ബഹ്റൈൻ പ്രതിഭ പി.കൃഷ്ണപിള്ള അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചു.

340

മനാമ: കേരളത്തിന്റെ എക്കാലത്തെയും മികച്ച സംഘാടകനും മനുഷ്യസ്നേഹിയും പ്രക്ഷോഭകാരിയുമായ സഖാവ് കൃഷ്ണപിള്ളയുടെ അനുസ്മരണം ബഹ്‌റൈൻ പ്രതിഭ വളരെ വിപുലമായ രീതിയിൽ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിച്ചു

സഖാക്കളുടെ സഖാക്കളായ പി.കൃഷ്ണപിള്ള അത്യുത്തമനായ സംഘാടകനും, പ്രക്ഷോഭകാരിയും മനുഷ്യ വിമോചന പ്രവർത്തകനുമായിരുന്നു ഇപ്പോൾ കേരളത്തിൽ നില നിൽക്കുന്ന വികസന പ്രവർത്തനങ്ങൾക്കും, സാമൂഹിക സാംസ്കാരിക പരിഷ്ക്കാരത്തിനും നേതൃത്വം നൽകാൻ കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടി കെട്ടിപടുത്ത് കൊണ്ട് മുമ്പേ നടന്ന ഇതിഹാസമായിരുന്നു പി.കൃഷ്ണപിള്ള എന്ന് ബഹ്റിൻ പ്രതിഭ ഈസ്റ്റ് – വെസ്റ്റ്, അഹമ്മദ് ടൗൺ യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച യോഗത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി കൊണ്ട് ബിനു സൽമാബാദ് ചൂണ്ടി കാണിച്ചു.

റിഫ പ്രതിഭ ഓഫീസിൽ വെച്ചു നടന്ന അനുസ്മരണ യോഗത്തിൽ ഈസ്റ്റ്യൂ, റിഫ യൂണിറ്റ് സെക്രട്ടറിയും സെൻട്രൽ കമ്മിറ്റി അംഗവുമായ പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. ഈസ്റ്റ് റിഫ പ്രസിഡണ്ട് രാജീവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രതിഭ ജനറൽ സെക്രട്ടറി ഷെറീഫ് കോഴിക്കോട് ആനുകാലിക രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചു. നുണകളും മിത്തുകളും സത്യങ്ങളെന്ന രീതിയിൽ പ്രചരപ്പിക്കുന്ന സത്യാനന്തര രാഷ്ടീയ കാലത്തിലൂടെയാണ് ഇന്ത്യൻ ജനത കടന്ന് പോകുന്നത്. ഭരണഘടനയെ വിലമതിക്കാത്തവർ ഭരണഘടനയെ തൊട്ട് വണങ്ങി ഭരണഘടന വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്ന കാഴ്ചയാണ് കാശ്മീർ എന്നും, അവിടുത്തെ തീപൊരി നേതാവും സി.പി.എം എം.എൽ.എയുമായ യൂസഫ് തരിഗാമിയ മരുന്നുകൾ നൽകാതെ എവിടെയോ തടവ് ചെയ്തിരിക്കുന്നു എന്നും, ഒരൊറ്റ ഭരണഘടന ഒരൊറ്റ തെരഞ്ഞെടുപ്പ് എന്ന പ്രഖ്യാപിത നയത്താൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഫെഡറലിസത്തിന്റെ തലക്കൽ കത്തിവെച്ചിരിക്കയാണ് എന്നതിന്റെ തെളിവാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു

പ്രതിഭ ഗുദൈബിയ യുണിറ്റ് പി.കൃഷ്ണപിള്ള അനുസ്മരണം പ്രതിഭ ഓഫീസിൽ വെച്ചു നടത്തി. പ്രസിഡണ്ട് രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ജോയ് വെട്ടിയാടൻ സ്വാഗതവും, പ്രതിഭ സെൻട്രൽ കമ്മിറ്റി ജോ: സെക്രട്ടറി ലിവിൻ കുമാർ പി.കൃഷ്ണപിള്ള അനുസ്മരണം പ്രഭാഷണവും നടത്തി.
മനുഷ്യനെ പുഴുക്കൾക്ക് തുല്യം കരുതിയിരുന്ന അവസ്ഥയിൽ നിന്ന് സ്വന്തം കാലിൽ നിൽക്കാൻ ശക്തി നൽകിയ സാഹചര്യങ്ങളിലേക്ക് സമൂഹത്തെ മാറ്റുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച, നേതാക്കളിൽ നേതാവായിരുന്നു കൃഷ്ണപിള്ളയെന്ന് അനുസ്മരണ പ്രഭാഷണത്തിൽ ലിവിൻ കുമാർ ചൂണ്ടികാട്ടി.

സമകാലീന രാഷ്ട്രീയം വിഷയങ്ങളെ കുറിച്ച് സംസാരിച്ച പ്രതിഭ മുതിർന്ന നേതാവ് സി.വി. നാരായണൻ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി മത നിരപേക്ഷതയിലാണെന്ന് ചൂണ്ടി കാട്ടി. രാജ്യത്തിന്റെ ഭരണഘടന പോലും തിരുത്തിയെഴുതാൻ മടിക്കാത്ത ഒരു ഭരണ സംവിധാനത്തിന്റെ ആശങ്കയിലാണ് രാജ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഭ വൈ. പ്രസിഡണ്ട് പി. ശ്രീജിത്ത് യോഗത്തിനെ അഭിസംബോധന ചെയ്‌തു സംസാരിച്ചു .

മുഹറഖ് മേഖലയിൽ വെച്ച് നടന്ന മുഹറഖ് – ഹിദ്ദ് സംയുക്ത അനുസ്മരണ യോഗത്തിൽ മുഹറഖ് പ്രതിഭ സെക്രട്ടറി എൻ.കെ.അശോകൻ സ്വാഗതം പറഞ്ഞു, ഹിദ്ദ് പ്രസിഡണ്ട് കെ. കൃഷണൻകുട്ടി അദ്ധ്യക്ഷനായിരുന്നു.

രണ്ട് ലോക മഹായുദ്ധകാലത്ത് ജീവിച്ച നാല്പത്തി രണ്ട് വർഷം മാത്രം ജീവിച്ച ഇതിഹാസമായിരുന്നു കൃഷ്ണപ്പിള്ള എന്ന് അനുസ്മരണം പ്രഭാഷണം നടത്തിയ പ്രതിഭ ജനറൽ സെക്രട്ടറി ഷെറീഫ് കോഴിക്കോട് ചൂണ്ടി കാണിച്ചു. രാഷ്ട്രീയം സമ്പന്നരുടെ മാത്രം കളി തൊട്ടിലായ കാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം നടന്ന് കർഷകരെയും തൊഴിലാളികളെയും കേരള രാഷ്ടീയം കൈകാര്യം ചെയ്യാൻ പഠിപ്പിച്ച സഖാക്കളുടെ സഖാവായിരുന്നു പി.കൃഷ്ണപിള്ള.

ഇന്ത്യയിൽ ഇടത് പക്ഷ രാഷ്ടീയത്തിന്റെ കരുത്ത് വർദ്ധിപ്പിക്കാൻ സദസ്സിനോട് പ്രവാസി കമ്മീഷൻ അംഗവും പ്രതിഭ ഹെൽപ്പ് ലൈൻ അദ്ധ്യക്ഷനുമായ സുബൈർ കണ്ണൂർ ആഹ്വാനം ചെയ്തു. നിലവിലെ ബി.ജെ.പി സർക്കാർ 70 ദിവസത്തിനുള്ളിൽ 450 ബില്ലുകൾ ആണ് ഒരു ചർച്ചയും കൂടാതെ ഭൂരിപക്ഷത്തിന്റെ തിണ്ണമിടുക്ക് കാട്ടി പപ്പടം എണ്ണി ചുട്ടെടുക്കും പോലെ പാസാക്കിയെടുത്തിരിക്കുന്നത്, ഇത് സൂചിപ്പിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി വെല്ലുവിളിക്കപ്പെടുകയാണെന്നാണ്. നാടിന്റെ മതേതരത്വം കാത്ത് സൂക്ഷിക്കാൻ മനുഷ്യർ ഒന്നായ് നിൽക്കേണ്ടതുണ്ടെന്ന് സുബൈർ കണ്ണൂർ ചുണ്ടിക്കാട്ടി. പ്രതിഭ പ്രസിഡണ്ട് കെ.എം.മഹേഷ്, ഹിദ് യുണിറ്റ് സെക്രട്ടറി ജോൺ പരുമല ,മുഹറഖ് പ്രസിഡണ്ട് മനോജ് മാഹി എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

മനാമ, സെൻട്രൽ മാർക്കറ്റ് യൂണിറ്റുകൾ സംയുക്തമായി പ്രതിഭ സംഘടിപ്പിച്ച യോഗത്തിൽ, ‘സഖാവ്’ എന്ന അഭിസംബോധന കൊണ്ട് മാത്രം മനസ്സിലാകുമാറ് സഖാക്കളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടുംവിധത്തിൽ, കേരളത്തിന്റെ സകല ഗ്രാമങ്ങളിലും സമത്വത്തിന് വേണ്ടിയും അടിച്ചമർത്തപ്പെട്ടവരുടെ മോചനത്തിനായും, അവകാശപ്പോരാട്ടങ്ങളും പ്രതിരോധങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച നേതാവായിരുന്നു സഖാവ് കൃഷ്ണപ്പിള്ളയെന്ന്, അനുസ്മരണ പ്രഭാഷണം നടത്തിയ പ്രതിഭ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായ സ: പ്രദീപ് പതേരി പറഞ്ഞു. അടിസ്ഥാന വർഗ്ഗമായ തൊഴിലാളികളുടെ പങ്കാളിത്തമില്ലാതെയുള്ള ഒരു സാമൂഹ്യ രാഷ്ട്രീയ മുന്നേറ്റവും, ആ സമൂഹത്തിന്റെ ശരിയായ ചോതന പ്രതിഫലിക്കില്ലെന്ന് കൃഷ്ണപ്പിള്ള മനസ്സിലാക്കിയതിനാലാണ്, അവരെ അവകാശ ബോധമുള്ളവരാക്കി തൊഴിലാളി പ്രസ്ഥാനത്തിൽ അണിനിരത്തി ശക്തരാക്കിയതെന്നും, ഇന്ന് കാണുന്ന കേരളസമൂഹത്തിന്റെ പരിണാമത്തിൽ അടിത്തറയായി വർത്തിച്ചത് ആ സംഘബോധമാണെന്നും പ്രദീപ് കൂട്ടിച്ചേർത്തു.

‘ജയ് ശ്രീറാം’ എന്ന് വിളിക്കാത്തവരെ അടിച്ചുകൊല്ലുകയും രാജ്യത്തിലെ മതാചാരം ഉൾപ്പെടെയുള്ള വൈവിധ്യങ്ങൾക്കുനേരെ അസഹിഷ്ണുതയും, തങ്ങൾക്കു അനുകൂലമല്ലാത്തവർക്കെതിരെ വൈരാഗ്യവും നട്ടുവളർത്തുന്ന ഫാസിസ്റ് മതതീവ്രവാദികളുടെ വിഹാരരംഗമായി നാട് മാറ്റിയെടുക്കുകയാണ് മോഡിഭരണത്തിൻറെ മുഖ്യ അജണ്ട എന്നും, തുടർന്ന് സംസാരിച്ച മുതിർന്ന നേതാവ് സ: എ.വി.അശോകൻ പറഞ്ഞു. കൃഷ്ണപിള്ളയുടെ മാതൃകാപരമായ ഓർമ്മകളിൽനിന്നും ഊർജ്ജമുൾക്കൊണ്ട്, നാടിന്റെ നാനാത്വവും മതേതരത്വവും കാത്തുസൂക്ഷിക്കാൻ പുതുതലമുറയ്ക്ക് കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സ: മഹേഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ മുതിർന്ന നേതാവ് സഖാവ് എ. എ. സലിം അധ്യക്ഷ്യം വഹിച്ചു. കേന്ദ്ര കമ്മറ്റി അംഗം സ: പപ്പൻ പട്ടുവം പരിപാടിക്ക് നേതൃത്വം നൽകി.

സിത്ര- സഹല-സൽമബാദ് – ഉ മുൽ ഹസം പ്രതിഭ യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച കൃഷ്ണപിള്ള അനുസ്മരണ പ്രഭാഷണം പ്രതിഭ വനിത വേദി സെക്രട്ടറി ബിന്ദുറാം നിർവ്വഹിച്ചു. ജീവിതം തന്നെ സമര പോരാട്ടമാക്കിയ കേരളത്തിലെ പോരാളികളുടെ പോരാളിയായിരുന്നു കൃഷ്ണപിള്ള. അദ്ദേഹം തന്റെ ഭാവി വധുവായ് കണ്ട തങ്കമ്മയോട് പോലും പറഞ്ഞത് എന്റെ കൂടെയുള്ള ജീവിതം ആശങ്കകളും, ബുദ്ധിമുട്ടുകൾ നിറഞ്ഞതുമാവാം, എന്റെ ലക്ഷ്യത്തോട് ഒപ്പം നിൽക്കുന്നവർക്ക് മാത്രമേ ഒന്നിച്ച് മുന്നോട്ടു പോകുവാൻ കഴിയു, എന്റെ ഒന്നാം ഭാര്യ പാർട്ടിയായിരിക്കും. കേവലം നാല്പത്തി രണ്ട് വർഷം മാത്രം ജീവിച്ച ഒരാൾ ജീവിതം മുഴുവൻ ഇന്ത്യൻ സ്വാതന്ത്യ സമരത്തിനും, തുടർന്ന് തൊഴിലാളി വർഗ്ഗ കമ്മുണിസ്റ്റ് രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിനും വേണ്ടി അക്ഷരാർത്ഥത്തിൽ ഊണുറക്കമില്ലാതെ ഓടി നടക്കുകയായിരുന്നു എന്ന് ബിന്ദു റാം ചൂണ്ടി കാണിച്ചു.

സമകാലീന രാഷ്ട്രീയം വിഷയങ്ങളെ കുറിച്ച് പ്രഭാഷണം നടത്തിയ പ്രതിഭ വൈസ് പ്രസിഡണ്ട് ശ്രീജിത്, ഇന്ത്യൻ ഇടതുപക്ഷത്തെ ചരിത്രത്തിൽ ഇല്ലാത്ത വിധം ഇല്ലാതാക്കാനുള്ള കഠിന ശ്രമത്തിലാണ് വലതു പക്ഷ പിന്തിരിപ്പൻ വർഗീയ കൂട്ടു കെട്ടുകൾ.ഇടത് പക്ഷ ചിന്താഗതിക്കാരുടെ ഒരു നേരത്തെ ജാഗ്രതക്കുറവ് അതിന് ആക്കം കൂട്ടുമെന്നും നിരവധി ഉദാഹരണങ്ങൾ കൊണ്ട് ചൂണ്ടിക്കാണിച്ചു, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയപരാജയങ്ങൾ സംഭവിക്കാറുണ്ട്. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യ മുഴുവൻ കോൺഗ്രസിനെ വേണ്ടാന്ന് വെച്ചപ്പോൾ കേരളം ഇരുപത് സീറ്റും നൽകി അടിയന്തരാവസ്ഥക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. അന്ന് പൂജ്യം സീറ്റുമായി നിന്ന അതേ പാർട്ടി പത്തും, പതിനെട്ടും സീറ്റുകൾ നേടി വിജയിച്ചു വന്നത് പിന്നീടുള്ള ചരിത്രമാണ്. അത് പോലെ പതിനേഴാം ലോകസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയ പാഠങ്ങൾ ഉൾകൊണ്ട് ഈ പാർട്ടി തിരിച്ചു വരികെ തന്നെ ചെയ്യും. അനുസ്മരണ യോഗത്തിൽ ഉമുൽ ഹസം യുണിറ്റ് പ്രസിഡണ്ട് സുരേഷ് കുമാർ അദ്ധ്യക്ഷനായിരുന്നു.സൽമാബാദ് യൂണിറ്റ് പ്രസിഡണ്ട് രാജേഷ് ആറ്റഡപ്പ സ്വാഗതം പറഞ്ഞു, പ്രതിഭ ജനറൽ സെക്രടറി ഷെറീഫ് കോഴിക്കോട് സദസ്സിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.യോഗത്തിന് കെ.കെ. മോഹനൻ, ബിനു സൽമാബാദ്,മിജോഷ് മൊറാഴ, പ്രജിൽ മണിയൂർ, ലിജേഷ് പുതുക്കുടി എന്നിവർ നേതൃത്വം നൽകി.