മഴ മുന്നറിയിപ്പ്: കേരളം ജാഗ്രതയിൽ

29139

കൊച്ചി: കേരളത്തിലെ മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നു. വിവിധ വകുപ്പ് മേധാവികളും പൊലീസ്, ഫയർഫോഴ്സ്, മേധാവിമാമർ കെഎസ്ഇബി ചെയർമാൻ, കാലാവസ്ഥാ–ദുരന്ത നിനവാരണ വിദഗ്ധർ വിവിധ ജില്ലാകളക്ടർമാർ തുടങ്ങിയവർ പങ്കെടുത്ത യോഗം പൊതുജനങ്ങൾക്കായി മാർഗ നിർദ്ദേശങ്ങൾ നൽകി. ശക്തമായ മഴെയ തുടർന്നുള്ള ഏത് സാഹചര്യവും നേരിടാൻ സംസ്ഥാന തയ്യാറെടുക്കുകയാണ്. പൊലീസിനും ഫയർഫോഴ്സിനും ആവശ്യമായ നി‍ർദ്ദേശം നൽകി. ആവശ്യമെങ്കിൽ സിവിൽ ഡിഫൻസ് ഓഫീസർമാരെ വിന്യസിക്കാനും നി‍ർദ്ദേശം നൽകി

കനത്ത മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ. ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലൂടെയുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ച കളക്ടർ, മഴ മുന്നറിയിപ്പ് മാറുന്നതുവരെ മണ്ണെടുപ്പ്, ഖനനം എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായും അറിയിച്ചു.

മഴ മാറും വരെ തോട്ടം മേഖലയിലുള്ള തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിലും താൽക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലും ഉദ്യോഗസ്ഥർ നിർബന്ധമായും ഡ്യൂട്ടിക്ക് എത്തണം എന്നും ജില്ലാ കളക്ടര്‍ നിർദ്ദേശിച്ചു. എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറക്കാൻ ജില്ലാ കളക്ടർ ഷീബ ജോർജ് നിർദ്ദേശം നൽകി.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ജാഗ്രതാനിർദ്ദേശം നൽകി. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കാനും നിർദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായിരിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാർ ജില്ലാ കളക്ടർമാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പർക്കം പുലർത്തും. ജെസിബി, ബോട്ടുകൾ, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ തയ്യാറാക്കി വെയ്ക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

തീരപ്രദേശങ്ങളിൽ സുരക്ഷാ ബോട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ തീരദേശ പൊലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശമേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കടലോര ജാഗ്രതാ സമിതിയുടെ സേവനം വിനിയോഗിക്കും. മണ്ണിടിച്ചിൽ പോലെയുള്ള അപകടങ്ങൾ സംഭവിക്കാനിടയുള്ള സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. അവശ്യഘട്ടങ്ങളിൽ പൊലീസിന്‍റെ എല്ലാ വിഭാഗങ്ങളുടെയും സേവനം പൊതുജനങ്ങൾക്ക് താമസം വിനാ ലഭ്യമാക്കാൻ യൂണിറ്റ് മേധാവിമാർ നടപടി സ്വീകരിക്കും.

പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ വാർത്താവിനിമയബന്ധം തടസ്സപ്പെടാതിരിക്കാൻ ടെലികമ്യൂണിക്കേഷൻ വിഭാഗം എസ് പി നടപടിയെടുക്കും. പൊലീസ് വിന്യാസത്തിന്‍റെ ചുമതലയുള്ള നോഡൽ ഓഫീസറായി സായുധ പൊലീസ് ബറ്റാലിയൻ വിഭാഗം എഡിജിപി കെ പത്മകുമാറിനെയും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാക്കറെയെയും നിയോഗിച്ചിട്ടുണ്ട്.

1077 എന്ന ടോൾ ഫ്രീ നമ്പറിൽ പൊതുജനങ്ങൾക്ക് 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. രാപ്പകൽ ഭേദമന്യേ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ജില്ലാ, താലൂക്ക് അടിസ്ഥാനത്തിലും തുറക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തിലും പ്രത്യേക കണ്ട്രോൾ റൂം സജ്ജമാക്കും. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് നിരീക്ഷിക്കുന്നതിനായി കോർപ്പറേഷനിൽ പ്രത്യേക കണ്ട്രോൾ റൂം പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ആലപ്പുഴ ജില്ലയിലെ വലിയ പമ്പുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്താൻ നിർദേശം നൽകി. ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവർത്തനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകി.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം പൊതുജനങ്ങൾക്കായി മാർഗ നിർദേശങ്ങൾ മുന്നോട്ടവെച്ചു

ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ പുഴകളിലും മറ്റു ജലാശയങ്ങളിലും ഇറങ്ങരുത്

കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം.

ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാവണം.

കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുണ്ട്. ശ്രദ്ധയിൽ പെട്ടാൽ ഉടനെ കെഎസ്ഇബിയുടെ 1912 എന്ന കണ്ട്രോൾ റൂം നമ്പറിൽ അറിയിക്കുക.

അതിരാവിലെ പുറത്തിറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈനുകൾ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.

ശബരിമല തീർത്ഥാടകർ മഴ മുന്നറിയിപ്പ് കൂടി പരിശോധിച്ച് ആവശ്യമായ ജാഗ്രതയോടെ ആയിരിക്കണം.
രാത്രി യാത്രകളും ജലശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം.

മലയോര മേഖലകളിലേക്കുള്ളവർ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം
വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം.

അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകാൻ പാടില്ല

മഴ മുൻകരുതൽ:

ബോണക്കാട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളെ മാറ്റി പാർപ്പിക്കും. വിതുര സർക്കാർ ഹയർ സെക്കന്‍ററി സ്കൂളിൽ ക്യാമ്പ് തുറക്കും. റവന്യൂ ഉദ്യോഗസ്ഥർ രണ്ട് കെഎസ്ആർടിസി ബസുകളുമായി ബോണക്കാട്ടേക്ക് തിരിച്ചു.

കൊല്ലം തീരത്ത് മൂന്ന് ദിവസത്തേക്ക് മൽസ്യബന്ധന നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ രാത്രിയാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 7 മുതൽ രാവിലെ 7 വരെ അത്യാവശ യാത്രകൾ മാത്രമേ പാടുള്ളു. മലയോര മേഖലകളിലേയും വെള്ളച്ചാട്ടങ്ങളിലെയും വിനോദ സഞ്ചാരത്തിനും നിയന്ത്രണമുണ്ട്. താലൂക്ക് ഓഫീസുകളിൽ കൺട്രോൾ റൂം തുറന്നു.