായ പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

വ്യാഴാഴ്ച വടക്ക്പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 4050 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.