വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകടമരണം സിബിഐ അന്വേഷിക്കും

2823

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകടമരണം സിബിഐ അന്വേഷിക്കും. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. മരണത്തിൽ അസ്വാഭാവികതയില്ല എന്നാ നിഗമനത്തിലാണ് പൊലീസ്. മകന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്കറിന്‍റെ പിതാവ് കെ.സി ഉണ്ണി രംഗത്ത് വരികയും മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു.

പിതാവിന്‍റെ പരാതിയിലാണ് അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കിയത്. ഒരാഴ്ചയ്ക്കുള്ളിൽ കേസ് സിബിഐയ്ക്ക് കൈമാറും. ബാലഭാസ്കറിന്‍റെ പരിചയക്കാരനായ പ്രകാശ് തമ്പി തിരുവനന്തപുരത്ത് സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതാണ് കേസിൽ വഴിത്തിരിവായത്.

തുടർന്ന് കുടുംബാംഗങ്ങൾ ദുരൂഹതയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തി. 2018 സെപ്റ്റംബർ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് കാർ മരത്തിലിടിച്ചാണ് ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തു തന്നെ മരിച്ചു. ബാലഭാസ്കർ ഒക്ടോബർ രണ്ടിന് ആശുപത്രിയിലും മരിച്ചു. അപകടത്തിൽ ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.