തിരുവനന്തപുരത്തു ഗുണ്ടാ ആക്രമണം. രണ്ടു യുവാക്കളെ വെട്ടിക്കൊന്നു

4435

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ രണ്ട് യുവാക്കൾ ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടു . സജീവ ഡിവൈഎഫ്ഐ പ്രവർത്തകരാണ് മരണപ്പെട്ടത്. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് ഞായറാഴ്ച അർദ്ധരാത്രി 12.30ഓടെ ഗുണ്ടാസംഘം വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരേയും തേമ്പാമൂട് വെച്ച് തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിന്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മിതിലാജിനെ വീട്ടില്‍ കൊണ്ടുവിടാന്‍ പോയതായിരുന്നു ഹഖ് മുഹമ്മദ്. ഗുരുതരമായി വെട്ടേറ്റ മിതിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ ഹഖിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. മിതിലാജിന്റെ നെഞ്ചിലാണ് അക്രമികള്‍ കുത്തിയത്. ഹഖ് മുഹമ്മദിനെ ഒന്നിലേറെ തവണ വെട്ടിയാണ് കൊലപ്പെടുത്തിയത്.

സംഭവത്തിൽ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു . അക്രമികളെത്തിയ ബൈക്കും വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു . പിടിയിലായ മൂന്ന് പേരിൽ ഒരാൾ കസ്റ്റഡിയിലെടുത്ത ബൈക്കിന്റെ ഉടമയാണ്.

ദൃക്‌സാക്ഷികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. രണ്ടു ബൈക്കുകളിലായിട്ടാണ് അക്രമികള്‍ എത്തിയത്. സംഭവത്തില്‍ അക്രമിസംഘത്തിലുണ്ടായിരുന്നത് ആറ് പേരായിരുന്നുവെന്ന് വിവരമുണ്ട്. ബൈക്കിലെത്തി കൊല നടത്തിയ ശേഷം ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് കാറിലാണ് രക്ഷപ്പെട്ടത്. അക്രമം നടത്തിയതിന് സമീപമുള്ള സിസിടിവി ക്യാമറയും അക്രമികള്‍ തിരിച്ചു വെച്ചുവെന്നുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് പ്രദേശികമായുണ്ടായ കോൺഗ്രസ്-സിപിഎം തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് ശേഷം പിന്നീട് നിരവധി തവണ ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. കഴിഞ്ഞദിവസം ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. കേസിൽ കോൺഗ്രസ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതികളും ഇന്നലത്തെ കൊലപാതകത്തില്‍ ഉൾപ്പെട്ടതായാണ് പൊലീസ് പറയുന്നത്. പ്രദേശിക കോൺഗ്രസ് നേതാവായ സജീവ് എന്നയാളുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകിയതായി സൂചനയുണ്ട്

തിരുവോണദിനത്തിൽ വെഞ്ഞാറമൂട്ടിലെ രണ്ട് സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകരെ അരുംകൊല ചെയ്തതിലൂടെ കോൺഗ്രസിൻ്റെ കൊലപാതക രാഷ്ട്രീയം തുറന്നുകാട്ടപ്പെട്ടിരിക്കയാണ്. എന്ന് സിപിഎം പിബി അംഗം രാമചന്ദ്രൻപിള്ള പറഞ്ഞു . കോൺഗ്രസ് കേരള രാഷ്ട്രീയത്തിൽ തികച്ചും ഒറ്റപ്പെട്ടതോടെയാണ് കൊലപാതക രാഷ്ട്രീയം അഴിച്ചുവിട്ടിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് കായംകുളത്ത് സിപിഐ എം പ്രവർത്തകൻ സിയാദിനെ കൊല ചെയ്യാൻ കൂട്ടുനിന്നത് കോൺഗ്രസ് നേതാക്കളാണ്. അതിന് പിന്നാലെയാണ് ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ കോൺഗ്രസ് ക്രിമിനലുകൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. തികച്ചും അപലപനീയമായ ഈ ഇരട്ടക്കൊലപാതകത്തിനെതിരെ പ്രതിഷേധിക്കാൻ എല്ലാ ജനാധിപത്യവിശ്വാസികളും രംഗത്തുവരണമെന്ന് എസ് ആർ രാമചന്ദ്രൻപിള്ള ആവശ്യപ്പെട്ടു