സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീ സംവരണം 40 ശതമാനമാക്കി ഉയര്‍ത്താനൊരുങ്ങി തമിഴ്‌നാട്

809

ചെന്നൈ: | സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്കുള്ള സംവരണം 40 ശതമാനമാക്കി ഉയര്‍ത്തുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് ധന -മാനവ വിഭവശേഷി വകുപ്പ് മന്ത്രി പളനിവേല്‍ ത്യാഗരാജനാണ് ഇക്കാര്യം പറഞ്ഞത്. നിലവില്‍ സ്ത്രീകള്‍ക്കുള്ള സംവരണം 30 ശതമാനമാണ് . ഇതാണ് 40 ശതമാനമാക്കി ഉയര്‍ത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.ലിംഗസമത്വം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഇതിനുള്ള ഭേദഗതികള്‍ ഉടനെ നടപ്പാക്കും. കൊവിഡ് ഉയര്‍ത്തിയ പ്രതിസന്ധികളെ തുടര്‍ന്ന് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ പ്രായപരിധി രണ്ട് വര്‍ഷം കൂടി നീട്ടുമെന്നും മന്ത്രി പറഞ്ഞു.തൊഴില്‍, പരിശീലന വകുപ്പ് നല്‍കുന്ന 2017-18 ഡാറ്റ പ്രകാരം, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 8.8 ലക്ഷം ജീവനക്കാരില്‍ 2.92 ലക്ഷം മാത്രമാണ് സ്ത്രീകള്‍. സര്‍ക്കാര്‍ ജീവനക്കാരില്‍ സ്ത്രീള്‍ 33 ശതമാനമാണ്.അതേസമയം കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ചവര്‍ക്കും ജോലി നല്‍കുന്നതിന് മുന്‍ഗണന നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.