ഫാക്ടിൽ പുതിയ ചീഫ് വിജിലൻസ് ഓഫീസർ, അഴിമതിക്കാരുടെ നെഞ്ചിടിപ്പ് പെരുമ്പറയായി

653

കൊച്ചി: കേന്ദ്ര രാസവളം മന്ത്രാലയത്തിന് കിഴിൽ പ്രവർത്തിച്ചു വരുന്ന കൊച്ചിയിലെ ഫാക്ടിൽ ചീഫ് വിജിലൻസ് ഓഫീസറായി എ എൽ .പ്രഭാകർ ഇന്ന് ചാർജെടുത്തു. നിലവിൽ ഇദ്ദേഹം ചെന്നൈ, മദ്രാസ് ഫെർട്ടിലൈസർസ് ലിമിറ്റഡ് (എം എഫ് എൽ) ലെ ചീഫ് വിജിലൻസ് ഓഫീസറാണ്. ഫാക്ടിൽ താൽക്കാലിക ചുമതലക്കരനായിരിക്കും. ഇന്ത്യൻ റെയിൽവേ സ്റ്റോഴ്സ് സർവീസുകാരനായ (I R S S) എ എൽ പ്രഭാകർ റെയിൽവേയിൽ ജോയിൻറ് സെക്രട്ടറി പദവിയിൽ ഉള്ള ഉദ്യോഗസ്ഥനാണ്. കേന്ദ്ര ഡെപ്യൂട്ടേഷൻ വഴി രാസവള മന്ത്രാലയത്തിൽ എത്തിച്ചേർന്ന ഇദ്ദേഹം മദ്രാസ് ഫെർട്ടിലൈസർസ് ലിമിറ്റഡ് കൂടാതെ ഫാക്ട് എന്നി സ്ഥാപനങ്ങളുടെ സംയുക്ത ചുമതലയിലായിരിക്കും പ്രവർത്തിക്കുക. 2022 ജൂലൈ വരെയോ ഫാക്റ്റിനായി പുതിയ ചീഫ് വിജിലൻസ് ഓഫീസെറെ നിയമിക്കും വരെയോ ആണ് കാലാവധി.

ഇതേ പദവിയിൽ ഒന്നര വർഷം മുൻപ് ഉണ്ടായിരുന്ന ടി.ആർ.ഷാജി ചീഫ് വിജിലൻസ് ഓഫീസർ പദവി കാലാവധി പൂർത്തീകരിച്ചതിനെത്തുടർന്ന് സ്വന്തം ഡിപ്പാർട്ടുമെന്റായ ടെലികോമിലേക്ക് തിരിച്ചുപോയിയതിന് ശേഷം ഇവിടെ ഒരു വിജിലൻസ് ഓഫീസറെ നിയമിച്ചിട്ടില്ലായിരുന്നു. ഈ കാലയളവിൽ നിരവധി അഴിമതികൾ ഈ സ്ഥാപനത്തിൽ നടന്നിട്ടുള്ളതായി ആരോപണങ്ങൾ ഉണ്ട് . സമീപകാലത്തു വളം വിപണവുമായി ബന്ധപെട്ടു വൻ അഴിമതി ഉണ്ടായതായി ഭരണകക്ഷി ട്രേഡ് യൂണിയൻ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര രാസവളം സഹമന്ത്രി ഭാഗവത് ഖുഭയ്ക്ക് നിവേദനം കൊടുക്കുകയുണ്ടായി. തൊഴിലാളി സംഘടനകളും ഇതേ ആവശ്യമുന്നയിച്ചുകൊണ്ട് പ്രക്ഷോഭണത്തിലാണ് . ഇത്തരമൊരു സാഹചര്യത്തിൽ ചീഫ് വിജിലൻസ് ഓഫീസറുടെ നിയമനം അഴിമതിക്കാർ അഴിയെന്നുമെന്നുതന്നെയാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്. ജിപ്സം അഴിമതിയും സി ബി ഐ റെയ്ഡും മുൻ സി എം ഡി ജയ്‌വീർ ശ്രീവാസ്തവയുൾപ്പെടെ മുതിർന്ന അഞ്ചു ഉദ്യോഗസ്ഥർ പുറത്തുപോയത് 2016 ലാണ്.

കർണാടക, ചിക്കമംഗളളൂർ ഡിപ്പോയിലെ ഡെപ്യൂട്ടി മാനേജർ ഗിരിധർ ദുരൂഹ സാഹചര്യത്തിൽ മരിക്കാനിടയായത് 640 ടൺ വളം ക്രമക്കേടുമായി ബന്ധപെട്ടാണെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ച് ദക്ഷിണ ഇന്ത്യൻ സംസ്ഥാനങ്ങളിലെ വളം വിതരണത്തിലും വിപണനത്തിലും ഗുരുതരമായ ക്രമക്കേടുകളും ദുരൂഹമായ സാമ്പത്തിക ഇടപാടുകളും നടന്നതായി സൂചനയുണ്ട്. കമ്പനി രൂപീകരിച്ച ആഭ്യന്തര അന്വേഷണ സംഘം കർണാടകത്തിൽ വെറുതെ ചുറ്റിത്തിരിഞ്ഞു നിരപരാധികളായ ഉദ്യോഗസ്ഥരെ പിഡിപ്പിച്ചു വരുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. നഷ്ട്ടപ്പെട്ട വളത്തിന് പകരം പണം അടപ്പിക്കാൻ ഡീലർമാരെ സമ്മർദ്ധപ്പെടുത്തികൊണ്ടിരിക്കുന്നു. ചീഫ് വിജിലൻസ് ഓഫീസസറുടെ അഭാവവും വിജിലൻസ് വിഭാഗത്തിൻറെ അലംഭാവവും ചേർന്ന് വിപണനത്തിലും അസംസ്കൃത വസ്തുക്കളുടെ സംഭരണത്തിലും ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞ റോക്ക് ഫോസ്ഫേറ്റ് വാങ്ങി ഉപയോഗിച്ചതിനെത്തുടർന്ന് കൊച്ചി ഡിവിഷനിലെ ആസിഡ് പ്ളാൻറ് പ്രതിസന്ധി നേരിടുകയാണ്. ഉപയോഗ്യ ശൂന്യമായ 30000 ടൺ റോക്ക് ഫോസ്ഫേറ്റ് സംഭരണശാലയിൽ വെറുതെ കെട്ടികിടക്കുന്നതുമൂലം കമ്പനിക്ക് കോടികണക്കിന് രൂപയുടെ നഷ്ട്ടം നേരിട്ടിരിക്കുകയാണ്. വിദഗ്ദ്ധ സമിതി നിഷേധിച്ച ഈ റോക്ക് ഫോസ്ഫേറ്റ് വാങ്ങിയതിൻറെ ഉത്തവാദിത്വം ആർക്കായിരിക്കുമെന്നതുൾപ്പെടെ നിരവധിയായ അഴിമതികൾ അന്വേഷിച്ചു സെൻട്രൽ വിജിലൻസ് കമ്മീഷനെയും സി ബി ഐ യെയും വിവരങ്ങൾ ധരിപ്പിക്കേണ്ട ചുമതലയിലേക്കാണ് പുതിയ ചീഫ് വിജിലൻസ് ഓഫീസറുടെ വരവ്.

സെൻട്രൽ വിജിലൻസ് കമ്മിഷൻ ചട്ടങ്ങളനുസരിച്ചു ചീഫ് വിജിലൻസ് ഓഫീസർ തസ്തിക അനിവാര്യമായ നിയമനമാണ്, ഫാക്ടിൽ ഈ തസ്തികയിൽ ഉടൻ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിരമിച്ച ജീവനക്കാരനും വിവരാവകാശ പ്രവർത്തകനുമായ ഉണ്ണികൃഷ്ണൻ സെൻട്രൽ വിജിലൻസ് കമ്മീഷണർക്ക് പരാതി കൊടുക്കുകയുണ്ടായതിനെ തുടർന്നാണ് നിയമനം നടത്തിയിരിക്കുന്നത്.