അഞ്ചുവർഷത്തിനുള്ളിൽ കേരളത്തിന്റെ കടൽത്തീരം പൂർണമായി സംരക്ഷിക്കും: മുഖ്യമന്ത്രി

31300

തിരുവനന്തപുരം: അഞ്ചുവർഷക്കാലംകൊണ്ട്‌ കേരളത്തിന്റെ കടൽത്തീരം പൂർണമായി സംരക്ഷിക്കുമെന്നും കടലാക്രമണം കൊണ്ടുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് പത്ത് ഇടങ്ങളിൽ കടൽത്തീരം അതിതീവ്രമായി ശോഷിക്കുണ്ട്‌. ഇവിടങ്ങളിൽ ടെട്രാപാഡ് സ്ഥാപിക്കാൻ ശ്രമം നടത്തുന്നതായും പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

തീരത്തെ പ്രശ്നം ദീർഘകാലമായി നിലനിൽക്കുന്നതാണ്. ഗൗരവമായ ഇടപെടൽ ഉണ്ടാകും. ശംഘുമുഖത്തോട് അവഗണന ഇല്ല. മത്സ്യത്തൊഴിലാളികളുടെ ഏതൊരു വിഷമവും സംസ്ഥാനത്തിന്റെയാകെ വിഷമമായി തന്നെ കാണും.

ചെല്ലാനം മുതൽ ഫോർട്ട്‌ കൊച്ചി വരെയുള്ള പ്രദേശത്ത് തീരത്ത് ആശങ്ക നിലനിൽക്കുന്നുണ്ടെന്ന മന്ത്രി കെ കൃഷ്ണൻകുട്ടി ജലവിഭവ വകുപ്പ് മന്ത്രിക്ക് വേണ്ടി മറുപടി നൽകി. അടുത്തിടെ ഉണ്ടായ യാസ് ചുഴലിക്കാറ്റ് കേരള തീരത്ത് നാശമുണ്ടാക്കി. കിഫ്‌ബി വഴി തീര സംരക്ഷണത്തിന് വേണ്ടിയുള്ള പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മഴ തീർന്നാൽ തീര സംരക്ഷണ നടപടികൾ ശക്തിപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാനും വ്യക്തമാക്കി. ഓരോ പ്രദേശത്തെയും പ്രശ്നങ്ങൾ പ്രത്യേകം പഠിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

പിസി വിഷ്ണുനാഥാണ് പ്രതിപക്ഷത്ത് നിന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. തീരത്ത് കടുത്ത ആശങ്കയാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. തീരം സംരക്ഷിക്കാൻ പരമ്പരാഗത മാർഗങ്ങൾ പോര. കടൽ ഭിത്തി കൊണ്ടോ പുലിമുട്ട് കൊണ്ടോ പ്രശ്നം പരിഹരിക്കാനാകില്ലെന്നും അടിയന്തിര പ്രമേയത്തിന്‌ അനുമതി തേടി വിഷ്‌ണുനാഥ്‌ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിക്ക്‌ ശേഷം അടിയന്തിര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.