ഇന്ന് ഫെബ്രുവരി 21: ലോകമാതൃഭാഷാ ദിനം

3922

കൊച്ചി: ബഹുഭാഷാത്വവും സാംസ്കാരിക വൈവിധ്യവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുനെസ്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വർഷംതോറും ആചരിക്കുന്നു

1952 ഫെബ്രുവരി 21-ന് ബംഗാളി ഭാഷാപ്രസ്ഥാനത്തിന്റെ ഒരു പ്രതിഷേധ സമരത്തിന് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ സ്മരണക്കായാണ് എല്ലാ വർഷവും ഫെബ്രുവരി 21 ന് 2000 മുതൽ യുനസ്‌ക്കോ ലോക മാതൃഭാഷാ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

1947 പാക്കിസ്ഥാന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ത്തന്നെ ഉര്‍ദു ഏക ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടു. അപ്പോള്‍ത്തന്നെ എതിര്‍പ്പുകളും അവിടെ ഉയര്‍ന്നുവന്നിരുന്നു. ബംഗാളി സംസാരിക്കുന്ന, ബംഗാളി മാതൃഭാഷയായ ജനതയാണ് കിഴക്കന്‍ പാക്കിസ്ഥാനില്‍ അതായതു ഇന്നത്തെ ബംഗ്ലാദേശ്, അവരുടെ ഭാഷയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത്. മറ്റൊരു ഭാഷയ്‌ക്കെതിരായ സമരമായിരുന്നില്ല ഇത്. തങ്ങളുടെ മാതൃഭാഷ ഔദ്യോഗികഭാഷയായി അംഗീകരിച്ചു കിട്ടാനുള്ള സമരമായിരുന്നു. ഭാഷ പലപ്പോഴും ഒരു പൗരാവകാശ പ്രശ്‌നമായി കൂടി മാറുന്നു. ഭരണകൂടം ഭാഷ അടിച്ചേൽപ്പിക്കാൻ തുനിയുന്ന ഇടത്തെല്ലാം ഇതുപോലത്തെ പ്രക്ഷോഭങ്ങൾ ഉയർന്നു വന്നിട്ടുണ്ട് .

ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളും അവരുടെ മാതൃഭാഷയെക്കുറിച്ചു ചിന്തിക്കുന്ന, ഇതര ഭാഷകളെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും കാണുന്ന, ഒരര്‍ത്ഥത്തില്‍ ഭാഷകളുടെ സമത്വത്തെ, സാഹോദര്യത്തെ പ്രഖ്യാപിക്കുന്ന ദിനമാണ് ലോക മാതൃഭാഷാ ദിനം