പറമ്പിക്കുളം ഡാമിന്‍റെ ഷട്ടർ തുറന്നു; ചാലക്കുടിയിൽ വെള്ളപ്പൊക്ക സാധ്യത

139

തൃശൂർ:പറമ്പിക്കുളം ഡാമിന്‍റെ ഷട്ടർ തുറന്നു; ചാലക്കുടിയിൽ വെള്ളപ്പൊക്ക സാധ്യത. പറമ്പിക്കുളം ഡാമിൽ നിന്ന് ആളിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന കനാലിൽ തടസം നേരിട്ടതിനെ തുടർന്ന് ഇവിടെ നിന്നും തുറന്നു വിട്ട വെള്ളം പൊരിങ്ങൽക്കൂത്ത് ഡാമിലേക്കെത്തും. 400 ഘനയടി വെള്ളമാണ് രണ്ട് മണിക്കൂറിനുള്ളിൽ പൊരിങ്ങൽക്കൂത്തിൽ എത്തുക. 11 ജില്ലകളിൽ ജലകമ്മീഷൻ മുന്നറിയിപ്പ് നൽകി. മൂന്നര മണിക്കൂറിനുള്ളിൽ ചാലക്കുടിയിലും വെള്ളമെത്തും.

അതിനാൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. ഉച്ചതിരിഞ്ഞ് ചാലക്കുടി പുഴയിലെ ജലനിരപ്പ് അരയടി ഉയരും. ഷോളയാർ ഡാം തുറക്കാതെ ഇവിടെ വെള്ളപ്പൊക്കമുണ്ടാവുന്നത് ആദ്യമാണ്. ഷോളയാറിൽ ഇപ്പോൾ സംഭരണ ശേഷിയുടെ 38 ശതമാനം വെള്ളമാണുള്ളത്. ചാലക്കുടിയിൽ ഇതുവരെ 12 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നിരിക്കുന്നത്.

അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്‍റെ ശക്തി കൂടിയതിനാല്‍ ഇവിടങ്ങളിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് കര്‍ശന വിലക്കുണ്ട്. ചാലക്കുടിപുഴയുടെ തീരത്ത് നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് തുടരുകയാണ്. ചാലക്കുടിയുടെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്..