നിക്ഷേപ തട്ടിപ്പില്‍ മഞ്ചേശ്വരം എംഎല്‍എ ,എം. സി കമറുദ്ദീനെതിരെ പുതിയ ഒന്‍പതു കേസുകള്‍ കൂടി

7889

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ മഞ്ചേശ്വരം എംഎല്‍എ എം. സി കമറുദ്ദീനെതിരെ പുതിയ ഒന്‍പതു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. നിക്ഷേപകരുടെ പരാതിയില്‍ ചന്തേര പോലീസ് നാല് വഞ്ചന കേസുകളും, കാസര്‍കോട് പോലീസ് അഞ്ച് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം എംഎല്‍എയ്‌ക്കെതിരായ നിക്ഷേപതട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ആരംഭിച്ചു.കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി. പി.പി മൊയ്തീന്‍ കുട്ടിക്കാണ് അന്വേഷണ ചുമതല.

എം. സി കമറുദ്ദീന്‍ എംഎല്‍ക്കും, ഫാഷന്‍ ഗോള്‍ഡ് എം ഡി പൂക്കോയ തങ്ങള്‍ക്കുമെതിരെ രണ്ടു വണ്ടി ചെക്ക് കേസുകളടക്കം 41 വഞ്ചന കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മടക്കര, കാടങ്കോട് സ്വദേശികളായ നാലു പേരില്‍ നിന്നായി നിക്ഷേപമായി വാങ്ങിയ 56 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് ചന്തേര പോലീസ് നാല് വഞ്ചന കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തത്. 41 പരാതികളിലായി 5 കോടി 73 ലക്ഷം രൂപയുടെ തട്ടിപ്പ് കേസുകള്‍ ഇതിനോടകം എംഎല്‍എക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.