പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ

823

തിരുവനന്തപുരം:പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സംസ്ഥാനമൊട്ടാകെയും ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്. ഇവിടങ്ങളിൽ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കാൻ കലക്ടർമാർക്ക് ചുമതല നൽകി. കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളിൽ ചത്ത താറാവുകളുടെ സാമ്പിളുകൾ പരിശോധിച്ചതിലൂടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

എന്നാൽ, മനുഷ്യരിലേക്ക് രോഗം പകർന്നിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചിരുന്നു. അരലക്ഷത്തിലേറെ പക്ഷികളെ കൊല്ലേണ്ടി വരുമെന്നാണ് മന്ത്രി കെ രാജു വ്യക്തമാക്കിയത്. പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ താറാവുകള്‍ക്ക് പുറമെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയടക്കം കൊല്ലാനാണ് തീരുമാനം. ഇതിനായി ജില്ലാഭരണകൂടം ദ്രുതകര്‍മ്മസേനയെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമായിരിക്കും നടപടി. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടോയെന്നറിയാന്‍ ആരോഗ്യവകുപ്പ് സര്‍വേ നടത്തുന്നുണ്ട്.