ബസ് അപകടം : പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

3748

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ വെച്ച് കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു

20 ആംബുലന്‍സുകള്‍ അപകടം നടന്ന സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. പത്ത് കനിവ് 108 ആമ്പുലന്‍സുകളും പത്ത് മറ്റ് ആമ്പുലന്‍സുകളുമാണ് അയച്ചത്. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ കെ ശൈലജ പറഞ്ഞു. പരിക്കേറ്റവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

അതേ സമയം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. അപകടത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് . അതിൽ ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അവിനാശിയിലെ ആശുപത്രിയിലും കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത് .

അപകടത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കെഎസ്ആര്‍ടിസി എംഡി ഉള്‍പ്പെട്ട ഉന്നതതല സംഘം തിരുപ്പൂരിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസി എംഡി സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും.