സർവേ നടത്താതെ സിൽവർ ലൈനിന് 955 ഹെക്ടർ ഭൂമി വേണമെന്ന് എങ്ങനെ മനസിലായെന്ന് ഹൈക്കോടതി

8132

കൊച്ചി: സിൽവർ ലൈൻ പദ്ധതിക്കായി സര്‍വേ നടത്താതെ 955 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നത് എങ്ങനെയെന്ന് ഹൈക്കോടതി. സിൽവർ ലൈൻ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം നഷ്ടപ്പെടുന്ന നാല് ഭൂവുടമകൾ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ചോദ്യം ഉന്നയിച്ചത്. ശരിയായ സര്‍വേ നടത്താതെ ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങള്‍ എങ്ങനെയാണ് ലഭിച്ചതെന്നും കോടതി സർക്കാർ അഭിഭാഷകനോട് ആരാഞ്ഞു.

സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സംസ്ഥാന സർക്കാർ വിജ്ഞാപനം നിയമവിരുദ്ധമെന്നും ഹർജിക്കാർ ആരോപിച്ചു. കേന്ദ്ര അനുമതിയില്ലാതെ റെയിൽവെ പദ്ധതികൾക്കായി സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കെ റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനാണെന്നും ഹർജിയിൽ പറയുന്നു. സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കുള്ള വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.