എൽഡിഎഫ് കോൺഗ്രസ് റിബലിനെ സ്ഥാനാർത്ഥിയാക്കുമോ?

6590

കൊച്ചി: തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫ് കോൺഗ്രസ് റിബലിനെ സ്ഥാനാർത്ഥിയാക്കാൻ നീക്കം നടത്തുന്നു. 46 വർഷമായി കോൺഗ്രസുകാരനായ വെണ്ണല സ്വദേശിയും തൃക്കാക്കര മണ്ഡലത്തിൽ താമസിക്കുന്ന എം ബി മുരളീധരനെയാണ് സ്ഥാനാർത്ഥിയാക്കാൻ ശ്രമം നടക്കുന്നത്. ഉമ തോമസിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ പി ടി തോമസിന്റെ സന്തത സഹചാരിയായ എം ബി മുരളീധരനെ സ്ഥാനാർത്ഥിയാക്കാനാണ് ഇടതു നേതാക്കൾ കരുക്കൾ നീക്കുന്നത്. അതേസമയം താൻ ഒരു കാരണവശാലും കോൺഗ്രസ് വിട്ടുപോവില്ലെന്നാണ് മുരളീധരൻ പരസ്യമായി പറയുന്നത്.

എം ബി മുരളീധരൻ 15 വർഷം കൊച്ചി കോർപ്പറേഷൻ കൗൺസിലറായിരുന്നു.1973 ൽ എറണാകുളം മഹാരാജാസ് കോളേജിലെ കെ എസ് യു യൂണിറ്റ് പ്രസിഡന്റായാണ്‌ മുരളീധരൻ കോൺഗ്രസിലെത്തിയത്. 1985 -1990 കാലത്ത് യൂത്ത് കോൺഗ്രസിന്റെ തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റായിരുന്നു. 95 ലാണ് മുരളീധരൻ കൊച്ചിൻ കോർപ്പറേഷൻ തെരെഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ചത്. അന്ന് സി പി എമ്മിലെ സി എ മാധവനോട് പരാജയപ്പെട്ടു. 2010 -15 വരെ എറണാകുളം ജില്ല സേവാദൾ ചെയർമാനായിരുന്നു അദ്ദേഹം. ഇപ്പോൾ എറണാകുളം കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയാണ്.

ഉമ തോമസിനെ സ്ഥാനാർഥിയാക്കിയതിൽ കോൺഗ്രസിൽ ചില പടല പിണക്കങ്ങളും മുറുമുറുപ്പുകളും ഉയരുന്നുണ്ട്.അത് മുതലെടുക്കാൻ കഴിഞ്ഞാൽ ശക്തമായ മത്സരം കാഴ്ച്ചവെയ്ക്കാൻ കഴിയുമെന്നാണ് എൽഡിഎഫ് നേതൃത്വം കണക്കു കൂട്ടുന്നത്. ശക്തമായ മത്സരത്തിനപ്പുറം വിജയ പ്രതീക്ഷ എൽഡിഎഫ് നേതാക്കൾ തൃക്കാക്കരയിൽ പ്രതീക്ഷിക്കുന്നില്ല. ബിജെപി പിസി ജോർജിനെയോ എ എൻ രാധാകൃഷ്ണനെയോ സ്ഥാനാർഥിയാക്കും. ആം ആദ്‌മി പാർട്ടിയും ട്വന്റി ട്വന്റിയും സംയുക്തമായി സ്ഥാനാർത്ഥിയെ നിർത്തിയാൽ യുഡിഎഫിന് തിരിച്ചടിയാവുമെന്ന് പറയുന്നവരും ഉണ്ട്. സഹതാപ തരംഗത്തെ നേരിടാൻ രാഷ്ട്രീയ പോരാട്ടമാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.