ചീഫ് ജസ്റ്റിസ് വിജയ കെ താഹില്‍രമാനി നല്‍കിയ രാജി രാഷ്ട്രപതി സ്വീകരിച്ചു.

47

ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതിയില്‍നിന്ന് മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി കൊണ്ടുള്ള സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ താഹില്‍രമാനി നല്‍കിയ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് രാഷ്ട്രപതി രാജി അംഗീകരിച്ചത്. തുടര്‍ന്ന് ശനിയാഴ്ച രാവിലെ കേന്ദ്രനിയമ മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

സെപ്റ്റംബര്‍ 6നാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ തഹില്‍രമാനി രാജി സമര്‍പ്പിച്ചത്. 2020 ഒക്ടോബര്‍ 3 വരെ സര്‍വീസുണ്ടായിരിക്കെയാണ് രാജ്യത്തെ മുതിര്‍ന്ന വനിതാ ന്യായാധിപയായ താഹില്‍രമാനി രാജിവച്ചൊഴിയുന്നത്. രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും സീനിയര്‍ ജഡ്ജിമാരിലൊരാളായ തഹില്‍രമാനിയെ രാജ്യത്തെ ചെറിയ ഹൈക്കോടതികളിലൊന്നായ മേഘാലയയിലേക്ക് മാറ്റിയത് വലിയ ചര്‍ച്ചയായിരുന്നു.

മേഘാലയ ചീഫ് ജസ്റ്റിസാക്കി കൊണ്ടുള്ള സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി കൊളീജിയത്തെ തഹില്‍രമാനി സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കൊളീജിയം തള്ളി. ഇതിനെ തുടര്‍ന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സെപ്റ്റംബര്‍ ഏഴിന് രാജി സമര്‍പ്പിച്ചത്. ഇതിന്റെ ഒരു പകര്‍പ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കും ഇവര്‍ സമര്‍പ്പിച്ചിരുന്നു.