കൊറോണ: കൂടുതൽ നടപടികളുമായി ഇന്ത്യ. മൂന്ന് രാജ്യങ്ങൾക്കു കൂടി യാത്രാവിലക്ക് ഏർപ്പെടുത്തി

24024

ഡൽഹി: കൊറോണ വെെറസ് ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കടുത്ത യാത്രാനിയന്ത്രണങ്ങളുമായി ഇന്ത്യ. പുതുതായി മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവരെ കൂടി കേന്ദ്ര സർക്കാർ വിലക്കി. അഫ്ഗാനിസ്ഥാൻ, ഫിലിപ്പീൻസ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികരെയാണ് വിലക്കിയത്. ഈ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ അടിയന്തരമായി നിർത്തണമെന്നും സിവിൽ ഏവിയേഷൻ സർക്കുലറിൽ പറയുന്നു. ഈ മാസം 31 വരെയാണു യാത്രാനിയന്ത്രണം.

ബ്രിട്ടൻ, സ്വിറ്റ്‌സർലൻഡ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, തുർക്കി എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്ര കഴിഞ്ഞദിവസം പൂർണമായി വിലക്കിയിരുന്നു. നാളെ ഇന്ത്യൻ സമയം വൈകിട്ട് 5.30 മുതൽ (ജിഎംടി: 12.00) ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രക്കാരെ വിമാനത്തിൽ കയറ്റരുത്.

യു.എ.ഇ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നോ ഇതുവഴിയോ ഇന്ത്യയിലെത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ (സ്വയംവിലക്ക്) വേണമെന്നും നിർദ്ദേശമുണ്ട്.

രാജ്യത്ത് കൊറോണ വൈറസ് ബാധ രണ്ടാം ഘട്ടത്തിൽ നിന്ന് മൂന്നാം ഘട്ടത്തിലേയ്ക്ക് കടക്കുന്നത് തടയാനായി തീവ്രശ്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. രോഗം സംശയിക്കുന്നവരുടെ പരിശോധന ഊര്‍ജിതമാക്കാനായി ജര്‍മനിയില്‍ നിന്ന് ഐസിഎംആര്‍ 10 ലക്ഷം കൊവിഡ് 19 ടെസ്റ്റിങ് കിറ്റുകളാണ് ഓര്‍ഡര്‍ ചെയ്തത്. രാജ്യത്തെ പരിശോധനാ സംവിധാനങ്ങള്‍ കൂടുതൽ ഫലപ്രദമാക്കാനാണ് ഐസിഎംആറിന്‍റെ നീക്കം.

കൊവിഡ് 19 പരിശോധനയ്ക്കായുള്ള ലാബുകളുടെ അഭാവം നികത്തുന്നതിനായി പുതുതായി 9 ലാബുകള്‍ കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ പ്രതിദിനം കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാനും രോഗബാധ വേഗത്തില്‍ സ്ഥിരീകരിക്കാനും സാധിക്കും. നിലവില്‍ രാജ്യത്ത് 30000ത്തോളം ടെസ്റ്റിങ് കിറ്റുകള്‍ മാത്രമാണുള്ളത്. ഇതുവരെ 9000 പേരുടെ സ്രവ സാംപിളുകള്‍ പരിശോധിച്ചിട്ടുമുണ്ട്. പരിശോധനാരംഗത്തെ കുറവ് നികത്താനാണ് കേന്ദ്രസര്‍ക്കാരിന്‍റെ തീവ്രശ്രമം.

നിലവില്‍ രാജ്യത്ത് 127 പേരിലാണ് കൊവിഡ് 19 രോഗബാധ കണ്ടെത്തിയിട്ടുള്ളത്. രാജ്യത്ത് 13 പേര്‍ രോഗത്തില്‍ നിന്ന് മുക്തി നേടിയന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. എന്നാല്‍ വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം കൂടുമോ എന്നാണ് ആരോഗ്യരംഗം ഉറ്റുനോക്കുന്നത്. നിലവില്‍ വിദേശത്തു നിന്നെത്തിയവരിലും അവരുമായി ഇടപഴകിയവരിലുമാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. രോഗം കൂടുതല്‍ പേരിലേയ്ക്ക് പകരുന്നത് തടയാനായി തീവ്രശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.