കൊറോണ: അതീവജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

25319

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ ഉള്‍പ്പെടെ എല്ലാ സ്കൂളുകളുകളിലെയും ഏഴു വരെ ക്ലാസുകളിൽ അവധി നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഏഴാം ക്ലാസുവരെയുള്ള പരീക്ഷകളും ഒഴിവാക്കി. 8 , 9, 10 ക്ലാസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. അതേസമയം, പ്രൊഫഷണൽ കോളജുകള്‍ക്കുള്‍പ്പെടെ അവധി ബാധകമാണ്. അങ്കണവാടികളും പ്രവര്‍ത്തിക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 12 ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംശയിക്കുന്ന 1116 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 149 പേര്‍ ആശുപത്രികളിൽ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ അതീവജാഗ്രതാനിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. സാധാരണ ജാഗ്രത പോരെന്നും അതീവജാഗ്രത വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഈ മാസത്തെ എല്ലാ പൊതുപരിപാടികളും ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിവാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സിനിമാശാലകളും നാടകങ്ങളും അടക്കം ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാ പരിപാടികളും നിര്‍ത്തി വെക്കാൻ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇത് അടിച്ചേൽപ്പിക്കുകയല്ലെന്നും എല്ലാവരോടും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു.

ഉത്സവങ്ങള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശിക്കും. കല്യാണങ്ങള്‍ ചെറിയ ചടങ്ങായി ഒതുക്കണം. ജനങ്ങളെ വലിയ രീതിയില്‍ അണിനിരത്തുന്നത് ആരാധനാലയങ്ങള്‍ ഒഴിവാക്കണം. ശബരിമലയില്‍ അടക്കം പൂജാ ചടങ്ങുകള്‍ മാത്രം. ദര്‍ശനം ഒഴിവാക്കണം. സര്‍ക്കാര്‍ പരിപാടികള്‍ ഒഴിവാക്കും. നിയമസഭാ സമ്മേളനം ഒഴിവാക്കില്ല. രോഗം പരമാവധി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും വിദേശത്തുനിന്ന് വരുന്നവര്‍ രോഗവിവരം മറച്ചുവയ്ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗവിവരം മറച്ചുവച്ചാല്‍ നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. രോഗ വ്യാപനം തടയാന്‍ സ്വകാര്യ ആശുപത്രികളുടെ സഹായവും തേടും. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. രോഗലക്ഷണം ഉള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകരുത്. അതു കൂടുതല്‍ പ്രതിസന്ധിക്കിടയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെ വിദേശത്തുനിന്ന് എത്തിയവരെ കണ്ടെത്തും.

നഗരങ്ങളില്‍ റസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണം തേടും. കൂടുതല്‍ പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം. ഭീതിപരത്തുന്ന വാര്‍ത്തകളും അടിസ്ഥാനരഹിതമായ വാര്‍ത്തകളും പ്രചരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സാനിറ്റൈസര്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കും. മാസ്‌ക് കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്യവും ആലോചിക്കുന്നു.

വിമാനത്താവളങ്ങളിലെ പരിശോധന ശക്തിപ്പെടുത്താൻ ആവശ്യമായ നിര്‍ദ്ദേശം നല്‍കി. വിദേശ പൗരന്‍മാരുടെ വിവരം ആരോഗ്യവകുപ്പിന്റെ സെല്ലില്‍ അറിയിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി. തിയറ്ററുകള്‍ മാര്‍ച്ച് 31വരെ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. നാടകങ്ങളും ഒഴിവാക്കണം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് കൃത്യസമയത്ത് അവിടെ ചെന്നില്ലെങ്കില്‍ ജോലി നഷ്ടമാകും. അവരുടെ യാത്രാപ്രശ്നങ്ങള്‍ കേന്ദ്രത്തെ അറിയിച്ചു. അവധിക്കാല ക്ലാസുകളും ഒഴിവാക്കണം. ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്. എന്നാൽ പാളിപോയാല്‍ വിഷമം ഉണ്ടാകും. ഇപ്പോള്‍ ഭയപ്പെടേണ്ട ഘട്ടമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.