കാശ്‌മീർ: ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു

23814

ഡൽഹി: ഏഴ് മാസത്തെ വീട്ടുതടങ്കലിന് ശേഷം മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് മോചനം. മുന്നു തവണ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും നിലവില്‍ ലോക്സഭാംഗവുമായ ഫാറൂഖ് അബ്ദുല്ല, കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ ഓഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലാണ്. സബ് ജയിലായി പ്രഖ്യാപിക്കപ്പെട്ട ശ്രീനഗറിലെ വസതിയിലായിരുന്നു അദ്ദേഹം.

ഫാറൂഖ് അബ്ദുള്ളയെ തടങ്കിലാക്കിയ നടപടി പിന്‍വലിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

വീട്ടുതടങ്കലില്‍ കഴിയവെ തന്നെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ കത്ത് പുറത്തു വന്നിരുന്നു.

83 കാരനായ ഫറൂഖ് അബ്ദുള്ളയുടെ മകനായ ഒമർ അബ്ദുള്ളയുൾപ്പെടെ കശ്മീരിലെ മറ്റ് നിരവധി രാഷ്ട്രീയ നേതാക്കളെയും തടവിലാക്കിയിരുന്നു. ഇവരിൽ പലരുടെയും തടവ് ഇപ്പോഴും തുടരുകയാണ്. പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെയും ഒമർ അബ്ദുള്ളയുടെയും തടവ് എന്ന് അവസാനിക്കുമെന്ന് വ്യക്തമായിട്ടില്ല.