വളർച്ചാനിരക്ക് ഏഴ് ശതമാനമാകുമെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്

71

ന്യൂ ഡൽഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ 2018-19 ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് രാജ്യസഭയുടെ മേശപ്പുറത്ത് വച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്‍റെ വളര്‍ച്ച നിരക്ക് ഏഴ് ശതമാനം ആയിരിക്കുമെന്നാണ് സാമ്പത്തിക സര്‍വേ പറയുന്നത്.

നാളെ രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിന് മുന്നോടിയായിട്ടാണ് ഇന്ന് സാമ്പത്തിക സര്‍വേ സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വച്ചത്.

ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ 2018 -19 സാമ്പത്തിക വര്‍ഷം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കായ 6.8 ശതമാനമാണ് രേഖപ്പെടുത്തിയിരുന്നത്. വരുന്ന സാമ്പത്തിക വര്‍ഷം ഇതില്‍ നിന്ന് സമ്പദ്‍വ്യവസ്ഥയ്ക്ക് മുന്നേറ്റമുണ്ടാകുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ 2018 -19 ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

2019 സാമ്പത്തിക വർഷത്തിൽ പൊതു ധനക്കമ്മി 5.8 ശതമാനമായി കുറഞ്ഞു. 2020 സാമ്പത്തിക വർഷത്തിൽ ജിഡിപി ഏഴ്‌ ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ സമ്പത് വ്യവസ്ഥയെ സാരമായി ബാധിച്ചു. തൊഴിൽ, നിക്ഷേപം എന്നിവക്ക് മുൻഗണന നൽകുമെന്നാണ് സൂചന. ഇന്ധനവില കുറയാനുള്ള സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

വിദേശ നിക്ഷേപങ്ങൾക്ക് മേൽ ഇപ്പോഴുള്ള കടുത്ത നിയന്ത്രണങ്ങൾ മാറ്റാനുള്ള സാധ്യതയുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. . നിക്ഷേപങ്ങൾ കൂടുതൽ രാജ്യത്തേക്ക് വരുന്നത് വഴി കൂടുതൽ പുതിയ തൊഴിലവസരങ്ങൾ സൃഷിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ജി എസ് ടി , വളർച്ചയിലെ മെല്ലെപ്പോക്ക്, കാർഷിക പദ്ധതികൾ എന്നിവ സാമ്പത്തിക രംഗത്തിന് വെല്ലുവിളിയാകാൻ സാധ്യതയുണ്ട്