കൊല്ലം ജില്ലയില്‍ എച്ച്-വൺ-എൻ-വൺ പനി പടരുന്നു;ഒരാഴ്ച്ചയ്ക്കിടെ രണ്ടു കുട്ടികള്‍ മരിച്ചു

53

കൊല്ലം: ജില്ലയില്‍ എച്ച്-വൺ-എൻ-വൺ പനി പടരുന്നു. രോഗം ബാധിച്ച് ഒരാഴ്ച്ചയ്ക്കിടെ രണ്ടു കുട്ടികള്‍ മരിച്ചു. രോഗലക്ഷണമുള്ള അമ്പതോളം പേര്‍ നിരീക്ഷണത്തിലാണ്. വൈറസും മഴയുളള കാലാവസ്ഥയും രോഗം കൂടുതല്‍ പടരാൻ കാരണമാണ്. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ ജനങ്ങള്‍ മുൻകരുതലെടുക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

അതിനിടെ, തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം നെടുമ്പന സ്വദേശിയായ ഒന്നരവയസുകാരനും കൊട്ടിയം സ്വദേശിയായ നാലാം ക്ലാസുകാരിയുമാണ് മരിച്ചത്. ജില്ലയില്‍ അ‍ഞ്ചു പേര്‍ക്ക് കൂടി എച്ച്-വണ്‍-എന്‍-വണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയതിനാല്‍ രോഗബാധിതരുടെ എണ്ണം കൂടുതലായി കണ്ടെത്തുകയാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

പനി,തൊണ്ടവേദന, മൂക്കൊലിപ്പ്, ശ്വാസ തടസ്സം, ഛര്‍ദ്ദി എന്നിവയുള്ളവര്‍ എത്രയും വേഗം ആശുപത്രിയില്‍ ചികില്‍സ തേടണം. ജലദോഷപ്പനി വന്നാല്‍ ചികിത്സ തേടുകയും വിശ്രമം എടുക്കുകയും വേണം. രോഗ പ്രതിരോധത്തിനാവശ്യമായ ഗുളികകള്‍ സ്റ്റോക്കുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ബോധവത്ക്കരണം നടത്തുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.