ചെല്ലാനം സമരം 4-ാം വർഷത്തിലേയ്ക്ക്

5713

V. T. സെബാസ്റ്റിൻ

ഫോർട്ട് കൊച്ചി മുതൽ ചെല്ലാനം വരെ കടലാക്രമണത്തിന് ശാശ്വതപരിഹാരം വേണമെന്നു കുടിയൊഴിപ്പിക്കലും പുനരധിവാസവുമല്ല തീര സുരക്ഷ യാണ് വേണ്ടതെന്നും ആവശ്യപ്പെട്ടുകൊണ്ട് ചെല്ലാനം -കൊച്ചിജനകീയവേദിയാണ് സമരം തുടങ്ങിയത്. ചെല്ലാനം കമ്പനി പടിയിൽ 28-10-2019ൽ ഏതാനം സാധാരണ വീട്ടമ്മമാർ ആരംഭിച്ച സമരം മൂന്നു വർഷങ്ങൾ പൂർത്തിയാക്കുന്നു.

കോവിഡ് മഹാമാരി, ഭരിക്കുന്നവരുടെ ഉപദേശത്താൽ നിരന്തരമുള്ള കേരള പോലീസിൻ്റെ പല കള്ളക്കേസുകൾ തീവ്രവാദികൾ, ഭീകരർ, മാവോയിസ്റ്റ് എന്നീ കള്ളപ്രചരണങ്ങളെയും അതിജീവിച്ചാണ് സമരം മുന്നേറിയത്.

കേരളത്തിൽ10സ്ഥലങ്ങളിൽ കടൽ കയറ്റംരൂക്ഷമാണെന്നും അതിൽ ഏറ്റവും രൂക്ഷം തിരുവനന്തുപുരത്തെ വിഴിഞ്ഞം തീരത്താണെന്നും സർക്കാർ ഏജൻസികൾ തന്നെ റിപ്പോർട്ട് സമർപ്പിച്ചിരിക്കെ ചെല്ലാനം തീര സംരക്ഷണത്തിന് 344.2 കോടിരൂപ അനുവദിക്കേണ്ടി വന്നത് ജനകീയ വേദിയുടെ നിരന്തര സമരം ഒന്നു കൊണ്ട് മാത്രമാണ്.

കേരള മനസാക്ഷി ഒന്നിച്ചണിനിരന്നും മാധ്യമങ്ങളും സോഷ്യൽ മീഡിയകളും നടത്തിയ ഇടപെടലുകളും ജനകീയ വേദിയുടെ അഡ്ജസ്റ്റ്മെൻ്റുകളില്ലാത്ത നിരന്തര ജനകീയസമരങ്ങളും കൊണ്ട് നാണം കെട്ട് പൊറുതി മുട്ടിയുമാണ് സർക്കാരിന് ഭാഗീകമായെങ്കിലും ഒരു പദ്ധതി പ്രഖ്യാപിക്കേണ്ടി വന്നത്.

കൊച്ചി തുറമുഖത്തിൻ്റെ ആഴം നിലനിർത്താൻ ഓരോ വർഷവും കൊച്ചി പോർട്ട് 120 -140 കോടി രൂപ ചെലവഴിക്കുന്നത് കൂടാതെ ഈ വർഷം ആഴംകൂട്ടുന്നതിന് 300 കോടി രൂപയാണ് കേന്ദ്ര സർക്കാർ നീക്കി വച്ചിരിക്കുന്നത്. ഇത് നടന്നാൽ നമ്മുടെ തീരക്കടലിൽ കുത്തൊഴുക്ക് വർദ്ധിച്ച് മണ്ണൊലിപ്പും ആഴവുംകൂടും. ആനുപാതികമായി തിരമാലകളുടെ ഉയരവും പ്രഹരശേഷിയും വർദ്ധിച്ച് തിരമാല കരയിലേയ്ക്കടുത്തോ അല്ല, കരയിൽ തന്നെയോ വന്ന് പതിക്കും. അങ്ങനെ വരുംവർഷങ്ങളിൽ ഇവിടെ പ്രവചനങ്ങൾക്ക് അതീതമായ അതി രൂക്ഷമായ കടലാക്രമണം ഉണ്ടാകും .

2022- ൽകേരളത്തിൽ ക്രമാതീതമായ കാറ്റ്, ന്യൂനമർദ്ധം, കടൽകയറ്റം എന്നിവ ഉണ്ടാകാതിരുന്നപ്പോൾ പോലും ഇവിടെ കണ്ണമാലി, ചെറിയ കടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ രൂക്ഷമായി കടൽ കയറി എങ്കിൽ അത് പ്രകൃതി നമുക്കു നൽകിയ മുന്നറിയിപ്പാണ്. ഇവിടെ നമ്മൾ കക്ഷി രാഷ്ട്രീയ കാണാതെ നിലനിൽപ്പിനായി ഒന്നിച്ചുനിന്ന് നാം പോരാടിയില്ലെങ്കിൽ നമ്മെ രക്ഷിക്കാൻ ദൈവങ്ങൾക്ക് പോലും കഴിയണമെന്നില്ല.

പദ്ധതിപ്രഖ്യാപിച്ച് പണിപൂർത്തിയായ സ്ഥലങ്ങളിലും തീരക്കടലിൻ്റെ ആഴം കുറയ്ക്കുന്നതിനുള്ള നടപടികൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ബസ്സാർ – വേളാങ്കണ്ണി, പുത്തൻതോട് – കണ്ണമാലി പ്രദേശത്ത് മാത്രം പറഞ്ഞിരിക്കുന്ന 6 +9= 15 പുലി മുട്ടുകളും ഉദ്ദേശിച്ച ഫലം ചെയ്യില്ല. നിശ്ചിത ദൂരത്തല്ലാതെ പുലിമുട്ടുകൾ ഇട്ടാൽ അവിടെയും തൊട്ട് തെക്കു വശത്തും മണ്ണുവെച്ച് ആഴം കുറഞ്ഞ് കടലാക്രമണം കുറയുകയും പുലിമുട്ടുകൾക്ക് വടക്കുഭാഗത്ത് മണ്ണൊലിച്ച് പോയി ആഴം കൂടി കടലാക്രമണങ്ങൾ രൂക്ഷമാകും. തീരക്കടലിലെ ആഴം കൂടി വന്നാൽ നിലവിൽ നിർമ്മിച്ചുകൊണ്ട് ഇരിക്കുന്ന ടെട്രാപോഡ്കരിങ്കൽ ഭിത്തികൾ ഇടിഞ്ഞ് താഴ്ന്നു വീണ്ടുംരൂക്ഷമായ കടലാക്രമണം ഉണ്ടാകും.

ശാശ്വത പരിഹാരത്തിന് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നിർദ്ദേശങ്ങൾ:-

  1. പദ്ധതി തെക്കെ ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെ നീട്ടുക.
  2. നിശ്ചിത ദൂരം (200 മീ- 400 മീ)ഇടവിട്ട് പുലിമുട്ടുകൾ നിർമ്മിക്കുക.(ജിയോ ടൂ ബ് കൊണ്ട് നിർമ്മിച്ചാലും മതി)
  3. പോർട്ട്ഡ്രഡ്ജ്ചെയ്ത് പുറംകടലിൽ കൊണ്ടുപോയികളയുന്ന എക്കൽ തീരകടലിൽനിക്ഷേപിച്ച് ആഴംകുറച്ച് തീരം പുനർനിർമ്മിക്കുക.
  4. എക്കലടിഞ്ഞ് നികർന്നു കിടക്കുന്ന വേമ്പനാട്, കൊച്ചികായലിലെ എക്കൽ പൈപ്പ്ഡ്രഡ്ജിങ്ങിലൂടെ തീരക്കടലിൽ എത്തിച്ച് ആഴം കുറയ്ക്കുക.
  5. തീരദേശ വാസികളെ 2-ാംതരം പൗരന്മാരാക്കുന്ന പുനർഗേഹം പദ്ധതി അവസാനിപ്പിക്കുക. കടൽകയറി വീട് നഷ്ടപ്പെട്ടവർക്കും ഇനിയും നഷ്ടപ്പെടാൻ ഇരിക്കുന്നവർക്കും ഹൈവേകൾക്കും മറ്റു വികസന പദ്ധതികൾക്കും സ്ഥലം ഏറ്റെടുത്ത് കുടിയൊഴിപ്പിക്കുമ്പോൾ നൽകുന്ന ആനുകൂല്യങ്ങൾ തന്നെയും പണമായി നൽകുക