ദുബായ് തിരിച്ചു വരികയാണ്, ജീവിതത്തിലേയ്ക്ക്

7313

പ്രഭ പ്രമോദ്

മരുഭൂമിയിലെ അതികഠിനമായ വേനൽ ചൂടിനേയും തീവ്രമായ തണുപ്പിനേയും വെല്ലുവിളിച്ച് പടുത്തുയർത്തിയ ഒരു നാടായതു കൊണ്ടാവാം, ഏതു പ്രതിസന്ധിയെയും ധൈര്യത്തോടെ നേരിടാൻ പ്രാപ്തമായത്.

പ്രവാസികളാകട്ടെ പ്രിയപ്പെട്ട പലതും ഉപേക്ഷിച്ച് അതിജീവനം ശീലമായവരും.

ഇവിടെ മഹാമാരിയെ തളച്ചു എന്നല്ല,യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിച്ചേ കഴിയൂ എന്നും ജീവിതം മുന്നോട്ടു കൊണ്ടുപോകുകയേ നിവർത്തിയുള്ളൂ എന്നുംമനസിലാക്കി എന്നതാണ്.

സുഹൃത്തുക്കളിൽ ചിലരൊക്കെ മഹാമാരിയെ ആത്മധൈര്യത്തോടെ നേരിട്ട് തരണം ചെയ്തു.

കഴിഞ്ഞ അഞ്ചു മാസങ്ങളായി പ്രമോദ് സാധാരണ പോലെ ജോലിക്കു പോകുകയും വരികയും ചെയ്യുന്നു, മാസ്കും കൈയുറകളും ധരിച്ച്….കുറച്ചധികം ശ്രദ്ധയോടെ …..

ആഴ്ചയിലൊരിക്കൽ മാത്രം അവശ്യവസ്തുക്കൾ വാങ്ങുന്നതിനുവേണ്ടി രണ്ടാളും കൂടി പുറത്തിറങ്ങും, തൊട്ടടുത്ത സൂപ്പർമാർക്കറ്റിലേയ്ക്ക്.

കുട്ടികൾ ഓൺലൈൻ പഠനവും ടെലിവിഷനും ആയിവീടിനകത്ത് ….

വൈകുന്നേരങ്ങളിൽ ചെറിയ ബാല്കണിയിലേക്ക് ഇറങ്ങി നിന്ന് വിജനമായ വീഥികളിലേക്കും അനന്തമായ ആകാശത്തിലേക്കും നോക്കും.രാത്രികളുടെ നിശബ്ദതയിൽ മുഴങ്ങുന്ന ആംബുലൻസുകളുടെയും പോലീസ് വാഹനങ്ങളുടെയും ശബ്ദം ഭീതിയുണർത്തുമായിരുന്നു …

“അയാൾ ഇവിടെത്തന്നെയായിരുന്നു ജനിച്ചതു മറ്റെവിടെയായിരുന്നെങ്കിലും അയാൾക്ക് ഭ്രഷ്ടനാക്കപ്പെട്ടതു പോലെ തോന്നിയേനേ” എന്ന ആൽബർട്ട് കാമുവിന്റെ വരികൾ എത്ര അർത്ഥവത്താണ്.

അന്യരാജ്യത്ത് ഒറ്റപ്പെട്ടു പോകുന്നവരുടെ അവസ്ഥ അത് അനുഭവിച്ചു തന്നെ അറിയണം.

ദ ഗസ്റ്റ് എന്ന ചെറുകഥയിൽ പീഠഭൂമിയിലെ മഞ്ഞുവീഴ്ചയിൽ ഒറ്റപ്പെട്ടു പോകുന്ന സ്കൂൾമാസ്റ്ററുടെ ഏകാന്തതയെ ഈ അൾജീരിയൻ എഴുത്തുകാരൻ എത്ര ഭംഗിയായാണ് വരച്ചു കാട്ടുന്നത് …

ഇപ്പോളിതാ ഇവിടെ ഷോപ്പിംഗ് മാളുകളും തിയേറ്ററുകളും പാർക്കുകളും ഒക്കെ തുറന്നു കഴിഞ്ഞു.ഹോട്ടലുകളും കഫെറ്റീരിയകളും ശബ്ദമുഖരിതമായി തുടങ്ങി.

എത്ര നാളുകൾക്കു ശേഷമാണ് കുട്ടികളെയും കൂട്ടിപുറത്തിറങ്ങിയത്, മുഖംമൂടിയും കൈയുറകളുമായി …..

സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു…കടൽത്തീരത്തെ ഊഷ്മളമായ കാറ്റേറ്റപ്പോൾ പ്രതീക്ഷയുടെ ചെറുവെട്ടം …

ലോകം പഴയതുപോലെതന്നെ ആവും ….

ആൾക്കൂട്ടത്തിൽ സ്വയം നഷ്ടപ്പെട്ട് അപരിചിതർക്കിടയിൽ പരിചിതരായി നമ്മൾ കൈകോർത്തുനടക്കും….

ജുമൈറയിലെ കടലോരത്ത് കുനാഫയും അറബിക്മധുരങ്ങളും നുണയും…

സിനിമാ കൊട്ടകകളുടെ തണുപ്പിൽ കാരമലൈസ് ചെയ്ത പോപ്‌കോൺ കൊറിക്കും …

വാരാന്ത്യങ്ങളിൽ കരാമപാർക്കിൽ കൂട്ടുകാരോടൊത്ത് സൊറ പറഞ്ഞ് രാത്രി രണ്ടു മണിവരെ ഇരിക്കും ….

തണുപ്പുകാലങ്ങളിൽ മരുഭൂമിയിൽ കൂടാരമടിച്ച് തീ കാഞ്ഞും ഭക്ഷണം ചുട്ടുതിന്നും ബദുയിൻകളെ(Bedouin) പോലെ നേരം വെളുപ്പിക്കും ….

ഒന്നിനുമല്ലാതെ ഷോപ്പിംഗ് മാളുകളിൽ കറങ്ങിനടന്നു ഒന്നുംവാങ്ങിച്ചില്ലെന്ന് വഴക്കുകൂടും ….

ഉത്തരേന്ത്യൻ സ്വാദുകൾ നുണയാൻ രാത്രികളിൽ ബർദുബായിലെ തെരുവുകളിലൂടെ നടക്കും..

കുങ്കുമപ്പൂവ് ചേർത്ത കാശ്മീരി ചായ ഊതികുടിച്ച്ആകാശത്തിലെ വെള്ളിനക്ഷത്രങ്ങളെ എണ്ണി,പതിഞ്ഞ ശബ്ദത്തിൽ എനിക്കുവേണ്ടി മാത്രം മൂളുന്ന പാട്ടിന്റെ ഈണത്തിൽ മുഴുകി നിദ്രയുടെ നനുത്ത തഴുകലിൽഅടയുന്ന മിഴികളോടെ രാത്രിയുടെ അവസാനയാമങ്ങളിൽ ദുബായ് നഗരത്തിലൂടെ വണ്ടിയോടിച്ച് വീട്ടിലെത്തി കിടക്കയെ പുൽകും നാം ഇനിയുമെന്നെങ്കിലും ….

അറിയാത്ത നാടുകളുടെ ഹൃദയമിടിപ്പുകളെ തൊട്ടറിയാൻ യാത്രകൾ ചെയ്യുമായിരിക്കും ഇനിയും ……

സൂര്യോദയത്തിൽ നനഞ്ഞ കടൽത്തീരത്തുകൂടി നഗ്നപാദയായി, കുട്ടികളെ ചേർത്തു പിടിച്ച് നടക്കും വീണ്ടും എന്നെങ്കിലും…….

ഞാൻ ഹൃദയപൂർവ്വം സ്നേഹിക്കുന്നു ഈ മരുഭൂമികളെ …..

ചുവന്ന പർവ്വതനിരകളെ…..

തിരക്കേറിയ പാതകളെ…….

ആൾക്കൂട്ടത്തെ…..

അംബരചുംബികളായ കെട്ടിടങ്ങളെ ……

വർണ്ണ വിളക്കുകൾ പുഞ്ചിരിച്ചു പകലുകളാക്കുന്ന രാത്രികളെ….

ധീരതയോടെ അഭിമുഖീകരിക്കുക തന്നെ ഈ പ്രതിസന്ധിയെ….

അതെ….

ഞങ്ങൾ അതിജീവനത്തിന്റെ പാതയിലാണ് …..

ശാരീരിക അകലം പാലിച്ച്, സാമൂഹിക അകലം പാലിച്ച് ,…….

“ഒരു വോയിസ് മെസ്സേജ് ഇടൂ കേൾക്കട്ടെ നിന്റെ ശബ്ദം”എന്ന് അകലങ്ങളിലുള്ളവരെ ചേർത്തുപിടിച്ച് ….

“ഒറ്റയ്ക്കിരിക്കുമ്പോൾ എന്നെ വിളിക്കൂ…ഞാൻ എപ്പോഴുംകേൾക്കാൻ തയ്യാറാണ് എന്ന് സ്നേഹിച്ച് …

നീ പറഞ്ഞോളു എനിക്ക് തിരക്കില്ല എന്ന് സമാധാനിപ്പിച്ച് ….

നമ്മുക്ക് കൂടണ്ടേ..അടിച്ചു പൊളിക്കണ്ടേ..എന്ന് ആവേശം പകർന്ന്….. സൗഹൃദങ്ങളെ,സ്നേഹ ബന്ധങ്ങളെ ഹൃദയത്തോടു ചേർത്ത് ……..