മഠങ്ങളിൽ എത്തുന്ന വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന വിവാദ വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുര.

4943

കോഴിക്കോട്: മഠങ്ങളിൽ എത്തുന്ന വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന വിവാദ വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുര. സന്ദർശകരെന്ന വ്യാജേന എത്തിയാണ് ഇവർ ലൈംഗിക ചൂഷണങ്ങൾ നടത്തുന്നതെന്ന് സിസ്റ്റർ ലൂസി എഴുതിയ ‘കർത്താവിന്റെ നാമത്തിൽ’ എന്ന പുസ്തകത്തിൽ പറയുന്നു. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ മൂന്ന് തവണ ലൈംഗിക പീഡനശ്രമം നടന്നിട്ടുണ്ടെന്നും കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും സിസ്റ്റർ തന്റെ പുസ്‍തകത്തിലൂടെ വെളിപ്പെടുത്തുന്നു.

ചില മഠങ്ങളിൽ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേയ്ക്ക് നിർബന്ധപൂർവ്വം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവർ അനുഭവിക്കാറുള്ളത് അസാധാരണ വൈകൃതങ്ങളാണ്. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചുവെന്നും മുതിർന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ സ്വവർഗ്ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും പുസ്തകത്തിലൂടെ സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു.

സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്‍ മഠത്തില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയിരുന്നു. സഭാ നടപടി റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് സിസ്റ്റർ ലൂസികളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തള്ളിയിരുന്നു. മഠത്തില്‍നിന്നും പുറത്താക്കിക്കൊണ്ടുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസികളപ്പുര വത്തിക്കാനിലേയ്ക്ക് വീണ്ടും അയച്ച അപ്പീലില്‍ എഫ്സിസി അധികൃതർ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം കേരളത്തില്‍ കത്തോലിക്കാ സഭയ്ക്ക് നേരെ ഉയർന്ന ആരോപണങ്ങളും സഭാ അധികൃതരുള്‍പ്പെട്ട കേസുകളും അക്കമിട്ടുനിരത്തുന്നുണ്ട്.