പ്രളയ ദുരിതാശ്വാസം നൽകിയില്ല. സർക്കാർ ജീപ്പ് ജപ്‌തി ചെയ്യാൻ നടപടി

2019

കൊച്ചി: പ്രളയ ദുരിതാശ്വാസ നഷ്ടപരിഹാരം നല്‍കാതിരുന്നതിനാല്‍ എറണാകുളം കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിന്റെ ജീപ്പ് ജപ്തി ചെയ്തു. എറണാകുളം മുന്‍സിഫ് കോടതിയാണ് ജീപ്പ് ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്. വരാപ്പുഴ കോതാട് കൊടുവേലിപ്പറമ്പില്‍ കെ.പി. സാജുവിന്റെ ഹര്‍ജിയിലായിരുന്നു നടപടി.

2018ലെ പ്രളയത്തില്‍ വീടിന് നാശനഷ്ടം സംഭവിച്ച സാജുവിന് 10,000 രൂപ മാത്രമാണ് സഹായം കിട്ടിയത്. തുടര്‍ സഹായം കിട്ടാതെ വന്നപ്പോള്‍ അദാലത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു 2,10,000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവായി. ഇതിനു വേണ്ടി കളക്ടറേറ്റും ഇതര ഓഫിസുകളും കയറി ഇറങ്ങിയെങ്കിലും പണം കിട്ടിയില്ല. ഇതേ തുടര്‍ന്നാണ് സാജു കോടതിയെ സമീപിച്ചത്.