വന്‍ സാമ്പത്തിക പ്രഖ്യാപനങ്ങളുമായി കേന്ദ്രം.

9823

ന്യൂഡല്‍ഹി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനായി വൻ സാമ്പത്തിക  പ്രഖ്യാപനങ്ങളുമായി കേന്ദ്രസർക്കാർ. സാമ്പത്തിക മേഖലക്ക് ഉത്തേജനം നല്‍കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് നടപടികള്‍ പ്രഖ്യാപിച്ചു കൊണ്ട് ധനവകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു. ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കാന്‍ പരിഷ്‌കരിച്ച അവധിയാത്രാബത്തയും മുന്‍കൂറായി പലിശരഹിത ഉത്സവബത്തയുമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ചത്.

യാത്രകള്‍ക്ക് എല്‍ ടി സി ലഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യാത്ര ചെയ്യാതെ തന്നെ പ്രസ്തുത തുകക്ക് തുല്യമായ പണം ലഭിക്കും. അവര്‍ക്ക് ഇഷ്ടമുള്ളവ വാങ്ങുന്നതിന് ഈ അലവന്‍സ് ഉപയോഗിക്കാം. 12 ശതമാനം ജി എസ് ടിയോ അതില്‍ കൂടുതലോ ആകര്‍ഷിക്കുന്ന സാധനങ്ങള്‍ വാങ്ങുന്നതിനാണ് വ്യവസ്ഥ ബാധകമാവുക. ചെലവാക്കല്‍ ഡിജിറ്റല്‍ മോഡ് വഴി മാത്രമേ ചെയ്യാവൂ. നാലുവര്‍ഷം ഒരുബ്ലോക്കായി കണക്കാക്കി ഒറ്റത്തവണയാണ് എല്‍ ടി സിഅനുവദിക്കുക. പേ സ്‌കെയിലിനനുസരിച്ചാകും വിമാന, ട്രെയിന്‍ യാത്രാ നിരക്കുകള്‍ അനുവദിക്കുക. 10 ദിവസത്തെ ശമ്പളവും ഡി എയുമാകും നല്‍കുക. ടിക്കറ്റ് തുകയുടെ മൂന്നിരട്ടി വരെയാകും ലീവ് എന്‍കാഷ്മെന്റായി നല്‍കുക. ഈ തുകക്ക് പൂര്‍ണമായും നികുതിയിളവ് ലഭിക്കും. സാധനങ്ങള്‍ വാങ്ങുന്നതിനും തുക വിനിയോഗിക്കാം.സ്പെഷ്യൽ ഉത്സവ ബത്ത സ്കീമിന് കീഴിൽ 10,000 രൂപ പലിശ രഹിത അഡ്വാന്‍സായി ജീവനക്കാര്‍ക്ക് നല്‍കും. ഇത് 10 തവണകളായി തിരികെ നല്‍കിയാല്‍ മതി. പ്രീപെയ്ഡ് റുപേ കാര്‍ഡിന്റെ രൂപത്തിലാണ് പണം നല്‍കുക.

മൂലധനച്ചെലവിനായി പലിശ രഹിതമായി സംസ്ഥാനങ്ങൾക്ക് 12,000 കോടി രൂപയുടെ 50 വർഷത്തെ വായ്പ വാഗ്ദാനവും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഇതില്‍ 200 കോടി രൂപ വീതം എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് 450 കോടി രൂപ വീതവും അനുവദിക്കും. ബാക്കി തുകയായ 7,500 കോടി രൂപ മറ്റ് സംസ്ഥാനങ്ങള്‍ക്കും നല്‍കും. റോഡുകൾ, പ്രതിരോധ മേഖല, ജലവിതരണം, നഗരവികസനം എന്നിവയ്ക്കായി ബജറ്റിൽ നീക്കിവെച്ച 4.13 ലക്ഷം കോടിക്ക് പുറമേ 25,000 കോടി രൂപ കൂടി സർക്കാർ അധികമായി നൽകും.