കറി വേപ്പില കറി

1340

ഒരില ഒരായിരം ഗുണങ്ങൾ എന്ന് പറയുന്ന ആ ഒരില നമ്മുടെ കറിവേപ്പില ആണ്. ഒരായിരം ഗുണങ്ങൾ എന്ന് പറയുമെങ്കിലും പലപ്പോഴും നമ്മുടെ കറി വേപ്പിലയെ അവഗണിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. കേൾക്കുമ്പോൾ അത്ഭുതം തോന്നുന്ന കാര്യങ്ങൾ ആണ് നമ്മുടെ സ്വന്തം കറിവേപ്പിലക്ക് ഉള്ളത്. നാച്ചുറൽ mouthwash കൂടെ ആണ് നമ്മുടെ സ്വന്തം കറി വേപ്പില. ഈ ഒരു കറി നമുക്ക് ഗുണവും രുചിയും മാത്രമല്ല തരുന്നത്. വീട്ടിൽ കുറച്ചു കറി വേപ്പില ഉണ്ടോ, പിന്നെ പച്ചക്കറിയെ കുറിച്ച് ചിന്തിക്കാതെ ഗംഭീരം കറി തയ്യാറാക്കാം.

ചേരുവകൾ

കറിവേപ്പില        –  ഒരു കപ്പ്‌

പച്ചമുളക്           –   2 എണ്ണം

ചെറിയ ഉള്ളി      –   2 എണ്ണം

ജീരകം               –    അര സ്പൂൺ

നാളികേരം         –    5 സ്പൂൺ

ചുവന്ന മുളക്    –     2 എണ്ണം

വെളുത്തുള്ളി     –   3 അല്ലി

നല്ലെണ്ണ             –   3 സ്പൂൺ

ഉഴുന്ന്                 –   1സ്പൂൺ

പരിപ്പ്                  –  1സ്പൂൺ

ചുവന്ന മുളക്      –   2എണ്ണം

ഉള്ളി                    –  2എണ്ണം

കായം                 –  അര സ്പൂൺ

കറിവേപ്പില        –  2 സ്പൂൺ

മഞ്ഞൾ പൊടി   –  അര സ്പൂൺ

മല്ലി പൊടി          –   1 സ്‌പൂൺ

മുളക് പൊടി       –   1 സ്പൂൺ

പുളി                  – ഒരു നാരങ്ങാ വലിപ്പം

ശർക്കര             – അര സ്പൂൺ

ഉപ്പ്                    – ആവശ്യത്തിന്

നല്ലെണ്ണ നന്നായി ചൂടായി കഴിയുമ്പോൾ പച്ച മുളക്, വെളുത്തുള്ളി, ചുവന്ന മുളക്, ജീരകം, നാളികേരം, കറിവേപ്പില, ഉള്ളി ഇത്രയും നന്നായി വറുത്തു മാറ്റുക, ഒന്ന് തണുത്തിട്ടു നന്നായി അരച്ച് വയ്ക്കുക. വീണ്ടും ചീന ചട്ടി ചൂടാകുമ്പോൾ നല്ലെണ്ണ ഒഴിച്ച് ഉഴുന്ന്, പരിപ്പ്, ചുവന്ന മുളക്, കറിവേപ്പില ചേർത്ത് കായ പൊടിയും ചേർക്കുക. അരച്ച കൂട്ടും ചേർത്ത്
മഞ്ഞൾ പൊടി, മുളക് പൊടി, കായപ്പൊടി, ഉപ്പും ശർക്കരയും ഒപ്പം പുളി വെള്ളവും ചേർത്ത് എണ്ണ തെളിഞ്ഞു വരുന്ന വരെ തിളപ്പിക്കുക. ഫ്രിഡ്‌ജിൽ വയ്ക്കാതെ തന്നെ ഈ കറി നമുക്ക് പുറത്തു വച്ചു സൂക്ഷിക്കാം.

തയ്യാറാക്കിയത് ,

ആശ രാജനാരായണൻ ,
ബാംഗ്ലൂർ