ജനാധിപത്യം ശക്തിപ്പെടണമെങ്കില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഉറപ്പുവരുത്തണം: ബഹ്‌റൈന്‍ പ്രതിഭ മാധ്യമ സംവാദം

3531

മനാമ: ബഹ്‌റൈന്‍ പ്രതിഭ ‘മാധ്യമ വിചാരം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംവാദം സംഘടിപ്പിച്ചു. ജനാധിപത്യം ശക്തിപ്പെടണമെങ്കില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഉറപ്പുവരുത്തണമെന്ന് സംവാദം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ കരുത്തുറ്റതാക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിസ്തുലമായ പങ്ക് വഹിക്കാനുണ്ട് . ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. ജനങ്ങളുടെ അറിയാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടത് മാധ്യമങ്ങളിലൂടെയാണ്.

പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്ത സംവാദം ജനാധിപത്യ പ്രക്രിയയില്‍ മാധ്യമങ്ങളുടെ പങ്ക്, ഫാസിസ്റ്റ് കാലത്തെ മാധ്യമങ്ങള്‍, പോസ്റ്റ് ട്രൂത്ത്, മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍, നവ മാധ്യമങ്ങളുടെ ഇടപെടല്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

വാർത്തകളുടെ യാഥാർത്ഥ്യങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വാർത്താ മാധ്യമങ്ങൾ വീഴ്ച വരുത്തുന്നുണ്ട്. ആ വീഴ്ചകളെ അതിജീവിക്കാൻ സാമൂഹിക മാധ്യമങ്ങൾക്ക് കഴിയുന്നു. എന്നാൽ സാമുഹിക മാധ്യമങ്ങളിലും പലപ്പോഴും അസത്യങ്ങൾ പ്രചരിക്കുന്നുണ്ട് എന്നതും മറ്റൊരു വെല്ലു വിളിയാണ്. അഴിമതിയുള്‍പ്പെടെ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്ന പലതും ജനങ്ങള്‍ക്കുമുന്‍പില്‍ എത്തിച്ച് ചര്‍ച്ചയാക്കുന്നത് മാധ്യമങ്ങളാണ്.

തീവ്രവലതു പക്ഷം അധികാരത്തിലേറിയ രാജ്യങ്ങളിലൊക്കെ മാധ്യമങ്ങളെ വിലക്ക് വാങ്ങി തങ്ങളുടെ ചൊല്‍പിടിക്ക് നിര്‍ത്താനാണ് അധികാരികള്‍ ശ്രമിക്കുന്നത്. ജനാധിപത്യം ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമെ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനാകൂ. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നിലച്ചാല്‍ ഏകാധിപത്യവും സ്വേച്ഛാധിപത്യവുമാണ് അവശേഷിക്കുകയെന്നും, സ്വതന്ത്ര ജുഡീഷറിയും മാധ്യമ പ്രവര്‍ത്തനവും ഇന്ത്യയില്‍ ഭീഷണി നേരിടുന്നു എന്നത് ആശങ്കാജനകമാണെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു .

ജനങ്ങളുടെ ബോധത്തെ അട്ടിമറിക്കുന്ന കള്ളങ്ങള്‍ നിരത്താന്‍ മാധ്യമങ്ങള്‍ കൂട്ടു നില്‍ക്കുകയാണെന്നും ചരിത്രത്തെ വളച്ചൊടിക്കുമ്പോള്‍ പത്രങ്ങള്‍ പാലിക്കുന്ന മൗനം അപകടകരമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആശങ്കപ്പെട്ടു. പത്രപ്രവര്‍ത്തനത്തിൽ പ്രതിബദ്ധത വസ്തുതകളോടാണ് വേണ്ടത്. എന്നാല്‍ അതല്ല ഉണ്ടാകുന്നത്. ആര്?, എന്ത്? എപ്പോള്‍? എവിടെ?, എന്തുകൊണ്ട്? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തലാണ് പത്രപ്രവര്‍ത്തനം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മലയാള മാധ്യമങ്ങള്‍ തമസ്‌കരിക്കുകയാണെന്നും വാര്‍ത്തകളില്‍ പക്ഷം പിടിക്കുകയാണെന്നും പരാതി ഉയര്‍ന്നു. മാധ്യമങ്ങളുടെ പക്ഷം എന്നത് നീതിയുടെ പക്ഷമാണെന്നും നീതി നിഷേധിക്കുന്നവര്‍ക്ക് നീതി ലഭ്യമാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നും അഭിപ്രായം ഉയര്‍ന്നു.

മാധ്യമ പ്രവർത്തകരായ നൗഷാദ്, ഷെമീർ, പ്രദീപ് പുറവങ്കര, അനസ്, ലോക കേരള സഭാ അംഗം സിവി നാരായണന്‍, പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, പ്രദീപ് പതേരി, അനിൽ കണ്ണപുരം, അനഘ രാജീവൻ, ബിന്ദു റാം, സജീവൻ, സതീശൻ റിഫ, സലീം തളിക്കുളം തുടങ്ങി നിരവധി പേർ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതിഭ പ്രസിഡന്റ് കെഎം മഹേഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.ശ്രീജിത്ത് ജനറല്‍ സെക്രട്ടറി ഷെരീഫ് കോഴിക്കോട് എന്നിവർ ആമുഖം നൽകി. സാംസ്ക്കാരിക വേദി കൺവീനർ എ.വി.അശോകൻ സ്വാഗതം പറഞ്ഞു.