ഡിഎന്‍എ പരിശോധന ചിത്രീകരിക്കുമെന്ന ഉറപ്പ് നടപ്പായില്ല; ശിശുക്ഷേമ സമിതി തെളിവു നശിപ്പിക്കാന്‍ കൂട്ടു നില്‍ക്കുന്നു

32650

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയെന്ന വിഷയത്തില്‍ ശിശുക്ഷേമ സമിതിക്കെതിരെ ആരോപണം കടുപ്പിച്ച്‌ അനുപമ.സി.ഡബ്ല്യൂ.സി തെളിവു നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കുകയാണെന്ന് അനുപമ ആരോപിച്ചു. ഡിഎന്‍എ പരിശോധന നടത്താന്‍ സാമ്ബിള്‍ ശേഖരിച്ച രീതിയെയും അവര്‍ വിമര്‍ശിച്ചു.

സാമ്ബിള്‍ എടുക്കുന്നത് ചിത്രീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയെങ്കിലും അത് നടപ്പായില്ല. സിസിടിവി ദൃശ്യങ്ങളില്‍ വിശ്വാസ്യതയില്ല. കുറ്റക്കാരെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നു. വകുപ്പുതല അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.വിഷയത്തില്‍ വനിതാ – ശിശുവികസന വകുപ്പ് തല അന്വേഷണം നടത്തുന്നതിനിടെയാണ് പുതിയ ആരോപണവുമായി അനുപമ രംഗത്തെത്തിയിട്ടുള്ളത്. അന്വേഷണ റിപ്പോര്‍ട്ട് ഇന്നോ നാളെയോ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് വിവരം. അനുപമയുടേയും അജിത്തിന്റെയും മൊഴി വനിതാ – ശിശു വികസന വകുപ്പ് ഡയറക്ടര്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിലടക്കം സംശയമുണ്ടെന്നാണ് അനുപമ പറയുന്നത്.

മൊഴിയെടുത്തപ്പോള്‍ തന്നെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് ഉണ്ടായത് എന്ന് അനുപമ ആരോപിച്ചു. എന്തുകൊണ്ട് കോടതിയില്‍ കേസ് കൊടുത്തില്ല? ശിശുക്ഷേമ സമിതിയില്‍ അനുപമ പോയി അന്വേഷിച്ചതിന് രജിസ്റ്ററില്‍ തെളിവുകളില്ല തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോള്‍ വനിതാ ശിശു വികസന ഡയറക്ടര്‍ പറയുന്നത്. അതുകൊണ്ട് തെളിവടക്കം നശിപ്പിക്കുന്ന ഒരു നടപടി ഉണ്ടായിട്ടുണ്ട് എന്ന സംശയമാണ് അനുപമ പ്രകടിപ്പിക്കുന്നത്.’കേസില്‍ വകുപ്പ് തല അന്വേഷണത്തില്‍ വിശ്വാസമില്ല. ഷിജു ഖാന്‍ അടക്കമുള്ളവരെ സംരക്ഷിക്കാനുള്ള നീക്കം സര്‍ക്കാരിന്റെയും വകുപ്പിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നു. അതുകൊണ്ട് വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെങ്കിലും ഇതില്‍ വിശ്വാസമില്ല’ – അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് ദത്ത് ലൈസന്‍സ് ഉണ്ടെങ്കില്‍ കോടതിക്ക് മുമ്ബില്‍ ഹാജരാക്കാന്‍ എന്തുകൊണ്ട് സാധിച്ചില്ല എന്നും അനുപമ ചോദിച്ചു.

അതേസമയം നടന്നത് കുട്ടിക്കടത്താണ്, സംഭവത്തില്‍ സിബിഐ അന്വേഷണം വേണം. അന്വേഷണമാവശ്യപ്പെടാനുള്ള നടപടികള്‍ തുടങ്ങിയെന്നും അനുപമ വ്യക്തമാക്കി. ദത്ത് വിവാദത്തില്‍ നിര്‍ണായകമായ ഡിഎന്‍എ പരിശോധനാഫലം ഇന്നോ നാളെയോ വരാനിരിക്കെ ശിശുക്ഷേമസമിതി സെക്രട്ടറി ഷിജു ഖാനടക്കമുള്ളവര്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി അനുപമ രംഗത്തു വരുന്നത്.

സംഭവിച്ച വീഴ്ചകള്‍ മുഴുവന്‍ തന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമം. കുഞ്ഞിനെ കിട്ടിയാലും സമരവുമായി മുന്നോട്ടുപോകുമെന്നും, ഇതില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരം ചെയ്യുമെന്നും അനുപമ വ്യക്തമാക്കുന്നു. കുഞ്ഞിന് അനുപമയും അജിത്തും ചേര്‍ന്ന് പേര് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ കിട്ടിയാല്‍ ആ പേര് വിളിക്കണമെന്നാണാഗ്രഹമെന്ന് അനുപമ പറയുന്നു.

ആന്ധ്രയില്‍ നിന്നും എത്തിച്ച കുഞ്ഞിന്റെ ഡിഎന്‍എ സാമ്ബിള്‍ ഇന്നലെ ശേഖരിച്ചിരുന്നു. അനുപമയും അജിത്തും, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നേരിട്ടെത്തി രക്തസാമ്ബിള്‍ നല്‍കിയിരുന്നു. ഡിഎന്‍എ ഫലം പോസിറ്റീവായാല്‍ കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള നടപടികള്‍.

ഈ മാസം മുപ്പതാം തീയതിക്ക് അകം ഡിഎന്‍എ പരിശോധനാ ഫലം ഉള്‍പ്പെടെ റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം കുടുംബകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ നടത്തുന്ന സമരം തുടരുകയാണ്. ആന്ധ്രയില്‍ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോള്‍ നിര്‍മലാ ഭവന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നല്‍കിയിരുന്നുവെങ്കിലും ഇത് നിലവില്‍ അനുവദിച്ചിട്ടില്ല.