നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റു ധാരണയുണ്ടാക്കുമെന്ന് സി പി എം

3545

ന്യൂഡല്‍ഹി : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റു ധാരണയുണ്ടാക്കുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി ജെപിയെ അധികാരത്തില്‍ നിന്ന് തടയുന്നതില്‍ മതേതര പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കി. ഇതുപ്രാകരം ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കും. തമിഴ്‌നാട്ടില്‍ ഡി എം കെ സഖ്യത്തില്‍ തുടരുമെന്നും യെച്ചൂരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ കടുത്ത വിമര്‍ശനവും യെച്ചൂരി നടത്തി. കേരള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെ കേന്ദ്രം സംസ്ഥാന സര്‍ക്കാറിനെതിരെ ഉപയോഗിക്കുകയാണ്. എം ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടി സ്വീകരിച്ചിരുന്നു. ബിനീഷ് കോടിയേരി പാര്‍ട്ടി അംഗമല്ല. ബിനീഷിന്റെ അറസ്റ്റില്‍ പാര്‍ട്ടിക്ക് ധാര്‍മിക ഉത്തരവാദിത്തമില്ല. നിലപാട് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പേരില്‍ കോടിയേരി രാജിവെക്കേണ്ട ആവശ്യമില്ല. ബിനീഷ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടേയെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.