യുവതിയോട് ഫോണിൽ; നടൻ വിനായകനെതിരെ ശാസ്ത്രീയ തെളിവുകൾ

5100

വയനാട്: യുവതിയോട് ഫോണിൽ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന കേസിൽ നടൻ വിനായകനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കല്‍പ്പറ്റ സിജെഎം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. പരമാവധി ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് ചുമത്തിയത്. കുറ്റം തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളുണ്ടെന്നും നടന്‍ തെറ്റ് സമ്മതിച്ചെന്നും കല്‍പ്പറ്റ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. അടുത്തമാസം കേസിന്‍റെ വിചാരണ ആരംഭിക്കുമെന്നാണ് സൂചന.

ഇക്കഴിഞ്ഞ ഏപ്രിലിൽ കൽപ്പറ്റയിൽ വച്ച് നടന്ന പരിപാടിക്ക് ക്ഷണിക്കാനായി വിനായകനെ ഫോണിൽ വിളിച്ചപ്പോൾ അദ്ദേഹം ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നാണ് കോട്ടയം സ്വദേശിയും ദലിത് ആക്റ്റിവിസ്റ്റുമായ യുവതി പാമ്പാടി സ്റ്റേഷനിൽ നൽകിയ പരാതി. സംഭവം നടന്നത് കൽപ്പറ്റ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പിന്നീട് കേസ് കൽപ്പറ്റയിലേക്കു കൈമാറി. തുടർന്ന് ജൂണിൽ വിനായകന്‍റെ അറസ്റ്റ് രേഖപ്പെടുത്തി മൊഴിയെടുത്ത ശേഷം അന്വേഷണസംഘം വിട്ടയക്കുകയും ചെയതു. പരാതിക്കാരിയെ വിളിക്കരുതെന്നും ശല്യം ചെയ്യരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. അതേസമയം, വിചാരണയ്ക്കു മുമ്പെ തന്നെ അഭിഭാഷകന്‍ മുഖേന കേസ് ഒത്തുതീർപ്പാക്കാന്‍ നടന്‍ ശ്രമിക്കുന്നതായി സൂചനയുണ്ട്.