ഗൃഹസന്ദർശന പരിപാടിയുമായി സിപിഎം

604

തിരുവനന്തപുരം: സിപിഐ എമ്മിനു വോട്ട് ചെയ്തു കൊണ്ടിരുന്ന ഒരു വിഭാഗം ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരുന്നതാണ് തെരഞ്ഞെjടുപ്പ് തോൽവിക്ക് കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതുകൊണ്ട് ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനു വേണ്ടി ജൂലൈ 22 മുതൽ ഒരാഴ്ചക്കാലം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി മെമ്പർമാർ ഉൾപ്പടെയുള്ള നേതാക്കന്മാരും, പ്രവർത്തകരും, എംപി മാരും , എംഎൽഎ മാരും തദ്ദേശ സ്ഥാപനങ്ങളിലെ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ചേർന്നുകൊണ്ട് ഗൃഹസന്ദർശന പരിപാടി നടത്തുമെന്നും കോടിയേരി മാധ്യമങ്ങളോടെ പറഞ്ഞു. ജനങ്ങളുടെ എല്ലാ കാര്യങ്ങളും കേൾക്കാനും അതിനുവേണ്ട പരിഹാരം കാണാനും അതുവഴി ശ്രമിക്കും.

ലോകസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും റിപ്പോർട്ടുകൾ പാർട്ടി മെമ്പർമാരുടെ ഇടയിലേക്ക് എത്തിക്കുന്നതിന് ജൂലൈ 3നു എറണാകുളത്തും , ജൂലൈ 4നു കോഴിക്കോടും , ജൂലൈ 5 തിരുവനന്തപുരത്തും മേഖലാ യോഗങ്ങൾ വിളിച്ചുചേർക്കും. എന്നിങ്ങനെയാണ‌് യോഗങ്ങൾ. ഓഗസ്റ്റ് മാസം പ്രാദേശികമായി പാർട്ടി കുടുംബയോഗങ്ങൾ വിവിധ കേന്ദ്രങ്ങളിലായി നടത്തണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

ഇപ്പോൾ പാർട്ടിക്ക് സംസ്ഥാനത്ത് 514781 അംഗങ്ങൾ ഉണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 25695 അംഗങ്ങൾ വർധിച്ചിട്ടുണ്ട്. അതോടൊപ്പം സിഎംപി സിപിഐ എമ്മിൽ ലയിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സിഎംപിയിൽ പ്രവർത്തിച്ചിരുന്ന 3160 പേർക്ക് പാർട്ടിയിൽ അംഗത്വം നൽകാൻ തീരുമാനിച്ചു

ജൂൺ 26 അടിയന്തിരാവസ്ഥ വിരുദ്ധ ദിനമായി സംഘടിപ്പിക്കും. അടിയന്തരാവസ്ഥയുടെ മറ്റൊരു രൂപത്തിൽ രാജ്യത്തെ കൊണ്ടുപോകാൻ നരേന്ദ്ര മോഡി സർക്കാർ ശ്രമിക്കുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഇന്നത്തെ പാർലമെന്ററി ജനാധിപത്യ ഘടന മാറ്റാനുള്ള ആസൂത്രിതമായ ശ്രമമാണ്. പ്രസിഡൻഷ്യൽ രീതിയിലേക്ക് മാറ്റി രാജ്യത്തെ ഒരു മിലിട്ടറി സ്റ്റേറ്റ് ആയി മാറ്റാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ്. ഇതിനെതിരെ ജനങ്ങളെ മുൻനിർത്തി ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ശക്തമായി മുന്നോട്ടുവെക്കാൻ ഈ പ്രചാരണ പരുപാടിയിൽ കഴിയണം. ഓഗസ്റ്റ് മാസം 19നു കൃഷ്ണപിള്ള ദിനമാണ് . ആ ദിനത്തിൽ പാർടി പ്രവർത്തകർ വീടുകളിൽ കിടപ്പുരോഗികളെ കണ്ട് സ്വാന്തന പരിചരണ പ്രവർത്തനത്തിൽ ഏർപ്പെടും.