പി.ഗംഗാധരൻ – നിഷ്കാസിതനായ നവോത്ഥാന നായകൻ

7341

പി.ഗംഗാധരൻ നിഷ്കാസിതനായ നവോത്ഥാന നായകൻ എന്ന ഈ ജീവചരിത്ര ഗ്രന്ഥം ഒറ്റയിരുപ്പിലാണ് വായിച്ചു തീർത്തത്. എന്റെ സുഹൃത്തും നാട്ടുകാരനുമായ പി.എൻ പ്രസന്നനാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രമെഴുതുമ്പോൾ മിഴിവോടെ ഉയർന്നു നിൽക്കേണ്ട പോരാളിയാണ് സഖാവ് ഗംഗാധരൻ. അദ്ദേഹം എന്തുകൊണ്ടാണ് ചരിത്രത്തിൽ നിന്ന് ഇങ്ങനെ നിഷ്കാസിതനായതെന്ന് കണ്ടു പിടിക്കുകയും ആ പോരാളിയെ കേരള രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടുത്തുകയും ചെയ്യുന്ന മഹത്തായ കാര്യമാണ് പത്രപ്രവർത്തകൻ കൂടിയായ പ്രസന്നൻ നിർവ്വഹിച്ചിരിക്കുന്നത്
ഇടതുപക്ഷമെന്നും വലതുപക്ഷമെന്നും വിലയിരുത്തപ്പെടുന്ന വിവിധ തത്വങ്ങൾക്കും സിദ്ധാന്തങ്ങൾക്കുമൊപ്പം അംബേദ്കറിസവും ദലിദ് വാദങ്ങളും ചർച്ച ചെയ്യപ്പെടുന്ന വർത്തമാനകാലത്ത് പി.ഗംഗാധരൻ സ്വീകരിച്ച സ്വത്വരാഷ്ട്രീയ നിലപാടുകൾക്ക് ഏറെ പ്രസക്തിയുണ്ട്. ഒരു പക്ഷെ കമ്മ്യൂണീസത്തേയും അംബേദ്കറീസത്തേയും തുല്യ പ്രാധാന്യത്തോടെ സ്വാംശീകരിച്ച് പ്രവർത്തിക്കുക എന്ന ശരിയായ രാഷ്ട്രീയ നിലപാടെടുത്ത ആദ്യ കമ്മ്യൂണിസ്റ്റുകാരനാണ് പി.ഗംഗാധരൻ.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്നതിനു മുൻപ് ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായും നടരാജഗുരുവിന്റെ ആശ്രമത്തിലെ അന്തേവാസിയായും കഴിഞ്ഞ ഒരു ഭൂതകാലത്തിൽ നിന്നാണ് ഗംഗാധരന്റെ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. കോൺഗ്രസ് സോഷ്യലിസ്റ്റായും പിന്നീട് കണ്ണൂരിലെ പാറപ്രത്ത് കമ്മ്യൂണിസ്റ്റ് പാർടി രൂപവൽക്കരിച്ചപ്പോൾ സ്ഥാപകാംഗമായും തുടങ്ങിയതാണ് ഗംഗാധരന്റെ തൊഴിലാളി വർഗ്ഗ പ്രവർത്തനങ്ങൾ.
തൊഴിലാളി വർഗ്ഗം മുതലാളി വർഗ്ഗം എന്ന വിഭജനത്തിൽ ഊന്നി നിന്നുകൊണ്ടുള്ള വർഗ്ഗ വിശകലനത്തോടൊപ്പം താണ ജാതിക്കാർ ഉയർന്ന ജാതിക്കാർ എന്ന രീതിയിലുള്ള വർണ്ണ വിശകലനത്തിനും പ്രാധാന്യം നൽകണമെന്ന ഗംഗാധരന്റെ സുനിശ്ചിതമായ അഭിപ്രായമാണ് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് ദഹിക്കാതെ വന്നത്.വർഗ്ഗവും വർണ്ണവും ഒരു പരിധി വരെ ഒന്നാണെന്നും സമ്പന്നർ ജാതി ശ്രേണിയിൽ ഉയർന്ന വരാണെന്നും അദ്ദേഹം നിരീക്ഷിച്ചു.ദരിദ്രരെല്ലാം പൊതുവെ താണ ജാതിക്കാരും.
അരനൂറ്റാണ്ടിനു മുൻപു തന്നെ ഇന്ത്യയുടെ ഭരണ രംഗത്ത് നിലനിൽക്കുന്ന ബ്രാഹ്മണാധിപത്യത്തിനെതിരെ അദ്ദേഹം ശബ്ദമുയർത്തി. പരസ്പരം ഇടകലരാൻ അനുവദിക്കാതെ ഇന്ത്യയിലെ വിധിധ ജാതിയിൽപ്പെട്ടവരെ തമ്മിലടിപ്പിച്ചും പണിയെടുപ്പിച്ചും മുതലെടുപ്പു നടത്തുന്ന പൗരോഹിത്യ മേധാവിത്വത്തെയാണ് ബ്രാഹ്മണ്യം എന്ന പദം കൊണ് അർത്ഥമാക്കുന്നത് എന്ന ശരിയായ വിശകലനം നടത്തിയ കമ്മ്യൂണിസ്റ്റായിരുന്നു സഖാവ് പി.ഗംഗാധരൻ.. ജാതിക്കെതിരായ പോരാട്ടത്തിലൂടെ മാത്രമെ ബ്രാഹ്മണ്യത്തെ തകർക്കാൻ കഴിയൂ എന്ന നിലപാടെടുത്തതോടെയാണ് കമ്മ്യൂണിസ്റ്റു പാർട്ടി സഖാവ് പി.ഗംഗാധരനെ പുറത്താക്കുന്നത്. ഇന്ന് ബ്രാഹ്മണ്യം അതിന്റെ എല്ലാ മുഖംമൂടിയുമഴിച്ചു കളഞ്ഞ് സവർണ്ണ ഫാസിറ്റ് രാഷ്ടീയ രൂപം പൂണ്ട് അധികാരശക്തിയായ് ഇന്ത്യയെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ അദ്ദേഹം മുന്നോട്ടുവെച്ച ദളിത് പിന്നോക്ക രാഷ്ട്രീയം ഏറെ പ്രസക്തമാണ്.. പള്ളുരുത്തിയിൽ നിന്ന് ഉയർന്നു വന്ന നേതാവാണ് സഖാവ് പി.ഗംഗാധരൻ. മറ്റൊരു പള്ളുരുത്തിക്കാരനായ പ്രസന്നനാണ് ഇപ്പോൾ സഖാവിന്റെ ജീവിതം രാഷ്ട്രീയ വിദ്യാർത്ഥികൾക്കായി രേഖപ്പെടുത്തിയിരിക്കുന്നത്. അത് ഉചിതവുമായി.

സി. ടി. തങ്കച്ചൻ