ഫാക്ട് വളം വിൽപ്പനയിലെ അപാകത ഇരുതലവാളായി മാനേജ്മെന്റിനെ തിരിഞ്ഞുകുത്തുന്നു

934

കൊച്ചി: കർണ്ണാടകയിലെ വളം വിൽപ്പനയിലെ ക്രമക്കേടും ഡെപ്യൂട്ടി മാനേജർ ഗിരിദാറിൻറെ ദുരൂഹ മരണവും പുതിയതായി പുറത്തുവരുന്ന മറ്റുവിവരങ്ങളും ഉന്നതരായ മാനേജ്മെന്റിന് പുതിയ തലവേദനകൾ സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്നു. ഓരോ ക്രമക്കേടും പരിഹരിക്കാൻ തലപുകയുമ്പോൾ ഒരുതരത്തിലും തലയൂരാൻ കഴിയാത്ത വിധം അലൂമിനിയ കുടത്തിൽ പെട്ടുപോയ മുട്ടനാടിൻറെ അവസ്ഥയിലാണ് ഫാക്‌ട് മാനേജ്മെൻറ്.

640 ടൺ വളം ഏതുവഴി നഷ്ടപ്പെട്ടുവെന്ന് കണ്ടെത്താൻ ചുമതലപ്പെടുത്തിയ മാർക്കറ്റിങ് ജനറൽ മാനേജരുടെ (ഫെർട്ടിലൈസർ) നേതൃത്വം ആദ്യം ട്രാൻസ്പോർട്ടിങ് കമ്പനിയുടെ ചുമലിൽ ഈ കുംഭകോണം വച്ചുകെട്ടാൻ ശ്രമിച്ചത് കൂടുതൽ കുഴപ്പത്തിലേക്ക് എത്തിചേർന്നതായാണ് പുതിയ വിവരം. 500 കിലോ മീറ്റർ ദൂരം ട്രെക്ക് സർവീസ് മുഖാന്തിരം വളം വിതരണത്തിനുള്ള അവകാശം ARS കമ്പനിയാണ് നേടിയിരിക്കുന്നതങ്കിലും കുറച്ചുകൂടി ദൂരം സുഗമമായ വിതരണത്തിനായി അനുവദിക്കാറുമുണ്ട്. 500 കിലോ മീറ്ററിനപ്പുറം വളം നീക്കം റെയിൽ വഴിയാണ് ഉപയോഗപ്പെടുത്തുന്നത്. ആന്ധ്രാ പ്രദേശിലുള്ള A R S ട്രാൻസ്പോർട്ടിങ് കമ്പനിയുടെ ചുമതലയിലാണ് ട്രെക്ക് സർവീസ്, അവരുടെ മേൽ കൃത്യവിലോപം ആരോപിച്ചു കരിമ്പട്ടികയിൽ പെടുത്താനും തുക പിടിച്ചുവെയ്ക്കാനുമുള്ള ഫാക്ട് നീക്കത്തെ ട്രാൻസ്പോർട്ടിങ് രേഖകളുടെ സാക്ഷ്യത്തിൽ A R S ട്രാൻസ്പോർട്ടിങ് കമ്പനി ചെറുത്തുനിന്നു മുളയിലേ നുള്ളിയത് മാനേജ്മെന്റിന് കടുത്ത ക്ഷീണമായി. നിർദേശിക്കപ്പെട്ട എല്ലായിടത്തും വളം വിതരണം നടത്തിയതിൻറെ തെളിവുകൾ സമർപ്പിക്കപ്പെട്ടപ്പോൾ വെട്ടിലാവുന്നത് ഫാക്‌ട് തന്നെ.

640 ടൺ വളം അതായത് 10 റെയിൽ വാഗൺ അഥവാ 45 തോളം ട്രെക്ക്കാണാതായെന്ന പ്രഥമവിവരത്തിൽ തുടങ്ങിയ അന്വേഷണത്തിൽ മാനേജ്‌മെന്റിനു മുൻപാകെ പരാതിയുമായി ചെറുകിട ഡീലർമാരും എത്തിത്തുടങ്ങിയതായി പറയപ്പെടുന്നു, പണം വാങ്ങുകയും ബിൽകൊടുക്കുകയും ചെയ്തുവെങ്കിലും വളം ഇതുവരെ കിട്ടിയിട്ടില്ലയെന്നാണ് ഇവരുടെ പരാതി. 640 ടൺ വളം കാണാതെ പോയെന്നതിലുപരി ക്രമക്കേടിൻറെ വ്യാപ്തിയും രീതിയും കൂടുതൽ സങ്കീർണമാകുകയാണ്. അന്യ സംസ്ഥാനത്തു നടന്ന ഈ ഗുരുതര തിരിമറി ഒരു ആഭ്യന്തര ഡിപ്പാർട്മെന്റുകൾ ചേർന്ന് ഉണ്ടാക്കിയിരിക്കുന്ന സംഘത്തെ വച്ച് ക്രമക്കേട് അന്വേഷിച്ചാൽ ഇത് ഒരിടത്തും എത്തിച്ചേരില്ലയെന്നത് വളരെ വ്യക്തമാകുകയാണ്.

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിയമാനുസൃതം ഉണ്ടായിരിക്കേണ്ട ചീഫ് വിജിലൻസ് ഓഫീസർ തസ്‌തിക ആരുടെ സമ്മർദ്ദത്തിന് വഴങ്ങി ഒഴിവാക്കിയെന്നത് ഇവിടെ പ്രസക്തമാകുകയാണ്. ആഭ്യന്തരമായ ക്രമക്കേടുകൾ യഥാസമയം അന്വേഷിക്കാനും തിരുത്തൽ നടപടികൾ നിർദ്ദേശിക്കാനും വിവിധ ഡിപ്പാർട്ടുമെന്റുകൾ കമ്പനിക്കകത്തു പ്രവർത്തിച്ചിരുന്നതടക്കം നിർവീര്യമാക്കിയതിൻറെ ഉത്തരവാദിത്വം എഛ് ആർ വിഭാഗത്തിനാണ്. അതി സങ്കീർണ്ണമായ ഒരുപാട് ക്രമക്കേടുകൾ ഈ സ്ഥാപനത്തിനകത്തു നടന്നതായുള്ള വിവരത്തിൻറെ അടിസ്ഥാനത്തിൽ സെൻട്രൽ വിജിലൻസ് കമ്മീഷനോ, സിബിഐ യോ ഈ കേസ് അന്വേഷിക്കണമെന്നതാണ് ജീവനക്കാരുടെയും തദ്ദേശീയരായ ജനങ്ങളുടെയും ശക്തമായ ആവശ്യം.