ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം ഒക്ടോബർ ഒമ്പതിന്

4815

ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരളസംസ്ഥാന സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷൻ , ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യവുമായി ആരംഭിച്ച മലയാളം പാഠശാല സംരംഭത്തിൽ ബഹ്‌റൈൻ പ്രതിഭയും പങ്കാളിയാകുന്നു .

പ്രവാസികളായ കുട്ടികൾക്ക് തങ്ങളുടെ മാതൃഭാഷയായ മലയാളം പഠിക്കാനും കേരളീയ പാരമ്പര്യങ്ങൾ അടുത്തറിയാനും വേണ്ടിയാണ് ലോകമെമ്പാടും പാഠശാലകൾ മലയാളം മിഷൻ സംഘടിപ്പിക്കുന്നത് .

നിലവിൽ നാല് കോഴ്‌സുകളാണ് മലയാളം മിഷൻ നടത്തുന്നത്. മലയാളം മിഷന്റെ പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. 6 വയസ്സ് പൂർത്തിയായ ആർക്കും 2 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിനു ചേരാം. തുടർന്ന് ഡിപ്ലോമ (സൂര്യകാന്തി) – 2 വർഷം, ഹയർ ഡിപ്ലോമ (ആമ്പൽ) – 3 വർഷം , സീനിയർ ഹയർ ഡിപ്ലോമ ( നീലക്കുറിഞ്ഞി) -3 വർഷം എന്നീ കോഴ്‌സുകൾ ക്രമാനുക്രമം ചെയ്യാവുന്നതാണ്. ഈ കോഴ്‌സുകൾ പൂർത്തീകരിക്കുമ്പോൾ പത്താംക്ലാസിന്‌ തത്തുല്യമായ നിലവാരത്തിലേക്ക് വിദ്യാർത്ഥികൾക്ക് എത്തിച്ചേരുവാൻ സാധിക്കും. എല്ലാ കോഴ്‌സുകളും സൗജന്യമായാണ് ബഹ്‌റൈൻ പ്രതിഭ നടത്തുന്നത്.

പ്രസ്തുത പാഠ്യപദ്ധതി അനുസരിച്ചുള്ള പഠന സൗകര്യമാണ് ബഹ്‌റൈൻ പ്രതിഭ ആരംഭിക്കുന്നത് .പ്രതിഭ മലയാളം പാഠശാലയുടെ ഉത്ഘാടനം (പ്രവേശനോത്സവം) ഒക്ടോബർ 9 ബുധനാഴ്ച വൈകിട്ട് 7 മണിക്ക്, ഈസ്റ്റ് റിഫ സെൻട്രൽ മാർക്കറ്റിനു എതിർവശമുള്ള പ്രതിഭാ ഹാളിൽ (റിഫ തറവാട് ) വെച്ച് നടക്കും.

ബഹ്‌റൈനിൽ ആദ്യമായി പ്രവാസികളുടെ മക്കൾക്ക് സൗജന്യമായി മലയാളം പഠിക്കാനുള്ള അവസരം ഒരുക്കി ബഹ്‌റൈൻ പ്രതിഭ തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത വീണ്ടും തെളിയിച്ചിരിക്കുന്നു.

പാഠശാലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 39283875, 3237 8497, 38350214 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്