ലഹരി മാഫിയയെ മാഫിയയായി കാണണം, മതചിഹ്നം നല്‍കരുത്: മുഖ്യമന്ത്രി

829

തിരുവനന്തപുരം: ലഹരി മാഫിയയെ മാഫിയയായി കാണണമെന്നും അതിന് മതചിഹ്നം നല്‍കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിന്റെ ഐക്യം നിലനിര്‍ത്താനുള്ള ശ്രമമാണ് എല്ലാവരില്‍ നിന്നും ഉണ്ടാകേണ്ടത്. ഏത് വിഷയവും പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന ഒരു സമൂഹമാണ് നമ്മുടേത്. മറ്റ് ശക്തികള്‍ ഉണ്ടെങ്കിലും, നമ്മുടെ നാടിന്റെ മതനിരപേക്ഷത നിലനില്‍ക്കണമെന്നാണ് മഹാഭൂരിപക്ഷം പേരുടേയും ആഗ്രഹം. പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.നാര്‍ക്കോട്ടിക് ജിഹാദിനെ പറ്റി കേട്ടിട്ടില്ല എന്ന തന്റെ പരാമര്‍ശത്തെക്കുറിച്ച്‌ മുഖ്യമന്ത്രി വിശദീകരിച്ചു. “നാര്‍ക്കോട്ടിക്ക് എന്ന് കേട്ടിട്ടുണ്ട്. സമൂഹത്തില്‍ നല്ല രീതിയിലുള്ള യോജിപ്പ് ഉയര്‍ത്തിക്കൊണ്ട് വരുന്നതിനാണ് മുന്‍ഗണന. നാര്‍ക്കോട്ടിക് മാഫിയ എന്ന് എല്ലാവരും കേട്ടിട്ടുണ്ട്. ഇത് ലഹരി മരുന്നിന്റെ മാഫിയയാണ്. ഇത് ലോകത്ത് തന്നെ വലിയ തോതില്‍ പ്രവര്‍ത്തിക്കുന്നു. ചില സര്‍ക്കാരുകളേക്കാള്‍ ശക്തമാണ്. അങ്ങനെയുള്ള മാഫിയയെക്കുറിച്ച്‌ ആരും അറിയാത്തതില്ല. അതിനെ മാഫിയയെ ആയിട്ടാണ് കാണേണ്ടത്. മതചിഹ്നം നല്‍കേണ്ടതില്ല,” പിണറായി വിജയന്‍ വ്യക്തമാക്കി.

“പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ വിശദീകരണം രൂപത നല്‍കിയിട്ടുണ്ട്. തങ്ങളുടെ വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്തതെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ പ്രകോപനപരമായി പോകാതിരിക്കുകയാണ് വേണ്ടത്. സമൂഹത്തില്‍ വര്‍ഗീയ ചിന്തയോടെ നീങ്ങുന്ന ശക്തികള്‍ ദുര്‍ബലമാവുകയാണ്. പക്ഷെ, ഇത്തരം സാഹചര്യം ലഭിക്കുമ്ബോള്‍ അവര്‍ പക്ഷം പിടിക്കാന്‍ ശ്രമിക്കും. ഇങ്ങനെയുള്ള ശക്തികളെ തിരിച്ചറിയേണ്ടതാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.”സമൂദായത്തിലെ അംഗങ്ങളുടെ കാര്യങ്ങള്‍ സമുദായ സംഘടനകള്‍ ആലോചിക്കും. രാഷ്ട്രീയ കക്ഷികള്‍ക്ക് പൊതു സമൂഹത്തിനൊപ്പം നിന്നെ പ്രതികരിക്കാന്‍ സാധിക്കു. സമൂദായത്തോട് പറയേണ്ട കാര്യങ്ങള്‍ പറയുമ്ബോള്‍ മതചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തുമ്ബോള്‍ അത് മറ്റ് ചിലരുടെ വികാരത്തെ വൃണപ്പെടുത്തും. അത് ആദരണീയരായ വ്യക്തികളില്‍ നിന്ന് ഉണ്ടാകരുത്,” മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.