കോവിഡ് കാലത്തെ കുഞ്ഞു നഷ്ടങ്ങൾ

902

പ്രഭ പ്രമോദ്

രണ്ടാം നിലയിലെ ഈ 600 sq ഫീറ്റ് അപ്പാർട്മെന്റിൽ എന്റെകിടപ്പുമുറികളുടെചില്ലുവാതിലുകൾ തുറക്കുന്നത് ഒരുകൊച്ചു പച്ചതുരുത്തുപോലുള്ള ബാൽകണിയിലേക്കാണ്.

അവിടെ നിന്നും നോക്കിയാൽ ഒട്ടും ആകർഷണീയങ്ങൾ അല്ലാത്ത കാഴ്ചകൾ ആണ്. കെട്ടിടത്തിന്റെ താഴത്തെനിലയിലെ വർക്ക് ഷോപ്പുകളിൽ വരുന്നവണ്ടികളുടെ ബഹളവും തിരക്കും നിറഞ്ഞ, വീതി കുറഞ്ഞറോഡും, അതിനുമപ്പുറം എന്റെ കുട്ടികൾ പഠിക്കുന്ന സ്കൂളും.

വിജനമായ സ്കൂൾ കെട്ടിടത്തിനകത്തും പുറത്തുമായി നീലയൂണിഫോറമിട്ട ആഫ്രിക്കക്കാരി സെക്യൂരിറ്റി ഗാർഡ് റോന്തുചുറ്റുന്നുണ്ട് .

ജോലിഭാരം കുറഞ്ഞത് അവർക്ക്ആശ്വാസകരമായിരിക്കുമോ?അതോ ഈഏകാന്തതയിൽ ഉറഞ്ഞ നിശബ്ദത അവരെ അലോസരപ്പെടുത്തുന്നുണ്ടാവുമോ?
കൃത്രിമ പുല്ലുകൾ പിടിപ്പിച്ച വിജനമായ മൈതാനവും അനക്കമില്ലാതെ,നിരനിരയായി കിടക്കുന്ന നൂറിലധികംവരുന്ന സ്കൂൾ ബസ്സുകളുടെ മുകൾ ഭാഗവും എന്നിക്കുകാണാം …..
പല സുഹൃത്തുക്കളും എന്നോട് ചോദിക്കാറുണ്ട്നിങ്ങൾക്കു വീട്ടിലിരുന്നു മടുക്കുന്നില്ലെ എന്ന് ?എന്തിനുഎന്നാണ് എന്റെ മറുചോദ്യം.
കുട്ടികൾ രണ്ടാളുംസ്കൂൾ ജീവിതം തുടങ്ങിയപ്പോൾ എനിക്ക്എന്റെതായ ഇഷ്ടങ്ങൾക്ക് സമയം ലഭിച്ചു .വായന, എഴുത്ത്,പാചകം,സൗഹൃദങ്ങൾ……ഒക്കെത്തിനും സമയം ധാരാളം.
അടിമത്തം അടിച്ചേൽപ്പിക്കാതിരിക്കുന്നിടത്തോളം കാലം ഇതൊക്കെ സ്വാതന്ത്ര്യങ്ങൾ തന്നെ ….

എന്റെ പകലുകളിൽ സ്കൂളിലേക്കു പോകില്ലെന്ന് വാശിപിടിച്ച് ഏങ്ങിയും വിതുമ്പിയും നിലവിളിച്ചുമുള്ള കുഞ്ഞുമക്കളുടെ കരച്ചിലുകൾ ഉണ്ട് ..

നിലത്തുകിടന്ന് ഉരുണ്ടുകരയുന്നവരും മാതാപിതാക്കളുടെപിന്നാലെ കുതറി ഓടി വരുന്നവരും ഉണ്ട് ….

തിരിച്ചു വരുമ്പോൾ നുണയാൻ മുട്ടായികൾ നൽകാമെന്ന്ചിലരെയൊക്കെ ഞാൻ പ്രലോഭിപ്പിക്കാറുമുണ്ടായിരുന്നു, അന്നൊക്കെ.
എത്രതവണയാണ് എന്റെ മടിച്ചികുട്ടികളെ ഈമട്ടുപ്പാവിൽനിന്നും സ്കൂളിലേക്കു വലിച്ചെറിയുമെന്നുഭീഷണിപ്പെടുത്തിയിട്ടുള്ളത് …ഇപ്പോൾ ഇതാ അവർക്ക് സ്‌കൂൾ തുറന്നാൽ മതിയെന്ന് …….കൂട്ടുകാരികളെ ഒരിക്കൽകൂടി ഒന്ന് കണ്ടാൽ മതിയെന്ന് ….

സ്കൂളിലെ ജനഗണമനയും ഐഷി ബിലാ ആദി യും എന്റെപകലുകളിൽ ചോദിക്കാതെ തന്നെ കയറിവരാറുണ്ടായിരുന്നു.

ഒരു ഘോഷയാത്രയായി സ്കൂളിലേക്കുള്ള പോക്കും തിരിച്ചുവരവും.ആ വരവിൽ ചേച്ചി പിച്ചിയെന്നുംകൂട്ടുകാരികളുടെ കൂടെ സംസാരിച്ചു സമയം വൈകി എന്നുംപരാതിപൊതിയുമായി കല്യാണി…
പുസ്തകസഞ്ചികൾവലിച്ചെറിഞ്ഞു ഇടനാഴികളിൽ പൊട്ടിചിരിച്ചുകൊണ്ടുഓട്ടപ്പന്തയം നടത്തുന്ന വികൃതികൾ ……..പലപ്പോഴും ഇവരെവീട്ടിനകത്താക്കി താഴിട്ടുപൂട്ടിയിരുന്നു ഞാൻ…
മാർച്ചിലെഅവധികാലത്ത് എല്ലാവരെയും പാർക്കിൽകൊണ്ടുപോകാമെന്ന എന്റെ വാഗ്‌ദാനം ഇന്നുംപൂർത്തീകരിക്കാൻ കഴിഞ്ഞില്ലല്ലോ …
മലയാളവും,തമിഴും,തെലുങ്കും,കന്നഡയും,പഞ്ചാബിയും,ഹിന്ദിയും,ഇംഗ്ലീഷും,ഉറുദുവും,പാഴ്‌സിയുംസംസാരിക്കുന്നവർ…..

സൗഹൃദങ്ങൾക്ക് ഭാഷ ഒരുതടസ്സമേയല്ല എന്ന് തിരിച്ചറിവുകൾ…….
ആഹ്‌ളാദത്തോടെ ഓടിവന്ന് കെട്ടിപിടിക്കുമ്പോളും കുഞ്ഞു കുഞ്ഞുകാര്യങ്ങൾപറഞ്ഞ് കാരണമില്ലാതെ പൊട്ടിച്ചിരിക്കുമ്പോളും പലർക്കുമറിയില്ലല്ലോ………കൈകളിൽ തോക്കേന്തി,പരസ്പരം നിറയൊഴിക്കാൻ തയ്യാറായി നിൽക്കുകയാണ് തങ്ങളുടെരാജ്യങ്ങൾ എന്ന് ……

എന്നും എപ്പോഴും തുറന്നിട്ടിരിക്കുന്നഈ വാതിലുകളിലൂടെ പൂമ്പാറ്റകളെപോലെ പാറി വന്ന് ,

പൂച്ചട്ടിയിൽ കൂടുകൂട്ടിയ കുരുവിയുടെ മുട്ടകൾ വിരിഞ്ഞോഎന്ന് അന്വേഷിക്കുന്നവർ,

ചിറകുകൾ മുളച്ചുവോ എന്നാണ് വേറെ ചിലർക്കറിയേണ്ടത് .

ആമ്പൽകുളത്തിൽ പുതിയതായി വന്ന ഗപ്പികളിൽ ആൺപെൺ തിരിച്ചറിയാൻ ചിലരെന്നെ പഠിപ്പിക്കുമ്പോൾ…….ഇലകൾക്കിടയിൽ പതുങ്ങിയിരിക്കുന്ന കുസൃതികാരനെകണ്ടുപിടിച്ചു മറ്റു ചിലർ……

ചെമ്പരത്തിപ്പൂവ് കണ്ടപ്പോൾ ഇതാണോ ഹിബിസ്ക്സ്എന്ന്കണ്ണുമിഴിച്ചവരും ഉണ്ട് കൂട്ടത്തിൽ ……
അവധിക്കാലം കഴിഞ്ഞു തിരിച്ചുവരുമ്പോൾ എന്താണ്കൊണ്ടുവരേണ്ടതെന്ന് തിരക്കിയവരും മധുരപലഹാരങ്ങൾവാഗ്ദാനം ചെയ്തവരും……..

രുചിയൂറും മണം പരക്കുന്നല്ലൊ ഞങ്ങൾക്കും വേണം എന്ന്അവകാശത്തോടെ മേശക്കരികിൽ അക്ഷമയോടെ സ്ഥാനംപിടിച്ചിരുന്നവർ ……..

ലോക്ക് ഡൗൺ ആയാല്ലോ എന്ന് കരുതിഅബദ്ധത്തിൽപ്പോലും സ്വന്തം വീടുകളിൽ കയറാതെ വെള്ളംകുടിക്കാൻ ഓടിക്കയറി വരുന്നവർ…….

ഒരു വാതിൽതുറക്കുമ്പോൾ അതിന്റെ അനുരണനം പോലെതുറക്കപ്പെടുന്ന മറ്റു വാതിലുകളിലൂടെ ചിറകുകൾ വിടർത്തിപറന്നു വരുമായിരുന്നവർ……

അവധികാലം ചെലവഴിക്കാൻആഫ്രിക്ക യിൽ നിന്നെത്തിയ ‘റാത്തും ‘’വാത്തും’, ആരുംകൂട്ടുകൂടുന്നില്ലെന്നു സങ്കടപ്പെട്ടപ്പോൾ സൗഹൃദ സന്ദേശവുംആയി കല്യാണിയേയും കൂട്ടുകാരെയും പറഞ്ഞയച്ചതിൽചാരിതാർഥ്യം തോന്നി …..വർണ്ണവിവേചനത്തിനെതിരെ ചെറുവിത്തുകൾ പാകാൻ കഴിഞ്ഞല്ലോ ..

കണ്ണുകളിൽ കൗതുകംനിറച്ച് കഥകൾ പങ്കു വെച്ചവർ …..

ഓണവും വിഷുവുംക്രിസ്തുമസും പെരുന്നാളുകളും ഒന്നിച്ചാഘോഷിച്ചവർ……
ജന്മദിനങ്ങൾ കൂടപ്പിറപ്പുകളേക്കാൾ സ്നേഹത്തോടെഓർത്തുവെച്ച് ക്ഷണിക്കാതെ ഓടിയെത്തി അവകാശത്തോടെആഘോഷങ്ങളെ പിടിച്ചു വാങ്ങിയവർ…

ഒരുപുത്തനുടുപ്പിട്ടാൽ അതും “യെ നയാ ഫ്രോക്ക് ഹെ “ന്നുപറഞ്ഞു വരുന്ന നാല് വയസ്സുകാരി പഞ്ചാബി കുട്ടി ജസ്മീത്കൗർ …

“ഛീ റോട്ടി “എന്ന് മുഖം തിരിക്കുന്ന അവൾക്കുവേണ്ടത് ,എരിവുള്ള രസവും,പപ്പടവും ,കിഴങ്ങുവറുത്തതും,നെയ്യും ഒക്കെ കൂട്ടിയുള്ള ചോറാണ് …ഉട്ടേണ്ടതു പ്രമോദും..

അവളെ ആണ് ഇന്നലെ ഞാൻ അപ്രതീക്ഷിതമായി കണ്ടത്…..വിടർന്നകണ്ണുകളിൽ സ്നേഹത്തിന്റെ തിളക്കത്തോടെചിരിച്ചു …പിന്നെ നാണത്തോടെ വീടിനകത്തേക്കോടി…തിരിച്ചുവന്നു ഹായ് പാഭആൻറി എന്ന് കൊഞ്ചി….വാതിലിനുപിന്നിൽ ഒളിച്ചു …അവളെന്റെ പേര്മറന്നിരുന്നത്രെ…..കേട്ടപ്പോൾ സങ്കടമാണ് തോന്നിയത്…

ഹൃദയത്തിലൊരു തേങ്ങൽ ഉയർന്നു …

എന്റെ കുഞ്ഞേ,പണ്ടത്തെ പോലെ ഓടിവന്ന് നിന്നെ കോരിയെടുക്കാനും,ആകാശത്തേക്കുയർത്തി വട്ടം ചുറ്റാനും,നെറുകയിലൊരുമ്മവയ്ക്കാനും, ആ ചെമ്പിച്ച മുടിയിഴകൾ ചീകിയൊതുക്കിപൊട്ടുകുത്താനുമൊക്കെ എനിക്കു കൊതിയാവുന്നു…”

ഈ ഇടനാഴികളിൽ കുഞ്ഞുങ്ങളെ….. നിങ്ങളുടെ പൊട്ടിച്ചിരികളും കുഞ്ഞുപിണക്കങ്ങളും ഒരിക്കൽ കൂടി കേൾക്കുവാൻതോന്നുന്നു …”

ഇന്നീ ഇടനാഴികൾ ശൂന്യമാണ് ….ഈകുസൃതികുരുന്നുകൾ കംപ്യൂട്ടറിനുമുന്നിൽ ഓജസ്സും തേജസ്സും നഷ്ടപ്പെട്ട്, മൗനികളായി പഠനം നടത്തുന്നു……

പൊട്ടിച്ചിരികൾ കേൾക്കാനേയില്ല ……..കോവിഡ് കാലം വരുത്തിയനഷ്ടങ്ങൾ വലുതാണെന്നറിയാം.പലർക്കും ജീവനും,ജീവിതവും,ജീവന്റെ ജീവനും നഷ്ടമായിട്ടുണ്ട്….
ജോലിയും,വേതനവും,ഭക്ഷണം പോലും ഇല്ലാതെ ആയിട്ടുണ്ട്..
എങ്കിലുംകുഞ്ഞു നഷ്ടങ്ങളെ കുറിച്ചും നമ്മുക്കോർക്കാം ….
ഒരുമനുഷ്യായുസ്സിലെ ഏറ്റവും മനോഹരമായ ഈ ബാല്യവും,കൗതുകങ്ങളും സൗഹൃദങ്ങളും,നിഷ്കളങ്കതയുംകൂടി ഇതോടൊപ്പം ചോർന്നുപോകുന്നില്ലേ…
കുഞ്ഞുങ്ങൾകുഞ്ഞുങ്ങല്ലാതാവുന്നതുപോലൊരു തോന്നൽ ..
ഈമഹാമാരിക്കാലം ഒഴിഞ്ഞു പോകുമ്പോൾ തിരിച്ചു വരുമോഈ നിഷ്‌കളങ്കതയും സൗഹൃദങ്ങളും ….
എനിക്കറിയാംഎന്റെ കുഞ്ഞുങ്ങൾ ഇന്ന്ആഗ്രഹിക്കുന്നതെന്തെന്ന്…..
ഒരുവട്ടം കൂടി പ്രിയപ്പെട്ട കൂട്ടുകാരിയുടെ കൈകോർത്തുപിടിച്ച് ,പച്ചവിരിച്ച മൈതാനത്തിലൂടെഓടികളിക്കാനും തളരുമ്പോൾ കിതച്ചുകൊണ്ട് വീഴാനും,അവിടെ കിടന്ന് നീലാകാശം നോക്കി പൊട്ടിച്ചിരിക്കാനും,ചിരിച്ചു ചിരിച്ച് ആർദ്രമാം മിഴികളിൽ നോക്കി വീണ്ടും വീണ്ടുംപൊട്ടി പൊട്ടി ചിരിക്കാനും ആവും….