കേരളത്തിൽ ഇന്ന് എട്ട് കൊവിഡ് മരണം;കേരളത്തിൽ ആകെ മരണം 82 ;ഇന്ന്(ഓഗസ്റ്റ് 2 ) 1169 പേര്‍ക്ക് കൊവിഡ്

3151

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് എട്ട് കൊവിഡ് മരണം. തിരുവനന്തപുരം, കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. നെയ്യാറ്റിന്‍കര സ്വദേശി ക്ലീറ്റസ് ആണ് തിരുവനന്തപുരത്ത് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ക്ലീറ്റസിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കാസര്‍കോട്ട് തൃക്കരിപ്പൂര്‍ സ്വദേശി ഹസൈനാര്‍ ഹാജിയും ഉപ്പള സ്വദേശി ഷെഹര്‍ബാനുവുമാണ് മരിച്ചത്. ഇരുവരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ജൂലൈ 28 നാണ് ഇരുവരുടെയും പരിശോധനാ ഫലം നെഗറ്റീവായത്.കേരളത്തിൽ ആകെ 82 മരണമായി

കണ്ണൂരില്‍ ചക്കരയ്ക്കല്‍ സ്വദേശി സജിത് ആണ് മരിച്ചത്. പനി ബാധിച്ച് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഇയാള്‍ക്ക് കൊവിഡ് ബാധിച്ചതെന്നാണ് സംശയം.എറണാകുളത്ത് ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപിയാണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാള്‍. കളമശ്ശേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലോട്ടറി വില്‍പനക്കാരനായ ഗോപിയുടെ രോഗ ഉറവിടം വ്യക്തമല്ല. ഇടുക്കി നെടുങ്കണ്ടം സ്വദേശി ഏലിക്കുട്ടി ദേവസ്യ പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണശേഷം ലഭിച്ച ഇവരുടെ സ്രവ പരിശോധനാ ഫലം കൊവിഡ് പോസിറ്റീവാണ്.

ശനിയാഴ്ച മലപ്പുറത്ത് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ച ചോമ്പാല സ്വദേശി പുരുഷോത്തമനും കൊവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം ലഭിച്ച ഇയാളുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്

ഇന്ന്(ഓഗസ്റ്റ് 2 ) 1169 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം- 377, എറണാകുളം- 128, മലപ്പുറം- 126, കാസര്‍കോട്- 113 , കോട്ടയം- 70 , കൊല്ലം- 69, തൃശൂര്‍- 58, കോഴിക്കോട് – 50, ഇടുക്കി- 42, ആലപ്പുഴ, പാലക്കാട്- 38 വീതം, പത്തനംതിട്ട- 25, വയനാട്- 19, കണ്ണൂര്‍- 16 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.