പഞ്ചമിയിൽ നിന്ന് ദീപാ പി മോഹനനിലേക്കുള്ള ദൂരം അളക്കുവാനാകുമോ?

1085

ഉണ്ണികൃഷ്ണൻ പറവൂർ

പൊതു ഇടങ്ങളിൽ നിന്ന് അരികുവൽക്കരിക്കപെട്ടുപോയ ദലിതരുടെ, പിന്നോക്കകാരുടെ സാമൂഹിക നീതിക്കായുള്ള പോരാട്ടങ്ങളിലൂടെയാണ് ആധുനിക കേരളചരിത്രം ആരംഭിക്കുന്നത്. മഹാത്മാ അയ്യങ്കാളിയും ശ്രീനാരായണഗുരുവും സഹോദരൻ അയ്യപ്പനും ആറാട്ടുപുഴ വേലായുധപണിക്കരുമെല്ലാം ജാതിവിവേചനത്തിൻറെ അശുദ്ധമായ മണ്ണിനെ ഉർവ്വരമാക്കിയ കാലത്തെയാണല്ലോ നവോദ്ധാനമെന്ന പേരിട്ട് ആധുനിക കേരളം വിളിക്കുന്നത്. നവോദ്ധാന കാലഘട്ടത്തിലെ ഏറ്റവും ഐതിഹാസികമായ പോരാട്ടങ്ങളിൽ ഒന്ന് ദലിത് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കുവേണ്ടി മഹാത്മാ അയ്യങ്കാളി നടത്തിയ കാർഷികസമരമാണ്. ”ഞങ്ങളുടെ കുട്ടികളെ പഠിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാടങ്ങളിൽ പുല്ലുമുളപ്പിക്കും” കുടിപ്പള്ളിക്കൂടങ്ങൾ പലതവണകളായി കത്തിയമർന്ന ശേഷം പഞ്ചമിയെന്ന വിദ്യാർത്ഥിനിയേയും കൈപിടിച്ച് സവർണ്ണ മാടമ്പികളുടെ ഊരുട്ടമ്പലം സ്കൂളിലേക്ക് അയ്യൻകാളി പടികൾ കയറി. മാടമ്പികൾ സ്വന്തം സ്കൂൾ പോലും അഗ്നിക്കിരയാക്കാൻ മടിച്ചില്ല. ജാതി വിവേചനത്തിൻറെയും അസഹിഷ്ണുതയുടെയും ഒന്നാം തരം പുലയാട്ട്. ‘പഞ്ചമി’ യിരുന്ന പാതിക്കത്തിയ ബെഞ്ചിനെ സാക്ഷിയാക്കിയാണ് 2018 ലെ സ്കൂൾ പ്രവേശനോത്സവം കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം നടത്തിയത്. കോട്ടയം മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ പ്രവേശനകവാടത്തിൽ പഞ്ചമിയുടെ പാതി കത്തിയ ബെഞ്ചിനെ തന്നെ സാക്ഷിയാക്കിയാണ് കണ്ണൂർ ഇരിട്ടി സ്വദേശിനിയായ ദീപാ പി മോഹനൻറെ അനിശ്ചിത കാല നിരാഹാരസമരം 11-൦ ദിവസത്തിലേക്ക് പ്രവേശിക്കുന്നത്. നവോദ്ധാനകാലഘട്ടത്തിലെ ഓരോ സമരവും വീണ്ടും അവർത്തിക്കേണ്ടതുണ്ടോ എന്ന പ്രസക്തമായ ചോദ്യമാണ് പട്ടിക ജാതിയിൽ പെടുന്ന ദീപയുടെ നിരാഹാരസമരത്തിലൂടെ ദലിത് സമൂഹം കേരളത്തിൻറെ പൊതുമനസ്സാക്ഷിയോട് ചോദിക്കുന്നത്.

” തോറ്റുപോയ ഒരുപാട് പേർക്ക് വേണ്ടി എനിക്ക് ജയിക്കണം , നഷ്ടപ്പെടുവാൻ ഒന്നുമില്ലാത്തവർക്കു ജീവിതം ഒരു സമരം തന്നെയാണ് ” 2012 ൽ കണ്ണൂർ ഇരിട്ടിയിൽ നിന്ന് നാനോ സയൻസിൽ ഗവേഷണത്തിനായി മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ പ്രവേശനകവാടം നടന്നു കയറിയ ദീപയുടെ ദൃഢതയാർന്ന വാക്കുകളിൽ കേവല വ്യക്തി നേട്ടത്തിനപ്പുറം മൊത്തം ദലിത് സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന അപമാനത്തിൻറെയും തിരസ്ക്കാരത്തിൻറെയും ജാതി വിവേചനത്തിൻറെയും നെരിപ്പോടുകൾ ജ്വലിക്കുന്നു. അയ്യൻകാളിയുടെ പോരാട്ടങ്ങളോട് സംവദിക്കാൻ അദ്ദേഹത്തെ കാണാൻ കേരളത്തിലെത്തിയ മഹാത്മാ ഗാന്ധിയുടെ സ്മരണ നിറഞ്ഞുനിൽക്കുന്ന ഈ കലാശാലയിൽ ഒരു പെൺകുട്ടി കഴിഞ്ഞ 10 വർഷത്തോളമായി അധികാരികളുടെ അവജ്ഞക്കെതിരെ പടപൊരുതുകയാണ്. കേരളാ ഹൈക്കോടതിയും എസ് സി എസ് ടി കമ്മീഷനും സിൻഡിക്കേറ്റും ദീപയുടെ പരാതിയിൽ അനുകൂലമായ നടപടികൾ നിർദേശിച്ചിട്ടും പിന്നെയാർക്കാണ് ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തടസ്സവാദങ്ങൾ ഉള്ളത്. ആരോപണ വിധേയനായ ഡിപ്പാർട്ടുമെന്റ് തലവൻ ഡോ.നന്ദകുമാർ കളരിക്കലിനെ സംരക്ഷിക്കാനുള്ള സർവ്വകലാശാല വൈസ് ചാൻസലർ സാബു തോമസിൻറെ വ്യഗ്രതയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നവരെ ഈ സമൂഹത്തിന് കാണാവുന്നതാണ്. അവർ ആരെല്ലാമെന്നു കേരളത്തിലെ പൊതുസമൂഹം ഇന്ന് ചർച്ചചെയ്തുകൊണ്ടിരിക്കുന്നു. സാധാരണ വിദ്യാഭാസത്തിനുമപ്പുറത്തു ഉന്നത വിദ്യാഭ്യാസത്തിന് മുതിരുന്ന ഏതൊരു ദലിത് വിദ്യാർത്ഥിയും അതുപോലെ ഉദ്യോഗാർത്ഥിയും എത്രയോ തവണകൾ ഇതുപോലുള്ള വിവേചനത്തിന് ഇരയാകുന്നുവെന്നത് നാം പലപ്പോഴും കണ്ടുകഴിഞ്ഞതാണ്. രജനി എസ് ആനന്ദും രോഹിത് വെമുലയും ഇന്നും ഓർമ്മകളെ കണ്ണീരണിയിക്കുന്ന യാഥാർഥ്യങ്ങൾ മാത്രം. അധികാരകേന്ദ്രങ്ങളുടെ കരുത്തിൽ വളഞ്ഞ വഴിയിൽ മാർക്കുദാനമുൾപ്പെടെ ഉന്നതപദവികൾ നേടുന്നതും ആരെന്ന് കേരളം കണ്ടുകഴിഞ്ഞു. എന്നും ദലിത് വിഭാഗത്തിൻറെ ന്യായമായ അവകാശങ്ങൾക്ക് മേൽ അസ്വസ്ഥത പടർത്തുന്ന എല്ലാ അധികാരി പ്രമാണിത്വത്തിനെതിരേയും സാമൂഹിക നീതിയുടെ പടനിലം ഒരുക്കേണ്ടതുണ്ട്.

ദീപാ പി മോഹനൻറെ അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി മൂന്നാർ തോട്ടം തൊഴിലാളികളുടെ സമരനായിക ഗോമതിയും കഴിഞ്ഞ നാലുദിവസമായി നിരാഹാരസമരത്തിലാണ്. വടകര എം എൽ എ കെ കെ രമ, ഗീത ടീച്ചർ, സി ആർ നീലകണ്ഠൻ എന്നിവർ സമരവേദിയിൽ എത്തിയിരുന്നു.

ഇന്നലെ വൈകിയ വേളയിൽ ( 8 / 11 / 2021, 8 മണിക്കുശേഷം) സത്യാഗ്രഹ വേദിയിൽ നിന്ന് അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചതായ വിവരം ഭീം ആർമി പ്രവർത്തകർ അറിയിച്ചു. ശുഭപര്യവസാനമായ സമരത്തിൽ ദീപാ പി മോഹനൻ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും (7 എണ്ണം) അംഗീകരിക്കാൻ സർവകലാശാലാ അധികൃതതർ തീരുമാനിച്ച വിവരം വാർത്താക്കുറിപ്പിലൂടെ പുറത്തുവന്നു. അവസാനമായി പരിഗണിക്കപ്പെട്ടത് നന്ദകുമാർ കളരിക്കലിനെ ഡിപ്പാർട്ടുമെന്റിൽ നിന്ന് മാറ്റിയ തീരുമാനമായിരുന്നു. അത് സംബന്ധിച്ചുള്ള അവ്യക്തതയും പരിഹരിച്ചതോടെ ദീപായുന്നയിച്ച എല്ലാ ആവശ്യങ്ങളും പരിഗണിച്ചതായി, വൈസ് ചാൻസലർ സാബു തോമസ് അറിയിച്ചു. പതിനൊന്നു ദിവസത്തോളം കേരളത്തെ മുൾമുനയിൽ നിറുത്തിയ ഐതിഹാസികമായ അനിശ്ചിതകാല നിരാഹാരസമരത്തിന് അങ്ങിനെ തിരശീല വീണുകഴിഞ്ഞു. ഭിം ആർമിയുടെ നേതൃത്വത്തിൽ ആരംഭിച്ച സമരത്തിൽ ഐക്യദാർഢ്യത്തിനായി സമരവേദിയിൽ എത്തിച്ചേർന്ന എല്ലാ ദലിത് പ്രസ്ഥാനങ്ങൾക്കും സാമൂഹിക നീതിയുടെ കാവാലകളായുള്ള എല്ലാ സംഘടനകൾക്കും മാധ്യമ പ്രവർത്തകർക്കും ഭിം ആർമിയുടെ നന്ദിയും കടപ്പാടും ദേശീയ ഉപാധ്യക്ഷ അനുരാജി, ജില്ലാ പ്രസിഡൻറ് ശരവണൻ, വൈസ് പ്രസിഡൻറ് ബാബു ജോസഫ്, മൻസൂർ എന്നിവർ അറിയിച്ചു .