ഗ്രീൻ സൊസൈറ്റിയുടെ മറവിൽ തട്ടിപ്പ്; ഒമ്പത് പ്രതികളിൽ രണ്ടു പേർ പോലീസുകാർ; അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു

2223

പാലക്കാട്: പട്ടികജാതി -പട്ടിക വർഗക്കാരുടെ ഉന്നമനത്തിനുവേണ്ടി എന്ന വ്യാജേനെ വൻ തട്ടിപ്പ് . ശേഖരിപുരം കേന്ദ്രമാക്കി “ഗ്രീൻ സൊസൈറ്റി പാലക്കാട്” എന്ന ചാരിറ്റബിൾ സൊസൈറ്റി മറവിലാണ് തട്ടിപ്പുകൾ നടത്തിയതെന്നാണ് ആരോപണം. തട്ടിപ്പ് നടത്തിയ സംഘത്തിൽ രണ്ട് പോലീസുകാരും ഒരു റിട്ടയർ പോലീസുകാരനുമുണ്ട്. അതുകൊണ്ട് പോലീസിൽ പരാതി നൽകിയിട്ടും നടപടികൾ ഉണ്ടാവുന്നില്ലെന്നാണ് തട്ടിപ്പിനിരയായ വ്യക്തി ഗ്രീൻ കേരള ന്യൂസിനോട് പറഞ്ഞത്.

2022 മെയ് 19 നാണ് തട്ടിപ്പിനിരയായ പട്ടിക ജാതിക്കാരനുമായ ഡോ സി കെ വിശ്വനാഥൻ കോഴിക്കോട് നോർത്ത് സോൺ ഡി വൈ എസ് പി ക്ക് പരാതി നൽകിയത്. പരാതിയെ തുടർന്ന് പ്രതികൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസ് എടുത്തെങ്കിലും ഈ കേസിലെ ഒമ്പത് പ്രതികളിൽ രണ്ട് പേർ പോലീസ് ഉദ്യോഗസ്ഥരായതിനാലും ഒരാൾ റിട്ടയർ പോലീസ് ഉദ്യോഗസ്ഥനായതിനായതിനാലും അനേഷണം ഇഴഞ്ഞു നീങ്ങുകയാണ് .

കോഴിക്കോട് നോർത്ത് സോൺ ഡി വൈ എസ് പി ക്ക് ഡോ .സി കെ വിശ്വനാഥൻ നൽകിയ പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്.

“പട്ടികജാതി -പട്ടിക വർഗക്കാരുടെ ഉന്നമനത്തിനെന്ന വ്യാജേനെ ശേഖരിപുരം കേന്ദ്രമാക്കി “ഗ്രീൻ സൊസൈറ്റി പാലക്കാട് “എന്ന ചാരിറ്റബിൾ സൊസൈറ്റി ഉണ്ടാക്കുകയും ടി സൊസൈറ്റിക്ക് സ്വന്തമായി സൊസൈറ്റിയും ഓഫീസും മറ്റു വസ്തുക്കളും ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചും പാലക്കാട് മെഡിക്കൽ കോളേജിലെ അഞ്ഞൂറോളം വരുമെന്ന വിദ്യാർത്ഥികൾക്കും സ്റ്റാഫിനും കാറ്ററിംഗ് ഓർഡർ ലഭിച്ചിട്ടുണ്ടെന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയും കേന്ദ്ര ഗവർമെന്റിൽ നിന്നും ഗ്രാന്റും ലഭിക്കുമെന്നും അത് കിട്ടുന്ന മുറയ്‌ക്കോ, അഥവ താമസം നേരിടുന്ന പക്ഷം ഒന്നും രണ്ടും എതിർ കക്ഷികളുടെ വസ്തുവഹകൾ ജപ്‌തി നേരിടുന്ന വിവരം മറച്ചു പിടിച്ച് ടി വസ്തുക്കൾ വിറ്റിട്ടെങ്കിലും ഞാനും ഭാര്യയും മുടക്കിയ പണം തിരികെ തരാമെന്ന് ഉറപ്പ് പറഞ്ഞും വിശ്വസിപ്പിച്ചും മേൽപ്പറഞ്ഞ മെഡിക്കൽ കോളേജിൽ നിന്നും കാറ്ററിംഗ് ഇനത്തിൽ മാത്രം 1 ,29 ,88 ,252 (ഒരു കോടി ഇരുമ്പത്തിയൊമ്പത് ലക്ഷത്തി എൺപത്തിയെട്ടായിരത്തി ഇരുനൂറ്റി അമ്പത്തി രണ്ട്) രൂപ കൈപ്പറ്റിയിട്ടും അക്കാര്യം മറച്ചുവെച്ചും എന്റെ പക്കൽ നിന്നും ഒന്നും രണ്ടും എതിർ കക്ഷികളും മറ്റുള്ളവരും ചേർന്ന് 2020 ഓഗസ്റ്റ് അഞ്ചാം തീയതി മുതൽ 2021 സെപ്തംബർ പതിനൊന്നു വരെ 65 ,51 ,380 രൂപക് കൈപ്പറ്റിയിട്ടും ആയത് തരാതെ വിശ്വാസ വഞ്ചനയും ചതിയും നടത്തിയത് സംബന്ധിച്ചുള്ള പരാതി സമർപ്പണം .”

ഈ പരാതിയിലെ എതിർ കക്ഷികൾ ഇവരാണ് 1.വികെ ഷാജി (രക്ഷാധികാരി ഗ്രീൻ സൊസൈറ്റി) 2.ദീപ ഷാജി (സീനിയർ ലാബ് ടെക്‌നീഷ്യൻ, ആരോഗ്യ വകുപ്പ്) 3.ഡോ.കിരൺ എൻ കെ (ദന്തൽ ഡോക്റ്റർ, ജനറൽ മാനേജർ ഗ്രീൻ ഫുഡ് പോയട്രി) 4.എൻ കെ സൊഹിൽ (ചീഫ് എക്സിക്യു്ട്ടീവ് ഓഫീസർ ഗ്രീൻ ഫുഡ് പോയട്രി) 5.അക്ഷയ് മനോഹർ (മാർക്കറ്റിങ് മാനേജർ -ഗ്രീൻ ഫുഡ് പോയട്രി) 6.സുജിത പി (അഡ്മിനിസ്ട്രേറ്റർ, ഗ്രീൻ ഫുഡ് പോയട്രി) 7.മണികണ്ഠൻ (റിട്ട :പോലീസ് ഉദ്യോഗസ്ഥൻ ) 8.എം ഷിജു (പോലീസ് ഉദ്യോഗസ്ഥൻ, ട്രഷറർ ഗ്രീൻ സൊസൈറ്റി ) എം പ്രജീഷ് (പോലീസ് ഉദ്യോഗസ്ഥൻ, വൈസ് പ്രസിഡന്റ്, ഗ്രീൻ സൊസൈറ്റി).

പരാതി നൽകിയതിനെ തുടർന്ന് 23 -05 -2021 ൽ എഫ് ഐ ആർ പാലക്കാട് ടൗൺ നോർത്ത് എസ്‌ഐ മധു പ്രസാദ് കെ -സി ആർ നമ്പർ487 / 2022 u/s 406 ,420 r/w 34 IPC ആയി രജിസ്റ്റർ ചെയ്തിരുന്നു.എഫ് ഐ ആറിന്റെ ഉള്ളടക്കത്തിൽ പറയുന്നതിങ്ങനെയാണ് .

“ഒന്ന് മുതൽ ഒമ്പത് കൂടിയ പ്രതികൾ ചേർന്ന് അന്യായക്കാരനെ വിശ്വാസ വഞ്ചനയും ചതിയും ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതികൾ ചേർന്ന് പട്ടിക ജാതി പട്ടികവർഗ്ഗക്കാരുടെ ഉന്നമനത്തിനെന്ന പേരിൽ ശേഖരിപുരം കേന്ദ്രമാക്കി ഗ്രീൻ സൊസൈറ്റി പാലക്കാട് എന്ന പേരിൽ ചാരിറ്റമ്പിൾ സൊസൈറ്റി ഉണ്ടാക്കി സൊസൈറ്റിക്ക് സ്വന്തമായി ഓഫീസും മറ്റു വസ്തുക്കളും ഉണ്ടെന്ന് അന്യായക്കാരനെ പ്രതികൾ പറഞ്ഞു വിശ്വസിപ്പിക്കുകയും അന്യായക്കാരനെ ടി സ്ഥാപനത്തിന്റെ ആക്ടിംഗ് പ്രസിഡന്റായി നിയമിക്കുകയും ശേഷം സ്ഥാപനത്തിന്റെ ഉന്നമനത്തിനായി കൂടുതൽ പണം വേണമെന്ന് പറഞ്ഞു പ്രതികൾ 05 -08 -2020 തീയതി മുതൽ 11 -09 -2021 വരെയുള്ള വിവിധ തീയതികളിൽ വിവിധ ബാങ്ക് അക്കൗണ്ട് മുഖേനയും ഗൂഗിൾ പേ വഴിയും അന്യായക്കാരന്റെയും ഭാര്യയുടെയും പക്കൽ നിന്നും 6551380 (അറുപത്തിയഞ്ചു ലക്ഷത്തി അമ്പത്തി ഒന്നായിരത്തി മുന്നൂറ്റി എൺപതു രൂപ) പ്രതികൾ കൈപ്പറ്റിയ ശേഷം നാളിതുവരെ കൈപ്പറ്റിയ പണമോ പലിശയോ കൊടുക്കാതെ പ്രതികൾ അന്യായക്കാരനെ ചതിയും വിശ്വാസ വഞ്ചനയും ചെയ്തു എന്ന കാര്യം “

തട്ടിപ്പിനിരയായ ഡോ .സി കെ വിശ്വനാഥൻ മൃഗ സംരക്ഷണ വകുപ്പിൽ നിന്നും 2019 ൽ വിരമിച്ച വ്യക്തിയാണ്. പട്ടിക ജാതിക്കാരനായ ഡോ .സി കെ വിശ്വനാഥൻ തന്റെ സമുദായത്തിന്റെ ഉയർച്ച ലക്ഷ്യമാക്കി സാംസ്ക്കാരിക-വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു .അതാണ് പട്ടികജാതി -പട്ടിക വർഗക്കാരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കാൻ വേണ്ടി എന്ന് പറഞ്ഞുകൊണ്ട് പ്രതികൾ സമീപിച്ചപ്പോൾ വിശ്വനാഥൻ അവരെ കണ്ണടച്ച് വിശ്വസിച്ചത്. അതൊരു ചതിയായിരുന്നുവെന്ന് തിരിച്ചറിയാൻ അദ്ദേഹം വൈകിപ്പോയി. തുടർന്ന് 65 ലക്ഷത്തിപ്പരം രൂപ നഷ്ടപ്പെട്ടെന്നു മാത്രമല്ല ഗവർമെന്റ് ഉദ്യോഗസ്ഥയായ വിശ്വനാഥന്റെ ഭാര്യ പ്രതികളിലൊരാളായ ഷാജിക്ക് 10 ലക്ഷം രൂപയുടെ വായ്പയിൽ ജാമ്യം നിന്നതിനാൽ ഇപ്പോൾ ഭാര്യയുടെ ശബളത്തിൽ നിന്നും വലിയ തുക പിടിക്കുകയും ചെയ്യുന്നു.
ഗ്രീൻ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ വേണ്ടി വായ്പ എടുക്കുന്നുയെന്നാണ് വിശ്വനാഥനെ വിശ്വസിപ്പിച്ചത്. അതുകൊണ്ടാണ് ഭാര്യയെ ജാമ്യം നിർത്തിയത് .പത്ത് ലക്ഷം വായ്‌പ കിട്ടിയ ശേഷം വായ്പ തുകയുടെ തിരിച്ചടവു മുടങ്ങിയതിനാൽ ജാമ്യം നിന്ന വിശ്വനാഥന്റെ ഭാര്യയുടെ ശബളത്തിൽ നിന്നും വായ്‌പ തുക പിടിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. അതോടെ ഡോ .സി കെ വിശ്വനാഥന്റെ വീട്ടു ചെലവും മക്കളുടെ പഠിത്തത്തിനാവശ്യമായ ചെലവും താളം തെറ്റി .

പട്ടികജാതി -പട്ടിക വർഗക്കാരുടെ ഉന്നമനത്തിനുവേണ്ടി ഗ്രീൻ സൊസൈറ്റിയെ പോലെ നിരവധി വ്യാജ സംഘനകൾ സംസ്ഥാനത്ത് ഉണ്ടാവാമെന്നും അത് സംബന്ധിച്ച് അനേഷണം നടത്തണമെന്നും ദളിത് ആക്റ്റിവിസ്റ്റായ കണ്ണാടി ഹരി പ്രസാദ് പറഞ്ഞു. ഇടതുപക്ഷം ഭരിക്കുമ്പോൾ പോലും ഇടതുപക്ഷ പ്രവർത്തകനായ ഡോ .സി കെ വിശ്വനാഥനു നീതി കിട്ടുന്നില്ല. അതിനു കാരണം ഈ തട്ടിപ്പിലെ പ്രതികളിൽ ചിലർ പോലീസ് ഉദ്യോഗസ്ഥരായതുകൊണ്ടാണെന്ന് ഹരി പ്രസാദ് വ്യക്തമാക്കി. പട്ടിക ജാതിക്കാരനായ ഡോ സി കെ വിശ്വനാഥൻ നൽകിയ പരാതിയിൽ പോലീസ് നടപടി ഇനിയും സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹരി പ്രസാദ് കൂട്ടിച്ചേർത്തു .

ഡോ സി കെ വിശ്വനാഥൻ ഡി വൈ എസ്‌പിക്ക് നൽകിയ പരാതിയിൽ മറ്റൊരു ഗുരുതരമായ ആരോപണം പ്രതികൾക്കെതിരെ ഉന്നയിക്കുന്നുണ്ട്. അതിങ്ങനെയാണ് .

” NABARDൽ നിന്നും 500 കൊടിയും കേന്ദ്ര സർക്കാരിൽ നിന്നും 100 കോടിയുടെ ഗ്രാന്റും കേരള ബാങ്കിൽ നിന്നും ഒരു കോടിയുടെയും അർബൻ ബാങ്കിൽ നിന്നും ഒമ്പത് കോടൈയുടെയും വായ്‌പ ലഭിക്കുന്നതിനു ടി സ്ഥാപനങ്ങളുടെ ബന്ധപ്പെട്ട അധികാരികളുമായി വീഡിയോ കോൺഫ്രൻസ് നടത്തി കഴിഞ്ഞിട്ടുണ്ടെന്നും ഉടനെ അവർ സൊസൈറ്റി സന്ദർശിച്ച് വായ്പയും ഗ്രാന്റും അനുവദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ഷാജി പറഞ്ഞു.അതെല്ലാം ശരിയാണെന്ന് ഷിജുവും പറഞ്ഞു. അത് ലഭിക്കുന്നത് വരെയുള്ള ആവശ്യങ്ങൾക്കു വേണ്ടി മാത്രം സർ തല്ക്കാലം പണം വായ്പയായി സഹായിച്ചാൽ മതിയെന്നും ഒരു ചില്ലിക്കാശ് പോലും നഷ്ടപ്പെടാതെ തിരിച്ചു തരുമെന്നും അവർ പറഞ്ഞു.”