കോണ്‍ഗ്രസ് അഭ്യര്‍ത്ഥന മാനിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു; സാത്തവിന്റെ ഭാര്യ എതിരില്ലാതെ ജയിച്ചു

40328

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജീവ് സാത്തവിന്റെ ഭാര്യ ഡോ. പ്രജ്ഞ സാത്തവ് മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാംഗവും ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധിയുമായിരുന്ന രാജീവ് സാത്തവ് മേയിലാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായിരുന്നു രാജീവ് സാത്തവ്. ബിജെപി സ്ഥാനാര്‍ത്ഥി സജ്ഞയ് ഖേദ്ക്കര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെ പ്രജ്ഞാ സാത്തവ് കൗണ്‍സിലിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച് ബിജെപി സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കുകയായിരുന്നുവെന്നാണ് വിവരം. പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടികാഴ്ച്ച നടത്തിയിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.