ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് താരം

802

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഒഴിവാക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇന്നലെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഗോവര്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മാഞ്ചസ്റ്റര്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നേരത്തെ ബിസിസിഐക്ക് സന്ദേശമയച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സന്ദേശത്തില്‍ ടീമിനകത്തെ സാഹചര്യങ്ങളെ കുറിച്ച് കോലി വിവരിക്കുന്നുണ്ടായിരുന്നുവെന്നും ഗോവര്‍ പറയുന്നു. നേരത്തെ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണും ഇന്ത്യക്കെതിരെ തിരിഞ്ഞു. ഇപ്പോള്‍ മുന്‍ ഇംഗ്ലണ്ട് താരം പോള്‍ ന്യൂമാനും ഇന്ത്യക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിനോട് ബഹുമാനം കാണിച്ചില്ലെന്നാണ് ന്യൂമാന്റെ പ്രധാന ആരോപണം. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി ഉള്‍പ്പെടെ പരിശീലക സംഘത്തിലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് ഇന്ത്യ പിന്മാറിയത്. ബൗളിങ് കോച്ച് ഭരത് അരുണും ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറും കോവിഡ് പോസിറ്റീവായി. പിന്നാലെ ടെസ്റ്റ് റദ്ദാക്കിയതായി ഇസിബി വ്യക്തമാക്കി.