പരമ്പര-7. കൊച്ചിൻ കോളേജിനെ തകർക്കാൻ ഗൂഢ ശ്രമം

19304

കൊച്ചി: പശ്ചിമ കൊച്ചിയിലെ ഏക ഉപരിപഠന കേന്ദ്രമായ കൊച്ചിൻ കോളേജിനെ തകർക്കാൻ അണിയറയിൽ ഗൂഢശ്രമം നടക്കുന്നുയെന്നും അതാണ് ഇപ്പോൾ നടക്കുന്ന ആരോപണങ്ങൾക്കു പിന്നിലെന്നും കഴിഞ്ഞ ദിവസങ്ങളിൽ ഗ്രീൻ കേരള ന്യൂസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൊച്ചിൻ കോളേജിനെതിരെ അഴിമതി ആരോപണങ്ങൾ ഉയരുന്നതിനു പിന്നിലെ യാഥാർഥ്യം എന്താണ്? ഇതുസംബന്ധിച്ച് ഗ്രീൻ കേരള ന്യൂസിന്റെ പരമ്പരയിൽ ഏഴാമത്തെയും അവസാനത്തെയും റിപ്പോർട്ടാണ് താഴെ ചേർക്കുന്നത്

കൊച്ചിൻകോളേജിനെ തകർക്കാനുള്ള ഗൂഢശ്രമമാണോ ആരോപണങ്ങൾക്കു പിന്നിൽ? ഈ ചോദ്യത്തിനു കോളേജ് മാനേജിങ് കമ്മിറ്റിയിലെ ഒരംഗം നൽകിയ മറുപടി ഇങ്ങനെയാണ് .

“കോളേജിലെ ഒരു മുൻ മാനേജറും ചെറിയ ഒരു വിഭാഗവും ചേർന്ന് കൊച്ചിൻ കോളേജിനെ നാശോന്മുഖമായ അവസ്ഥയിൽ എത്തിച്ചു എന്നതാണ് വസ്തുത. അവരുടെ ലക്ഷ്യം സാമ്പത്തിക നേട്ടം ആയിരുന്നു.അതിൽ നിന്നും ഒരു പരിധിവരെ കൊച്ചിൻ കോളേജിനെ രക്ഷിക്കുകയും വികസനത്തിന്റെ പാതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന മാനേജ്‌മെന്റാണ് നിലവിലുള്ളത്.കോടികൾ വാങ്ങി കൊച്ചി എഡ്യുക്കേഷണൽ സൊസൈറ്റിയിൽ ചിലരെ അംഗങ്ങളാക്കി അവർക്ക് കോളേജ് വിൽക്കുകയായിരുന്നു ഒരു മുൻ മാനേജരും ഒരു ചെറിയ സംഘവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വെടക്കാക്കി തനിക്കാക്കുക എന്ന ഗൂഢ തന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ .”

ഇതുസംബന്ധിച്ച് കൊച്ചിൻ കോളേജിലെ ഒരു അധ്യാപകൻ പറഞ്ഞതിങ്ങനെയാണ്. “കൊച്ചിൻ കോളേജ് എഡ്യുക്കേഷണൽ സൊസൈറ്റി 58 വർഷം മുമ്പ് തുടങ്ങിയ ചാരിറ്റബിൾ സൊസൈറ്റിയാണ്. അതിൽ 70 പേരാണ് കൊച്ചിയിലെ ബിസിനസുകാർ. അവർ ചേംബർ ഓഫ് കൊച്ചിയിലെ അംഗങ്ങളുമാണ്. കൊച്ചിൻ കോളേജ് ആരംഭിക്കാൻ വേണ്ടി പണം മുടക്കിയവരാണിവർ. അന്ന് പണം മുടക്കിയ ബിസിനസുകാരുടെ മക്കളും ചെറു മക്കളുമാണ് ഇപ്പോഴത്തെ ഭരണസമിതിയിലുള്ളത്.
കൊച്ചി എഡ്യുക്കേഷണൽ സൊസൈറ്റിയാണ് കൊച്ചിൻ കോളേജിനെ നിയന്ത്രിക്കുന്നത്. ഈ സൊസൈറ്റിയിൽ 50 പേരെ ചേർത്ത് കോളേജ് ഭരണം പിടിച്ചെടുക്കാൻ ഒരു മാനേജർ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. സൊസൈറ്റിയിൽ 48 പേരാണ് ഉണ്ടായിരുന്നത്. 50 പേരെ ചേർക്കുന്നതോടെ കോളേജ് തുടങ്ങാൻ പണം മുടക്കിയ വ്യക്തികളുടെ മക്കളും ചെറു മക്കളും നിലവിലെ ഭരണ സമിതിയിൽ നിന്നും പുറത്താകും. ആ ഘട്ടത്തിലാണ് അവർ കോടതിയെ സമീപിച്ചത്. പുതിയ അംഗങ്ങളെ ചേർത്ത നടപടി കോടതി സ്റ്റേ ചെയ്തു. അതോടെ 50 പേർക്ക് ഇപ്പോഴും അംഗങ്ങളാകാൻ കഴിഞ്ഞിട്ടില്ല.ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. കോളേജ് തുടങ്ങാൻ പണം മുടക്കിയ വ്യക്തികളുടെ മക്കളും ചെറു മക്കളും ഭരണ സമിതിയിലുണ്ടെങ്കിലും അതിൽ 16 പേർ ഒഴികെ ആരും സജീവമല്ല. ഇവരെ പുകച്ചു പുറത്തു ചാടിച്ചാൽ കോളേജ് പിടിച്ചെടുക്കാൻ കഴിയും. അതിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങൾ” (പരമ്പര അവസാനിച്ചു)