റിസപ്ഷന്‍ എസ്‌ഐക്ക് കോവിഡ്; തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു

2891

തിരുവനന്തപുരം :തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. റിസപ്ഷന്‍ എസ്‌ഐക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. അണുനശീകരണത്തിന് ശേഷമായിരിക്കും ആസ്ഥാനം തുറക്കുക. 50 വയസ്സിന് മുകളിലുള്ളവരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡ്യൂട്ടിസമയത്തും ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴും ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കുടുംബാംഗങ്ങളും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

സംസ്ഥാനത്ത് ഇതുവരെ 88 പോലീസുകാര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ അധികവും തിരുവനന്തപുരത്താണ്. ഈയൊരു പശ്ചാത്തലം പരിഗണിച്ചാണ് കര്‍ശന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ അജിതന്‍(55) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം.