ബഹ്‌റൈൻ പ്രതിഭ പി ടി തോമസിന് യാത്രയയപ്പ് നൽകി

2463

മനാമ: ബഹ്‌റൈൻ പ്രതിഭയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ സ്ഥാപക നേതാവും, പ്രതിഭ മുൻ പ്രസിഡന്റും, ബഹ്‌റൈൻ കേരളീയ സമാജം മുൻ ജനറൽ സെക്രട്ടറിയും ആയ പി ടി തോമസിന് ബഹ്‌റൈൻ പ്രതിഭ സമുചിത യാത്രയയപ്പ് നൽകി. ഓൺ ലൈൻ പ്ലാറ്റ് ഫോമിൽ നൽകിയ യാത്രയയപ്പിൽ ബഹ്‌റൈനിലെ  സാമൂഹ്യ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ പങ്കെടുക്കുകയും ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു . ബഹ്‌റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് പ്രതിഭയുടെ മൊമെന്റോ സമർപ്പിച്ചു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കെ ടി സലിം, റഫീഖ് അബ്ദുല്ല ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ തുടങ്ങി ഒട്ടേറെ പ്രമുഖൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രതിഭയിൽ കോവിഡു  മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ പ്രതിഭ പ്രസിഡന്റ് കെ എം സതീഷ് അധ്യക്ഷത  വഹിച്ചു. ജനറൽ സെക്രട്ടറി ലിവിൻ  കുമാർ സ്വാഗതം പറഞ്ഞു. പി ശ്രീജിത്ത് യോഗം ഉദ്‌ഘാടനം ചെയ്തു. നാലു പതിറ്റാണ്ടു മുൻപ്  ബഹറിനിൽ എത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ പി ടി തോമസ് ബി ഡി എഫിന് കീഴിലെ റോയൽ ബഹ്‌റൈൻ എൻഫോഴ്‌സ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ടിൽ ഇംഗ്ലീഷ് അധ്യാപകൻ ആയി സേവനം അനുഷ്ഠിക്കുക ആയിരുന്നു.

ബഹ്‌റൈനിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകൻ ആയ പി ടി തോമസ് വിവിധ രംഗങ്ങളിൽ വ്യക്തി മുദ്രപതിപ്പിച്ചിട്ടുണ്ട്. ടോസ്റ്റ്  മാസ്റ്റേഴ്സ് ക്ലബ് അംഗം ആയ അദ്ദേഹം നല്ല ഒരു പ്രാസംഗികനും, എഴുത്തുകാരനായും, നാടക നടനും, ഗാനരചയിതാവും, സംഗീത സംവിധായകനും, അറിയപ്പെടുന്ന ഒരു പുല്ലാംകുഴൽ വിദഗ്‌നനും ആണ്. കഥാപ്രസംഗ രംഗത്തും കഴിവ് തെളിയിച്ച അദ്ദേഹം രണ്ടു പ്രാവശ്യം ബഹ്‌റൈൻ കേരളീയ സമാജം കലാ  പ്രതിഭയായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ മോളി തോമസും അദ്ദേഹത്തോടൊപ്പം ബഹ്‌റൈൻ പ്രവാസി ആണ്. ബഹ്‌റൈൻ പ്രതിഭ വനിതാ വേദിയിലെ തുടക്കം മുതൽ ഉള്ള നിറ  സാന്നിധ്യം ആയ മോളി തോമസ് അദ്ദേഹത്തോടൊപ്പം പൊതു പ്രവർത്തന രംഗത്തും സജീവം ആയിരുന്നു. പരന്ന വായന ശീലമാക്കിയ ശ്രീ പി ടി തോമസിന് അമൂല്യമായ പുസ്തകങ്ങളുടെ ഒരു വൻ ശേഖരം തന്നെ ഉണ്ട്.