ഭൂമിയിലെ സ്വർഗത്തിന് ലോക്ക്ഡൗണില്ല ! ‘റീബൂട്ട് ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പോസ്റ്റ് കോവിഡ് 19 ‘

14514

സി.കെ അജയകുമാർ

കോവിഡ് 19 കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ് എന്ന നിലയിൽ ടൂറിസം മേഖലയ്ക്കുണ്ടായ തകർച്ച കേരളത്തിന്റെ സമ്പത്തിക രംഗത്തും കടുത്ത രീതിയിൽ പ്രതിഫലിക്കും. നാഷണൽ ജോഗ്രഫിക് ട്രാവലിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തെ പത്ത് സ്വർഗ്ഗഭൂമികളിൽ ഒന്നാണ് കേരളം. ഇക്കോ ടൂറിസം, സുന്ദരമായ കായലുകൾ, അതുല്യമായ സംസ്‌കാരം, പാരമ്പര്യം, വ്യത്യസ്തത പുലർത്തുന്ന ജനവിഭാഗം തുടങ്ങി വിവിധ മേഖലകളിൽ കേരളം പ്രസിദ്ധമാണ്. ഇവയെല്ലാം കേരളത്തെ ലോകത്തെ ഏറ്റവും പ്രസിദ്ധമായ ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നു.

കേരളത്തെ സംബന്ധിച്ച് ടൂറിസം മേഖലയുടെ എത്രയും പെട്ടെന്നുള്ള പുനരുജ്ജീവനം വളരെ പ്രധാനവും അത്യന്താപേക്ഷിതവുമാണ്. പ്രവാസികൾ കൂട്ടത്തോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന ഈ സാഹചര്യത്തിൽ ടൂറിസം മേഖലയെ എത്രയും പെട്ടെന്ന് പഴയ സ്ഥിതിയിലാക്കുകയെന്നത് സർക്കാരിനെ സംബന്ധിച്ചും പ്രാധാന്യമർഹിക്കുന്ന കാര്യം തന്നെ. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ ടൂറിസം മേഖലയെ സജീവമാക്കാനുള്ള ഒരു പഠനം ശ്രദ്ധേയമാകുന്നത്. ‘റീബൂട്ട് ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പോസ്റ്റ് കോവിഡ് 19 ‘ എന്ന പഠനം നടത്തിയിരിക്കുന്നത് മാനേജ്‌മെന്റ് കൺസൾട്ടന്റുമാരായ ഡോ. പി. ആർ. മൈഥിലിയും സുരേഷ് മേനോനുമാണ്.

ആരോഗ്യമേഖലയെ ടൂറിസവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു റിപ്പോർട്ടാണ് ഇവർ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിന്റെ ആരോഗ്യ ടൂറിസം സാധ്യതകൾ പരമാവധി വിനിയോഗിച്ചുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനുള്ള മാർഗങ്ങളാണ് മൈഥിലിയും സുരേഷ്‌ മേനോനും അവതരിപ്പിക്കുന്നത്.

”ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. ഈ സ്വർഗഭൂമിയെ ഒരു വൈറസിന്റെ പേരിൽ അടച്ചുപൂട്ടേണ്ടതുണ്ടോ”? അവർ ചോദിക്കുന്നു. വിനോദത്തിനൊപ്പം ആരോഗ്യഭൂമിയെന്ന സന്ദേശവും ലോകത്തിന് നൽകാനാണ് ശ്രമം. കോവിഡ് 19നെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ കേരളം കാട്ടിയ ജാഗ്രതയും അതിലൂടെ നേടിയെടുത്ത പേരും ടൂറിസത്തിന് ഗുണം ചെയ്യും. വിനോദ സഞ്ചാരികൾക്ക് ആരോഗ്യവും രോഗപ്രതിരോധ ശേഷിയും കേരളത്തിന്റെ തനതു ചികിത്‌സാ രീതിയും ആധുനിക വൈദ്യശാസ്ത്രവും ഒരു പോലെ സമന്വയിപ്പിച്ച് പ്രദാനം ചെയ്യുകയെന്നതാണ് പഠനം മുന്നോട്ടു വയ്ക്കുന്നത്. മനസിന്റേയും ശരീരത്തിന്റേയും ആരോഗ്യത്തിന് ഒരു സമ്പൂർണ പാക്കേജാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ആരോഗ്യവും രോഗപ്രതിരോധശേഷിയും വീണ്ടെടുക്കുന്നതിന് സുരക്ഷിത കേന്ദ്രങ്ങൾ തേടുന്ന, ഇതിനായി കൂടുതൽ ചെലവഴിക്കാൻ തയ്യാറായ വിനോദ സഞ്ചാരികളെ കേരളം ലക്ഷ്യമിടണമെന്നതാണ് നിർദ്ദേശം.

ക്വാറന്റിനായി കേരളത്തിന്റെ കായൽപ്പരപ്പുകളിലെ ഹൗസ്‌ബോട്ടുകളെ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുമെന്നാണ് മൈഥിലിയും സുരേഷ് മേനോനും പറയുന്നത്. എന്നാൽ ഇതിന്‌ അനുസൃതമായി ഹൗസ്‌ബോട്ടുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടി വരും. മാലിന്യസംസ്‌കരണത്തിന് ബോട്ടുകളിൽ കൂടുതൽ സംവിധാനം വേണ്ടിവരും. ഇത് ഏതുവിധത്തിൽ നടപ്പിലാക്കാമെന്ന് പഠനം വ്യക്തമാക്കുന്നു. ഹൗസ്‌ബോട്ട് ടൂറിസത്തെ വീണ്ടും സജീവമാക്കാൻ ഈ രീതി പരീക്ഷിക്കാവുന്നതാണ്.

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അണുനശീകരണ സംവിധാനങ്ങൾ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും പഠനം അവതരിപ്പിക്കുന്നു. കേരളത്തിലെത്തുന്ന ഓരോ വിനോദ സഞ്ചാരിക്കും കേരളത്തിന്റെ കരുതൽ അനുഭവവേദ്യമാകണം. അത്തരത്തിൽ ഹോട്ടലുകളും റിസോർട്ടുകളും ഹൗസ്‌ബോട്ടുകളും അനുബന്ധ കേന്ദ്രങ്ങളും മാറണം. സർക്കാരിന് സ്വകാര്യ, പൊതുമേഖല പങ്കാളിത്തത്തോടെ ഈ പദ്ധതികൾ നടപ്പാക്കാനും കഴിയും.

ടൂറിസം മേഖലയിലെ വിദഗ്ധർ, ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ പ്രമുഖർ തുടങ്ങിയവരുമായി ഇരുവരും ഈ വിഷയം വിശദമായി ചർച്ച ചെയ്തിരുന്നു. നല്ല പ്രതികരണമാണ് എല്ലാവരിൽ നിന്നും ഉണ്ടായത്. ഇതിൽ സഹകരിക്കാനുള്ള താത്പര്യവും പലരും അറിയിച്ചിട്ടുണ്ട്. പഠന റിപ്പോർട്ട് ഡോക്ടർ. മൈഥിലി സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന് കൈമാറി.

നിലവിലെ സ്ഥിതി തുടർന്നാൽ ടൂറിസം മേഖല സജീവമാകുന്നതിന് രണ്ടോ അതിലധികമോ വർഷമെടുക്കും. എന്നാൽ ഇവരുടെ പഠന റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ടൂറിസം മേഖലയെ കുറഞ്ഞ ആഴ്കൾക്കുള്ളിൽ സജീവമാക്കാൻ പര്യാപ്തമാണെന്നാണ് വിലയിരുത്തൽ. കേരളത്തിന്റെ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് ആവശ്യമായ എന്ത് സഹായത്തിനും സഹകരണത്തിനും തയ്യാറാണെന്നും മൈഥിലിയും സുരേഷ് മേനോനും പറയുന്നു.