പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വിലക്ക്: വ്യാപക പ്രതിഷേധം

4075

മനാമ: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനും കേന്ദ്ര വിലക്ക്. വിദേശ രാജ്യങ്ങളില്‍ നിന്നും യാത്രാ വിമാന സര്‍വീസ് നിര്‍ത്തലാക്കിയതിനു ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കാര്‍ഗോ വിമാനങ്ങള്‍ വഴി നാട്ടിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍, നിലവില്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിന് ഇന്ത്യന്‍ വ്യോമായന വകുപ്പ് അനുമതി നിഷേധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കുവൈത്തില്‍ വച്ച് മരിച്ച കോഴിക്കോട് പയ്യോളി മണിയൂര്‍ സ്വദേശി എം വി വിനോദ് (48), മാവേലിക്കര സ്വദേശി വര്‍ഗീസ് ഫിലിപ്പ് (64) എന്നിവരുടെ ഭൗതിക ശരീരം ഖത്തർ എയര്‍വേസിന്റെ കാര്‍ഗോ വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടുപോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായിരുന്നു. പക്ഷെ, അവസാന നിമിഷമാണ് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചത്

കൊവിഡ് ബാധിച്ച മൃതദേഹങ്ങള്‍ ഗള്‍ഫില്‍ തന്നെയാണ് ആദ്യം മുതലേ അടക്കം ചെയ്തിരുന്നത്. സാധാരണ മരണം സംഭവിച്ചാലാണ് നാട്ടിലേക്കു കൊണ്ടുപോകുന്നത്. പത്തനംതിട്ട ജ്യൂവലിന്റെ (16) അടക്കം മൃതദേഹം ഏതാനും ദിവസം മുമ്പ് കൊണ്ടുപോയിരുന്നെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അശ്റഫ് താമരശ്ശേരി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം റാസല്‍ഖൈമയില്‍ മരിച്ച ഷാജിലാലിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് തത്ക്കാലം മൃതദേഹങ്ങള്‍ കൊണ്ടുവരേണ്ടെന്ന അറിയിപ്പുണ്ടെന്ന് പറഞ്ഞത്.

വളരെ പ്രയാസകരമായ സാഹചര്യത്തിലാണ് ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കാൻ പ്രവാസി സംഘടനകൾ മുൻകൈ എടുത്ത് പ്രവർത്തിക്കുന്നത്. മൃതദേഹങ്ങളെ പോലും അനാദരിക്കുന്ന മനുഷ്യത്വരഹിതവും മനുഷ്യാവകാശ ലംഘനവുമായ തീരുമാനം മാറ്റാൻ കേരള മുഖ്യമന്ത്രിക്കൊപ്പം ചേർന്ന് കേരളം തെരഞ്ഞെടുത്ത എം.പിമാരും പ്രധാനമന്ത്രി തലത്തിൽ ഇടപെട്ട് ഈ പ്രശ്നത്തിൽ സത്വരമായ നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു. ഒപ്പം പ്രവാസ മേഖലയിലെ മുഴുവൻ പ്രവാസി സംഘങ്ങളും ഒറ്റക്കെട്ടായി നിന്ന് ഇതിനെതിരെ ശബ്ദിക്കുകയും പ്രവർത്തിക്കുകയും വേണമെന്ന് ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാർ, പ്രസിഡണ്ട് സതീശ് കെ.എം. എന്നിവർ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.