ആഗോളതാപനം,കാലാവസ്ഥാ വ്യതിയാനം ,ഭൗമപരിധി ദിനം ,പ്രകൃതി ദുരന്തങ്ങൾ ,തുടങ്ങിയവയെ അഭിസംബോധന ചെയ്യാനുള്ള മൂഴിക്കുളം ശാലയുടെ ശ്രമമാണ് കാർബൺ ന്യൂട്രൽ അടുക്കള .പുതിയ കാലത്തിൻ്റെ അടുക്കള .അടുപ്പുരഹിത അടുക്കള .വേവിക്കാത്ത ഭക്ഷണം വിളമ്പുന്ന അടുക്കള .
ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമായ കാർബൺ ഡൈ ഓക്സൈഡിൻ്റെ ബഹിർഗമനം കുറയ്ക്കുകയാണ് ഏതൊരു മനുഷ്യന്റെയും സമൂഹത്തിന്റെയുംരാജ്യത്തിന്റെയും പ്രധാന കടമയെന്ന് തിരിച്ചറിഞ്ഞതിന്റെ പ്രഖ്യാപനമാണ് കാർബൺ ന്യൂട്രൽ അടുക്കള.ഇത് വ്യക്തിപരമായ പ്രതിരോധമാണ് .അതിജീവനമാണ്.
മലയാളികളുടെ സദ്യയിലും ഭക്ഷണ ശീലത്തിലും പ്രധാനമായ പങ്കുവഹിക്കുന്ന അവിയൽ തന്നെ ആവട്ടെ ഇന്ന്.പാകം ചെയുമ്പോൾ പച്ചക്കറിയുടെ തനതായ സ്വാദ് നഷ്ടപ്പെടുകയാണ്.സ്വാദ് മാത്രമോ ഗുണവും നഷ്ടമാകുന്നു.നമ്മുടെ ചുറ്റുവട്ടത്ത് ലഭിക്കുന്ന പച്ചക്കറികൾ ഉപയോഗിച്ച് വേവിക്കാതെ അവിയൽ ഉണ്ടാക്കാം .ഒരു നേരം വേവിക്കാത്ത ഒരു വിഭവം നമ്മുടെ നിത്യ ജീവിതത്തിൽ ഉൾപ്പെടുത്തി നമ്മുക്ക് ഓരോ അടുക്കളയിലും അതിജീവനത്തിൻ്റെ പ്രതിരോധത്തിൻ്റെ ജീവിത ശൈലിയിലേക്ക് ചുവടു വെക്കാം .

ആവശ്യമായ ചേരുവകൾ
- കാരറ്റ്
- പപ്പായ
- പടവലങ്ങ
- അച്ചിങ്ങ
- തേങ്ങ
- ജീരകം
- പച്ചമാങ്ങ/ തൈര്
- കറി വേപ്പില
- ഇന്തുപ്പ്
- പച്ചവെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
കാരറ്റ് ,പപ്പായ ,പടവലങ്ങ, അച്ചിങ്ങ എന്നിവ അവിയലിന് അരിയുന്ന രൂപത്തിൽ അരിയുക .തേങ്ങ ,ജീരകം,പച്ചമാങ്ങാ/ തൈര് ചേർത്തരച്ച് കഷ്ണങ്ങളിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .കറി വേപ്പില,ഇന്തുപ്പ് ,പച്ചവെളിച്ചെണ്ണ എന്നിവയും ചേർത്ത് വിളമ്പാം.ഗുണവും രുചിയും നഷ്ടപ്പെടാത്ത അവിയൽ തയ്യാർ.
പ്രതിരോധം ,അതിജീവനം ,വേവിക്കാത്ത ഭക്ഷണം .ഇതാവട്ടെ നമ്മുടെ പുതിയ കാലത്തിൻ്റെ മുദ്രാവാക്യം .
ടി ആർ പ്രേംകുമാർ
കാർബൺ ന്യൂട്രൽ അടുക്കള,
മൂഴിക്കുളം ശാല